കൊൽക്കത്തയ്ക്ക് മുന്നിൽ റൺമല തീർത്ത് ഗുജറാത്ത്; വിജയലക്ഷ്യം 204 റൺസ്

വേട്ട അവസാനിച്ചെന്ന് ഇരയെ തോന്നിപ്പിച്ച നിമിഷത്തിൽ നിന്നും വിജയ് ശങ്കറെന്ന വേട്ടക്കാരൻ വീണ്ടും അടി തുടങ്ങി.

Update: 2023-04-09 12:33 GMT
Advertising

അഹമ്മദാബാദ്: കൊൽക്കത്തയ്ക്ക് മുന്നിൽ റൺമല തീർത്ത് ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. വിജയ് ശങ്കറുടേയും സായ് സുദർശന്റേയും ഫിഫ്റ്റി മികവിൽ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓപണറായി ഇറങ്ങിയ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. 17 പന്തിൽ 17 റണ്ണെടുത്ത സാഹ സുനിൽ നരൈന്റെ പന്തിൽ നാരായൺ ജഗദീഷൻ പിടിച്ച് പുറത്താവുകയായിരുന്നു. സ്‌കോർ 33ൽ നിൽക്കുമ്പോഴായിരുന്നു ആദ്യ വിക്കറ്റ്.

തുടർന്ന് സഹ ഓപണറായ ശുഭ്മാൻ ഗില്ലും മൂന്നാമനായെത്തിയ സായ് സുദർശനും ചേർന്ന് റൺ വേഗം കൂട്ടി. ടീം സ്‌കോർ സെഞ്ച്വറിയെത്തിയതോടെ ഗിൽ വീണു. 31 ബോളുകളിൽ 39 എടുത്തുനിൽക്കെ സുനിൽ നരൈന്റെ തന്നെ പന്തിൽ ഉമേഷ് യാദവിന്റെ കൈകളിലാണ് ഗില്ലിന്റെ വേട്ട അവസാനിച്ചത്. ഇതിനിടെ അഞ്ച് ബൗണ്ടറികൾ ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നു.

പിന്നാലെയെത്തിയ അഭിനവ് മനോഹറിന് ക്രീസിൽ അധിക ആയുസുണ്ടായിരുന്നില്ല. എട്ട് പന്തിൽ 14 റൺസെടുത്ത് നിൽക്കെ അഭിനവ് സുയാഷ് ശർമയുടെ പന്തിൽ ബൗൾഡ്. എന്നാൽ പിന്നീടായിരുന്നു ഗ്രൗണ്ടിൽ തീപാറിയത്. വിജയ് ശങ്കറുടെ ബാറ്റിൽ നിന്നും സിക്‌സറുകളും ബൗണ്ടറികളും ഒന്നിനു പിറകെ ഒന്നാകെ പായാൻ തുടങ്ങി. സ്‌കോർബോർഡിൽ അതിവേഗം റണ്ണുകൾ കൂമ്പാരമായിത്തുടങ്ങി. ഇതിനിടെ, ടീം അക്കൗണ്ടിൽ 153 റൺ ആയിരിക്കെ 17.3 ഓവറിൽ സുദർശൻ പുറത്തേക്ക്.

സുനിൽ നരൈന്റ പന്തിൽ ഇംപാക്ട് പ്ലയറായെത്തിയ അൻകുൽ റോയിയുടെ കൈകളിലാണ് സുദർശൻ കുടുങ്ങിയത്. എന്നാൽ വേട്ട അവസാനിച്ചെന്ന് ഇരയെ തോന്നിപ്പിച്ച നിമിഷത്തിൽ നിന്നും വിജയ് ശങ്കറെന്ന വേട്ടക്കാരൻ വീണ്ടും അടി തുടങ്ങി. റണ്ണുകൾ പാഞ്ഞുതുടങ്ങിയ മത്സരത്തിൽ ഒടുവിൽ ഓവറുകൾ അവസാനിക്കുമ്പോൾ 24 പന്തിൽ നിന്ന് പുറത്താവാതെ 63 റൺസായിരുന്നു വിജയ് ശങ്കറുടെ വിജയകമായ ബാറ്റിങ്ങിൽ നിന്നും പിറന്നത്. ഡേവിഡ് മില്ലർ മൂന്ന് പന്തിൽ രണ്ട് റണ്ണെടുത്ത് പുറത്താവാതെ രണ്ട് റണ്ണെടുത്തു.

നാലിൽ മൂന്ന് വിക്കറ്റുകൾ കൈക്കലാക്കി സുനിൽ നരൈനാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. സുയാഷ് ശർമയ്ക്കാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്. അസുഖബാധിതനായ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ റാഷിദ് ഖാന്റെ നായകത്വത്തിലാണ് മൂന്നാം വിജയം ലക്ഷ്യമിട്ട് ഗുജറാത്ത് ഇന്ന് കളിക്കിറങ്ങിയത്. നേരത്തെ, ചെന്നൈ സൂപ്പർ കിങ്‌സിനേയും ഡൽഹി ക്യാപിറ്റൽസിനെയുമാണ് ഗുജറാത്ത് തോൽപ്പിച്ചത്.

മറുവശത്ത്, രണ്ടാം വിജയം ലക്ഷ്യമിട്ടാണ് നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള കൊൽക്കത്ത ഇന്ന് ഇറങ്ങുന്നത്. മറുപടി ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയ്ക്ക് 28 റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 20 റണ്ണായപ്പോൾ തന്നെ ആദ്യ വിക്കറ്റും 28ൽ രണ്ടാം വിക്കറ്റും വീണു. ഓപണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുല്ല ഗുർബാസാണ് ആദ്യം പുറത്തായത്. 12 പന്തിൽ 15 റണ്ണെടുത്ത ഗുർബാസ് ഒരു സിക്‌സറും ബൗണ്ടറിയും പറത്തി. എട്ട് പന്തിൽ ആറ് റൺസെടുത്ത സഹ ഓപണർ നാരായൺ ജഗദീശനാണ് പിന്നീട് പുറത്തായത്.

കൊൽക്കത്ത ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ആർസിബിക്കെതിരെ വമ്പൻ ജയം നേടുകയും ചെയ്തിരുന്നു. മുൻനിര താരങ്ങളുടെ മോശം പ്രകടനമാണ് കൊൽക്കത്ത നേരിടുന്ന പ്രധാന പ്രശ്നം. വെങ്കടേഷ് അയ്യർ, മൻദീപ് സിങ്, നീതീഷ് റാണ എന്നിവർ രണ്ട് മത്സരങ്ങളിലും പൂർണ പരാജയമായിരുന്നു. എന്നാൽ ചാമ്പ്യന്മാർക്കെതിരെ ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും നിലവിൽ ആറാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് മുന്നിലില്ല.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News