കളി കഴിയും മുമ്പേ തോറ്റെന്നുറപ്പിച്ച് കൈകൊടുത്തു; ഹര്‍ദിക്കിന് ആരാധകരുടെ പൊങ്കാല

ജിതേഷ് ശര്‍മക്കും ഫീല്‍ഡിങ് കോച്ച് ദിലീപിനും കൈകൊടുക്കുന്ന പാണ്ഡ്യയുടെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു

Update: 2023-01-06 10:58 GMT
Advertising

പൂനേ: ശ്രീലങ്കക്കെതിരായ രണ്ടാം ടി 20 യില്‍ കളി തീരും മുമ്പേ ടീം തോറ്റെന്നുറപ്പിച്ച് സഹതാരങ്ങള്‍ക്ക് കൈകൊടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ആരാധകരുടെ രൂക്ഷവിമര്‍ശനം. അവസാന ഓവറില്‍ ഇന്ത്യ ജയിക്കാന്‍ ഇനി ഒരു സാധ്യതയുമില്ലെന്നിരിക്കെയാണ് ക്യാപ്റ്റന്‍ കളി തീരും മുമ്പേ സഹതാരങ്ങള്‍ക്ക് കൈകൊടുത്തത്.

ജിതേഷ് ശര്‍മക്കും ഫീല്‍ഡിങ് കോച്ച് ദിലീപിനും കൈകൊടുക്കുന്ന പാണ്ഡ്യയുടെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ജയമാണെങ്കിലും തോല്‍വിയാണെങ്കിലും സാധാരണ കളിക്ക് ശേഷമാണ് താരങ്ങള്‍ പരസ്പരം കൈ കൊടുക്കാറുള്ളത്. 


അവസാന ഓവര്‍ വരെ ആവേശം അലയടിച്ച രണ്ടാം ടി 20 മത്സരത്തില്‍‌ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക്  16 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ശ്രീലങ്ക ഉയര്‍ത്തിയ 206 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ച്വറികളുമായി അക്സര്‍ പട്ടേലും സൂര്യകുമാര്‍ യാദവും ഇന്ത്യക്കായി കളംനിറഞ്ഞു കളിച്ചെങ്കിലും ഇരുവര്‍ക്കും ടീമിനെ വിജയതീരമണക്കാന്‍ ആയില്ല.

ഒരു ഘട്ടത്തില്‍ 57 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യയും അക്സറും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനാണ് മികച്ച സ്കോറിലെത്തിച്ചത്. അക്സര്‍ വെറും 31 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ സൂര്യ 51 റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓരോ ജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.

 ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 206 റണ്‍സെടുത്തു. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ കുശാല്‍ മെന്‍ഡിസിന്‍റേയും ക്യാപ്റ്റന്‍ ദസൂന്‍ ശനകയുടേയും മികവിലാണ് ശ്രീലങ്ക കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന ശ്രീലങ്കയെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദസൂന്‍ ശനകയാണ് മികച്ച സ്കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇന്ത്യക്കായി ഉംറാന്‍ മാലിക് മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News