'ഒരു ഓവറിൽ ആറ് ഫോർ'; പാകിസ്താനെതിരായ ടെസ്റ്റിൽ ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് : വീഡിയോ

യുവനിരയെ അണിനിരത്തിയ ബെൻ സ്റ്റോക്സിന്റെ സംഘം ആദ്യദിനം വെറും നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 506 റൺസാണ്

Update: 2022-12-01 13:12 GMT
Editor : Dibin Gopan | By : Web Desk
Advertising

റാവൽപിണ്ടി: പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ റെക്കോർഡ് മല കെട്ടിപ്പൊക്കി ഇംഗ്ലണ്ട്. യുവനിരയെ അണിനിരത്തിയ ബെൻ സ്റ്റോക്സിന്റെ സംഘം ആദ്യദിനം വെറും നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 506 റൺസാണ്. അതിൽ നാല് സെഞ്ച്വറിയും. റെക്കോർഡ് റൺസിനൊപ്പം ഇപ്പോൾ ചർച്ചയാകുന്നത് ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് പ്രകടനമാണ്. പാകിസ്താൻ സ്പിന്നർ ഷക്കീലിന്റെ ഒരു ഓവറിൽ താരം അടിച്ചത് 6 ഫോറുകളാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് ഫോറുകൾ നേടുന്ന അഞ്ചാമത്തെ താരമാണ് ബ്രൂക്ക്. സന്ദീപ് പാട്ടിൽ, ക്രിസ് ഗെയിൽ, രാംനരേഷ് സർവൻ, സനന്ത് ജയസൂര്യ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.

അതേസമയം, ഇതാദ്യമായാണ് ഒരു ടീം ടെസ്റ്റിന്റെ ആദ്യദിനം 500 റൺസ് കടക്കുന്നത്. 112 വർഷം പഴക്കമുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യദിന ടോട്ടൽ റെക്കോർഡ് മറികടന്നാണ് സന്ദർശകർ 500 പിന്നിട്ടത്. 1910ൽ സിഡ്നിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആസ്ട്രേലിയ നേടിയ 494 റൺസായിരുന്നു ഇതുവരെ ഏറ്റവും വലിയ സ്‌കോർ. ഇതാദ്യമായാണ് ടെസ്റ്റിൽ ആദ്യദിനം നാല് സെഞ്ച്വറി പിറക്കുന്നതും. മത്സരത്തിൽ പാക് ബൗളർ സൗദ് ഷക്കീലിനെ ഒരു ഓവറിൽ ആറ് ബൗണ്ടറി പറത്തി ഹാരി ബ്രൂക്കും റെക്കോർഡിട്ടു.

ബ്രെൻഡൻ മക്കല്ലത്തിനു കീഴിൽ ഇംഗ്ലീഷ് ക്രിക്കറ്റ് സംഘം പുതുതായി കണ്ടെടുത്ത ബേസ്ബാൾ(ആക്രമണശൈലിയിലുള്ള ടെസ്റ്റ് ക്രിക്കറ്റ്) ക്രിക്കറ്റ് ശൈലിയായിരുന്നു റാവൽപിണ്ടിയിലും കണ്ടത്. ഓപണിങ് കൂട്ടുകെട്ടി സാക്ക് ക്രൗളിയും ബെൻ ഡക്കറ്റും ചേർന്ന് അടിച്ചുകളിച്ച് സ്‌കോർ വേഗം കൂട്ടി. ഓപണിങ് കൂട്ടുകെട്ടിൽ 233 റൺസ് കൂട്ടിച്ചേർത്താണ് ഇരുവരും വേർപിരിഞ്ഞത്. 110 പന്തിൽ 107 റൺസുമായി സാഹിദ് മഹ്മൂദിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഡക്കറ്റ് ആണ് ആദ്യം മടങ്ങിയത്. പിന്നാലെ 111 പന്തിൽ 122 റൺസുമായി ക്രൗളിയും പുറത്തായി.



സാഹിദ് മഹ്മൂദിന്റെ പന്തിൽ വീണ്ടും വിക്കറ്റിനു മുന്നിൽ കുരങ്ങി ജോ റൂട്ടും(23) വേഗത്തിൽ പുറത്തായെങ്കിലും ഒലി പോപ്പും ഹാരി ബ്രൂക്കും ഓപണർമാർ നിർത്തിവച്ചിടത്തുനിന്ന് പോരാട്ടം തുടരുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് ആക്രമണം തുടർന്നു. ഒടുവിൽ 104 പന്തിൽ 108 റൺസുമായി മുഹമ്മദ് അലിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പോപ്പും പുറത്തായി. സൗദ് ഷക്കീലിനെ ഒരോവറിൽ തുടരെ ആറ് ഫോറുകൾ പറത്തി അധികം വൈകാതെ ഹാരി ബ്രൂക്കും സെഞ്ച്വറി കടന്നു.

ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 506 എന്ന നിലയിലാണ്. 101 റൺസുമായി ഹാരി ബ്രൂക്കും 34 റൺസുമായി ബെൻ സ്റ്റോക്സുമാണ് ക്രീസിലുള്ളത്. പാക് ബൗളർമാരിൽ സാഹിദിന് രണ്ടും ഹാരിസ് റഊഫിനും മുഹമ്മദ് അലിക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News