ആ അപൂര്‍വ റെക്കോര്‍ഡ് ഇനി യുവരാജിന് മാത്രം സ്വന്തമല്ല; പട്ടികയിലിനി മാര്‍ഷും ഹെയ്സല്‍വുഡും

ഓസീസിന്‍റെ ടി20 ലോകകപ്പ് വിജയത്തോടെയാണ് ഇരുവരും യുവരാജിനൊപ്പം പട്ടികയില്‍ ഇടം പിടിച്ചത്

Update: 2021-11-15 14:20 GMT
Editor : Roshin | By : Web Desk

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന് മാത്രമുള്ള അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തി ആസ്ട്രേലിയന്‍ താരങ്ങളായ ജോഷ് ഹെയ്സല്‍വുഡും മിച്ചല്‍ മാര്‍ഷും. ഓസീസിന്‍റെ ടി20 ലോകകപ്പ് വിജയത്തോടെയാണ് ഇരുവരും യുവരാജിനൊപ്പം പട്ടികയില്‍ ഇടം പിടിച്ചത്.

അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ മൂന്ന് ലോക കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു താരമായിരുന്നു ഇതുവരെ യുവരാജ് സിങ്. എന്നാൽ ഞായറാഴ്ച നടന്ന ഫൈനലിൽ ഓസീസ് ന്യൂസിലൻഡിനെ കീഴടക്കിയതോടെ ഹെയ്‌സൽവുഡും മിച്ചെൽ മാർഷും യുവരാജിനൊപ്പം ആ എലൈറ്റ് പട്ടികയിലെത്തി.

Advertising
Advertising

2000ലെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ യുവരാജും അംഗമായിരുന്നു. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ സീനിയർ ടീമിലേക്കെത്തിയ യുവി അവിടെയും മികച്ച ഫോം തുടര്‍ന്നു. 2007ൽ എംഎസ് ധോനിക്കു കീഴിൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു യുവി. പിന്നാലെ, 2011ൽ ഇന്ത്യ ഏകദിന ലോകകപ്പിൽ മുത്തമിട്ടപ്പോൾ, പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും യുവരാജായിരുന്നു.

2010ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഓസീസ് ടീമിലും, 2015 ഏകദിന ലോകകപ്പ് നേടിയ ടീമിലും മിച്ചൽ മാർഷ് ജോഷ് ഹെയ്‌സൽവുഡ് എന്നിവരും അംഗങ്ങളായിരുന്നു. ഞായറാഴ്ച കിവീസിനെതിരായ ഫൈനലിൽ നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സൽവുഡ് പന്ത് കൊണ്ടും, 50 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ മിച്ചൽ മാർഷ് ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News