നിർഭാഗ്യങ്ങൾ, കണ്ണീർക്കഥകൾ, പരിഹാസങ്ങൾ; ഒടുവിൽ ദക്ഷിണാഫ്രിക്ക അത് നേടി
ഏറെ പരിഹസിക്കപ്പെട്ട ടെംബ ബാവുമ തന്നെ അതേറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടു എന്നതും എന്നും ലോകവേദികളിൽ അവരെ കരയിപ്പിച്ച ഓസീസ് തന്നെ എതിരാളികളായി എന്നതും ഒരു കാവ്യനീതിയുടെ ഒടുക്കമാണ്
ക്രിക്കറ്റ് ലോകമേ, നിങ്ങളിത് കൺനിറച്ച് കാണുക. ഐക്കോണിക്ക് വേദിയായ ലോഡ്സിനെ സാക്ഷിയാക്കി ദക്ഷിണാഫ്രിക്ക ഒരു പ്രസ്റ്റീജിയസ് കിരീടമുയർത്തുന്നു. നിർഭാഗ്യ ചരിത്രങ്ങളുടെ കണ്ണീരുപ്പും വർണവിവേചനത്തിന്റെ ദുർഗന്ധവും കൈവിട്ട മത്സരങ്ങളുടെ വേദനയും പുരണ്ട ദക്ഷിണാഫ്രിക്കൻ കഥകൾക്കൊടുക്കം ഒരു കിരീടത്തിൽ അവരുടെ പേരുപതിയുകയാണ്. ഏറെ പരിഹസിക്കപ്പെട്ട ടെംബ ബാവുമ തന്നെ അതേറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടു എന്നതും എന്നും ലോകവേദികളിൽ അവരെ കരയിപ്പിച്ച ഓസീസ് തന്നെ എതിരാളികളായി എന്നതും ഒരു കാവ്യനീതിയുടെ ഒടുക്കമാണ്.
2025 ഒരു അത്ഭുത വർഷമാണെന്ന് ആദ്യം പറഞ്ഞത് ഫുട്ബോൾ പ്രേമികളാണ്. എഫ്എ കപ്പിൽ ക്രിസ്റ്റൽ പാലസ്, യൂറോപ്പ ലീഗിൽ ടോട്ടനം, ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി എന്നിങ്ങനെ നീളുന്ന ഒരുപാട് കാത്തിരിപ്പുകൾ ഫുട്ബോളിൽ അവസാനിച്ചു. യുക്തിസഹമായി വിശദീകരിക്കാൻ സാധിക്കാത്ത ആ ട്രെന്റ് പിന്നാലെ ക്രിക്കറ്റ് മൈതാനങ്ങളിലേക്കും പടർന്നു. ബിഗ്ബാഷിൽ ഹൊബാർട്ട് ഹരീ കെയ്ൻസും ഐപിഎല്ലിൽ ആർസിബിയും കിരീടത്തിന്റെ തിളക്കങ്ങളറിഞ്ഞു. ഒടുവിൽ ദക്ഷിണാഫ്രിക്കയെന്ന ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യപേര് കൂടി ചിരിക്കുമ്പോൾ 2025 എന്നത് സ്പോർട്സ് കലണ്ടറിലെ ഒരു തിളങ്ങുന്ന നമ്പറായി മാറുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നേ എല്ലാ കണക്കുകളിലും ഓസീസ് ആയിരുന്നു ഫേവറൈറ്റ്സ്. കൂടുതൽ ശക്തമായ ലൈനപ്പുള്ളതും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ കഠിനമായ കടമ്പകൾ പിന്നിട്ടതും അവരാണ്. കൂടാതെ ലോക വേദികളിൽ അവരെന്നും വിന്നിങ് മെന്റാലിറ്റി പ്രകടിപ്പിക്കുന്നവരാണ്. ആ അലമാരയിലെ കിരീടങ്ങൾതന്നെ അതിന് സാക്ഷി പറയും. പക്ഷേ ദക്ഷിണാഫ്രിക്ക് അവകാശപ്പെടാൻ ഇതൊന്നുമില്ലായിരുന്നു. ചുവന്ന പന്തിനെ അടിച്ച് ഇനിയും പതം വന്നിട്ടില്ലാത്ത ഒരു പറ്റം ബാറ്റർമാരെയും റബാദയെന്ന വേൾഡ് ക്ലാസ് ബൗളറെയും കൊണ്ട് ടെംബ ബാവുമയെന്ന കുറിയ മനുഷ്യൻ ലോഡ്സിൽ പോരിനിറങ്ങി. ഈ ടീം ലൈനപ്പും വെച്ച് ഓസീസിനെ മറിച്ചിടുക എന്നത് കടുപ്പമുള്ള കാര്യമാണ്. പക്ഷേ ബവുമ കൃത്യമായ കണക്ക് കൂട്ടലുകളോടെയാണ് പോരിന് വന്നത്. ടോസ് നേടിയതിന് പിന്നാലെ ഫീൽഡിങ് തെരഞ്ഞെടുക്കാനായിരുന്നു ബാവുമയുടെ പ്ലാൻ.
കൊണ്ടും കൊടുത്തും മത്സരം
ആത്മവിശ്വാസത്തോടെ ക്രീസിലേക്ക് വന്ന ഓസീസിനായി ദക്ഷിണാഫ്രിക്ക കരുതിവെച്ചത് അഗ്നിഗോളങ്ങളായിരുന്നു. കഗിസോ റബാദയെന്ന പ്രോട്ടിയാസ് പേസ് പടയുടെ പുതുനാകയന്റെ തീതുപ്പിയ പന്തുകൾക്ക് മുന്നിൽ ഉസ്മാൻ ഖ്വാജയും കാമറൂൺ ഗ്രീനും ഒരോവറിൽ തന്നെ മടങ്ങി. സ്റ്റീവ് സ്മിത്തും വെബ്സ്റ്ററും പൊരുതിനൊക്കിയെങ്കിലും വാലറ്റത്തെ റബാദ വീണ്ടും വന്ന് തരിപ്പണമാക്കി. ആദ്യ ഇന്നിങ്സ് വെറും 212 റൺസിൽ ഓസീസിന് അവസാനിപ്പിക്കേണ്ടിവന്നു.
റബാദയുടെ മാരക സ്പെല്ലിന് അതേ നാണയത്തിൽ മറുപടി നൽകാൻ ഓസീസ് പേസ് പട കാത്തിരിക്കുകയായിരുന്നു. റബാദയോട് ഒപ്പമോ അതിന് മുകളിലോ നിൽക്കാൻ പോന്ന ഓസീസ് പേസ് ട്രയോ മറുപടി പറഞ്ഞുതുടങ്ങി. എയ്ഡൻ മാർക്രത്തിന്റെ സ്റ്റംപ് പറിച്ചെടുത്ത് സ്റ്റാർക്ക് ആദ്യ സ്റ്റേറ്റ്മെന്റ് നൽകി. പിന്നാലെ മൾഡറുടെ സ്ംപ് പറത്തി കമ്മിൻസ് അതിനൊപ്പം ചേർന്നു. അടുത്തത് ഹേസൽവുഡിന്റെ ഊഴമായിരുന്നു. ട്രിസ്റ്റൺ സ്റ്റബ്സിന്റെ ബെയിൽസ് അരിഞ്ഞെടുത്ത ക്ലാസിക് ഡെലിവറിയയിലൂടെ ഹേസൽവുഡും അതിനൊപ്പം ചേർന്നു. തീതുപ്പിയ ഓസീസ് പേസ് പടക്ക് മുന്നിൽ ബവുമായും ബെഡിങ്ഹാമും ചെറുത്തുനിൽക്കാനുള്ള ശ്രമം തുടങ്ങി. ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയിലേക്ക് ഉയരുമെന്ന് തോന്നിച്ചിരിക്കേ പാറ്റ് കമ്മിൻസ് തന്റെ എൻട്രി നടത്തുകയാണ്. ബവുമ, ബെഡിങ്ഹാം, വെരേയ്നെ, യാൻസൺ,റബാദ തുടങ്ങി ബാറ്റ് പിടിക്കാൻ ശേഷിയുള്ള സർവരെയും കമ്മിൻസ് വന്ന് തുടച്ചുനീക്കി. 74 റൺസിന്റെ വൻ ലീഡുമായി ഓസീസ് ഡ്രൈവിങ് സീറ്റിൽ.
സ്റ്റാർക്കിന്റെ അവിശ്വസനീയ ചെറുത്തുനിൽപ്പ്
പന്തുകൊണ്ട് മായാജാലം കാണിക്കാതെ ഈ മത്സരത്തിൽ ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന തിരിച്ചറിവിലാണ് ദക്ഷിണാഫ്രിക്ക പന്തെറിയാൻ വന്നത്. ക്യാപ്റ്റന്റെയും ആരാധകരുടെയും ഉൾവിളി റബാദ ഒരിക്കൽ കൂടി കേട്ടു. ഖ്വാജയെയും ഗ്രീനിനെയും ഒരേ ഓവറിൽ തന്നെ മടക്കി റബാദ തന്റെ ക്ലാസ് ആവർത്തിച്ചു. പക്ഷേ സ്റ്റീവ് സ്മിത്ത്, ലാബുഷെയ്നെ, ട്രാവിസ് ഹെഡ് എന്നിങ്ങനെ നീളുന്ന മത്സരത്തെ മാറ്റിമറിക്കാൻ ശേഷിയുള്ളവർ അവശേഷിക്കുന്നതിനാൽ ദക്ഷിണാഫ്രിക്ക അധികം ചിരിച്ചില്ല. റബാദയല്ലാത്ത ബൗളർമാർ കൂടി കനിയുമെന്ന് ആരാധകർ വിദൂര പ്രതീക്ഷ വെച്ചു. തുടർന്നുള്ള ഓവറുകളിൽ ഓസീസ് കണ്ടത് ഒരു പേസ് ബൗളിങ് എക്സിബിഷനായിരുന്നു. ഫിറ്റ്നസില്ലെന്ന വിമർശനങ്ങളെ കാറ്റിൽ പറത്തി എൻഗിഡി സ്റ്റീവ് സ്മിത്ത്, വെബ്സറ്റർ, കമ്മിൻസ് എന്നിവരെ മടക്കുന്നു. ലാബുഷെയ്നെ കീപ്പറുടെ കൈയ്യിലെത്തിച്ച് യാൻസനും ഹെഡിനെ ബൗൾഡാക്കി മൾഡറും അതിനൊത്ത പങ്കാളികളായി. ഓസീസ് 73ന് 7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. നൂറുപോലും പിന്നിടുമോ എന്ന സംശയങ്ങൾ തോന്നിത്തുടങ്ങി.
ആസ്ട്രേലിയൻ അലമാരയിൽ എന്തുകൊണ്ടാണ് ഇത്രയുമധികം കിരീടങ്ങൾ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു പിന്നീട് മൈതാനം കണ്ടത്. അലക്സ് ക്യാരിക്കൊപ്പം ഉലയാത്ത മനസ്സുമായി മിച്ചൽ സ്റ്റാർക്ക് ചേരുന്നു. 14 റൺസെടുത്ത് നിൽക്കവേ സ്റ്റാർക്കിന്റെ ക്യാച്ച് ഗള്ളിയിൽ യാൻസൻ നിലത്തിടുകയും ചെയ്തു. ബവുമ തന്റെ ബൗളർമാരെ മാറി മാറി വിളിച്ചെങ്കിലും ആ കൂട്ടുകെട്ട് പൊളിക്കാനായില്ല. എട്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 61 റൺസ്. ദക്ഷിണാഫ്രിക്കയുടെ തോൽവി ഉറപ്പാക്കാൻ ആ കൂട്ടുകെട്ട് തന്നെ ധാരാളമെന്ന് എല്ലാവരും കരുതി. പക്ഷേ സ്റ്റാർക്ക് അവിടം കൊണ്ടും നിർത്തിയില്ല, മുൻനിരയൊന്നാകെ പരാജയപ്പെട്ട മത്സരത്തിൽ ടീമിന്റെ ടോപ് സ്കോററായും അർധ സെഞ്ച്വറി പടുത്തുയർത്തിയും അയാൾ ഓസീസ് മെന്റാലിറ്റി ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തിന് മുന്നിൽ കാണിച്ചു. ആദ്യ ഇന്നിങ്സിൽ 150 പോലും പിന്നിടാത്ത ദക്ഷിണാഫ്രിക്കക്ക് ഓസീസ് ഉയർത്തിയ 282 റൺസ് ഒരു ഹിമാലൻ കടമ്പയാണെന്ന് എല്ലാവരും കരുതി.
മാർക്രം മാസ്റ്റർ ക്ലാസ്
നാലാം ഇന്നിങ്സിൽ ഈ ബാറ്റിങ് ലൈനപ്പും വെച്ച് ദക്ഷിണാഫ്രിക്ക ചോക്ക് ചെയ്യുമെന്ന് ഏതാണ്ടെല്ലാവരും ഉറപ്പിച്ചു. പ്രവചനങ്ങളിലെല്ലാം ഓസീസ് മുന്നിലായിരുന്നു. 6 റൺസെടുത്ത റിക്കൽട്ടണെ പുറത്താക്കി സ്റ്റാർക്ക് അതുറപ്പിച്ചു. പക്ഷേ പിന്നീട് കണ്ടത് മറ്റൊരു ദക്ഷിണാഫ്രിക്കയെയാണ്. തട്ടിയും മുട്ടിയും ലക്ഷ്യം നേടാൻ നോക്കുന്ന പ്രോട്ടിയാസ് വിക്കറ്റുകൾ ഇടവേളകളിൽ പറിച്ചെടുത്ത് അവരെ സമ്മർദ്ദത്തിലേക്ക് തള്ളിവിടാമെന്നായിരുന്നു കമ്മിൻസിന്റെ കണക്കുകൂട്ടലുകൾ.
പക്ഷേ ആ പ്ലാനുകളെയെല്ലാം മാർക്രമും മൾഡറും തെറ്റിച്ചു. അവർ അഗ്രസീവ് മോഡിലേക്ക്മാറി. ഓസീസ് പേസർമാരെ സധൈര്യം കോൺഫിഡൻസോടെ അവർ ബൗണ്ടറിയിലേക്ക് പറത്തി. മിച്ചൽ സ്റ്റാർക്കിന്റെ എക്കോണമി ഏകദിനത്തിലേത് പോലെ കുതിച്ചുകയറി. ഇതുപോലൊരു എൻട്രിക്ക് മാർക്രം കാത്തിരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് അണ്ടർ 19 കിരീടം നൽകിയനാണ് മാർക്രം. അവരുടെ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന ബാറ്റർ. പക്ഷേ പ്രതിഭയോട് നീതിപുലർത്താത്തവൻ എന്ന വിമർശനം അയാൾ എല്ലാകാലത്തും നേരിട്ടു. ആയതിനാൽ അതൊന്ന് തിരുത്തണമെന്ന് അയാൾ മോഹിച്ചിരുന്നു. ക്രിക്കറ്റിലെ പരിശുദ്ധമായ ഫോർമാറ്റിൽ ലോർഡ്സിൽവെച്ച് ഏറ്റവും മികച്ച പേസ് ബൗളിങ്ങിനെ നേരിട്ട് അയാൾ താനാരാണെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നിൽ തെളിയിച്ചു. കൂടെ പരിക്കിന്റെ വേദനകളെയും സമ്മർദ്ദങ്ങളെയും വകവെക്കാതെ ഉറച്ച ചുവടുകളുമായി ക്യാപ്റ്റൻ ബവുമ കൂടെ ച്ചേർന്നു. ഓസീസ് ബൗളർമാരുടെ പ്രകോപനങ്ങളോ ചുടൻ പന്തുകളോ അയാളെ ലക്ഷ്യത്തിൽ നിന്നും ഒരിഞ്ചും ഉലച്ചില്ല. മറ്റുള്ളവരുടെ ബലത്തിലല്ല, താൻ മുന്നിൽ നിന്നും നയിച്ചുകൊണ്ട് കൂടിയാണ് ഈ കിരീടം നേടിയെടുത്തത് എന്നതിന്റെ സ്റ്റേറ്റ്മെന്റ് കൂടയായിരുന്നു ആഇന്നിങ്സ്. അങ്കങ്ങൾ ഏറെക്കണ്ട കമ്മിൻസ് നിരായുധനായി മാറി. ഓസീസ് ബൗളർമാരുടെ മുഖം ചുവന്നുതുടുത്തപ്പോൾ ദക്ഷിണാഫ്രിക്കൻ ക്യാമ്പിൽ സന്തോഷത്തിന്റെ ചിത്രശലഭങ്ങൾ പറന്നുതുടങ്ങി. മൂന്നാം ദിനം ചിരിയോടെ അവസാനിപ്പിച്ച അവർക്ക് നാലാം ദിനത്തിൽ ആ കൊടുമുടി കയറേണ്ട ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.