ഐസിസി ചാമ്പ്യൻസ് ട്രോഫി ടീം ഓഫ് ദി ടൂർണമെന്റ്; സാന്റനർ ക്യാപ്റ്റൻ, രോഹിതിന് ഇടമില്ല
കോഹ്‌ലി,ശ്രേയസ്,കെ.എൽ രാഹുൽ,മുഹമ്മദ് ഷമി,വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവരെല്ലാം ഇടംപിടിച്ചു
ദുബൈ: ചാമ്പ്യൻസ് ട്രോഫി സമാപിച്ചതിന് പിന്നാലെ ടൂർണമെന്റിന്റെ ടീം പ്രഖ്യാപിച്ച് ഐസിസി. കിരീടംനേടിയ ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശർമക്ക് ഐസിസി ഇലവനിൽ ഇടം പിടിക്കാനായില്ല. ടൂർണമെന്റ് റണ്ണറപ്പായ ന്യൂസിലൻഡിന്റെ മിച്ചൽ സാന്റനറെയാണ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. രോഹിതിന് പുറമെ ഹാർദിക് പാണ്ഡ്യയും ശുഭ്മാൻ ഗില്ലും ടീമിൽ ഉൾപ്പെട്ടില്ല.
ഇന്ത്യൻ ടീമിൽ ആറ് താരങ്ങളാണ് ഐസിസിയുടെ ടൂർണമെന്റ് ടീമിൽ ഇടം പിടിച്ചത്. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, പേസർ മുഹമ്മദ് മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി എന്നിവർക്കൊപ്പം 12-ാമനായി അക്‌സർ പട്ടേലും സ്ഥാനം പിടിച്ചു. നാല് താരങ്ങൾ ന്യൂസിലാൻഡിൽ നിന്നും ഐസിസി ഇലവനിലെത്തി. ഗ്ലെൻ ഫിലിപ്‌സ്, മാറ്റ് ഹെൻറി, രചിൻ രവീന്ദ്ര എന്നിവരാണ് സാന്റ്‌നറിന് പുറമെ ഇടംപിടിച്ചവർ. അഫ്ഗാനിസ്താനിൽ നിന്ന് രണ്ട് താരങ്ങൾ ഉൾപ്പെട്ടു.
ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രചിൻ രവീന്ദ്രയും അഫ്ഗാൻ താരം ഇബ്രാഹിം സദ്രാനുമാണ് ഓപ്പണർമാർ. കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ. അസ്മത്തുള്ള ഒമർസായിയാണ് ടീമിൽ ഇടംപിടിച്ച മറ്റൊരു അഫ്ഗാൻ താരം.