മുൻനിര നിരാശപ്പെടുത്തി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ എക്ക് വമ്പൻ തോൽവി
അർധസെഞ്ച്വറി നേടിയ ആയുഷ് ബദോനിയും ഇഷാൻ കിഷനും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്
രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് 73 റൺസ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ ഉയർത്തിയ 325 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 49.1 ഓവറിൽ 252 റൺസിന് ഓൾ ഔട്ടായി. 66 റൺസെടുത്ത ആയുഷ് ബദോനിയും 53 റൺസെടുത്ത ഇഷാൻ കിഷനും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ തിലക് വർമയും അഭിഷേക് ശർമയും ഋതുരാജ് ഗെയ്ക്വാദും റിയാൻ പരാഗുമെല്ലാം നിരാശപ്പെടുത്തി. പ്രോട്ടീസിനായി കബായോംസി പീറ്റർ നാല് വിക്കറ്റ് വീഴ്ത്തി. തോൽവി നേരിട്ടെങ്കിലും ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യ എ സീരിസ് 2-1ന് സ്വന്തമാക്കി.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് അഭിഷേക് ശർമയുടെ വിക്കറ്റാണ്(11) ആദ്യം നഷ്ടമായത്. പിന്നാലെ തിലക് വർമയും(11), റയാൻ പരാഗും(17) ഗെയിക് വാദും(25) കൂടാരം കയറി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ആയുഷ് ബധോനി(66), ഇഷാൻ കിഷൻ(53) കൂട്ടുകെട്ട് പ്രതീക്ഷ നൽകി. ഇരുവരും ചേർന്നുള്ള സഖ്യം 88 റൺസടിച്ചു. നേരത്തെ ഓപ്പണർമാരായ പ്രിട്ടോറിയസിന്റേയും(123), റിവാൾഡോ മൂൻസമിയുടേയും(107) സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ കൂറ്റൻ സ്‌കോറിലേക്ക് മുന്നേറിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 241 റൺസാണ് അക്കൗണ്ടിൽ ചേർത്തത്.