കൊണ്ടും കൊടുത്തും തുടരുന്ന ഇന്ത്യ-ആസ്ട്രേലിയ പോരാട്ടങ്ങൾ

ഇന്ത്യയിൽ വീണ്ടും​ ക്രിക്കറ്റ് ദൈവവും രാജാവുമെല്ലാം പിറവിയെടുക്കും. അതി​നെ നേരിടാൻ പ്രൊഷഷണൽ പാഠങ്ങളുമായി ആസ്ട്രേലിയൻ മണ്ണിലും കുട്ടികൾ ജനിക്കും

Update: 2025-03-05 10:15 GMT

​​കെഎൽ രാഹുൽ ദുബൈ സ്റ്റേഡിയത്തിലേക്ക് വിജയ റണ്ണായി സിക്സർ തൂക്കിയിറക്കുമ്പോൾ ഒരു കിരീട വിജയം പോലെയാണ് ഈ രാജ്യം അതാഘോഷിച്ചത്. സമൂഹമാധ്യമങ്ങളിലെ ചുവരുകൾ മുതൽ ഡ്രസിങ് റൂം വരെ ഒരേ രൂപത്തിൽ ആ ആഘോഷത്തിലമർന്നു.

ഫൈനലെന്ന വലിയ കടമ്പ ചാമ്പ്യൻസ് ട്രോഫിയിൽ ഇനിയും ബാക്കിയുണ്ട്. എന്നിട്ടുമെന്താണ് ഇത്രയും വലിയ ആരവങ്ങൾ?

അതിന് ഒരൊറ്റ കാരണമേയുള്ളൂ. ആസ്ട്രേലിയയെ തോൽപ്പിച്ചിരിക്കുന്നു

എന്തുകൊണ്ടാണ് ഇന്ത്യക്ക് ആസ്ട്രേലിയ ഇത്രയും വലിയ ശത്രുവാകുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടുകയോ ജിയോ പൊളിറ്റിക്കലായി ഏറ്റുമുട്ടുകയോ ചെയ്യുന്നില്ല. പക്ഷേ 22യാർഡ് നീളമുള്ള പിച്ചിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഗ്രപോരാട്ടങ്ങൾ നടന്നിട്ടുണ്ട്.

Advertising
Advertising

ഇന്ത്യക്ക് ക്രിക്കറ്റെന്നാൽ ഒരു മതം തന്നെയാണ്. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഗല്ലികൾ മുതൽ പ്രതാപത്തിന്റെ പട്ടുചുറ്റിയ രാജകൊട്ടാരങ്ങൾ വരെ ഒരേ രൂപത്തിൽ ഈ കളിയെ പ്രണയിക്കുന്നു . ഇന്ത്യയുടെ നീലക്കുപ്പായമിട്ട് കളിക്കുന്ന ആ 11 പേരിൽ കോടിക്കണക്കിന് ഹൃദയങ്ങൾ കുടികൊള്ളുന്നു. അവരിലൂടെ കിരീടത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നില്ല. അങ്ങനെ കിരീടവുമായി വന്ന ഇന്ത്യൻ സംഘങ്ങളെ വരവേൽക്കാൻ ആയിരങ്ങൾ നഗരങ്ങളിലേക്കറിങ്ങയപ്പോൾ അതില്ലാതെ വന്നവരെ കാത്തിരുന്നത് പ്രതിഷേധങ്ങളും കൂക്കിവിളികളുമായിരുന്നു.


എന്നാൽ ആസ്ട്രേലിയക്ക് ക്രിക്കറ്റെന്നാൽ വെറുമൊരു വൈകാരികതയല്ല. ആസ്വദിക്കാൻ അവർക്ക് ആസ്ട്രേലിയൻ റൂൾസ് ഫുട്ബോളും വല്ലബീസ് എന്നുവിളിക്കുന്ന റഗ്ബി ടീമുമുണ്ട്. ഫുട്ബോൾ ലോകകപ്പിലെ സ്ഥിരസാന്നിധ്യമായ ആസ്ട്രേലിയ ഒരു ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റിനും മണ്ണൊരുക്കുന്നു. അവർ ക്രിക്കറ്റിനെ ഒരു പ്രൊഫഷണൽ സ്​പോർട്ടായി മാത്രമാണ് ക​ണ്ടത്. ബാക്ക് യാർഡുകളിൽ ക്രിക്കറ്റ് കളിച്ചുവരുന്ന അവരുടെ കുട്ടികളോട് അമ്മമാർ ചോദിച്ചത് നേടിയ റൺസിനെക്കുറിച്ചല്ല, ടീമിന്റെ വിജയത്തെക്കുറിച്ചായിരുന്നുവെന്ന് ആലങ്കാരികമായി പറയാറുണ്ട്.

ഇന്ത്യയും ഓസീസും തമ്മിൽ കൊണ്ടുംകൊടുത്തുമുള്ള പല ഫ്ലാഷ്ബാക്കുകളുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ആ പോര് മൂർധന്യത്തിലെത്തി. തുടർ ജയങ്ങളുടെ ഹുങ്കിൽ വന്ന സ്റ്റീവോയുടെ ഓസീസിനെ ഈഡൻ ഗാർഡനിൽ ദ്രാവിഡും ലക്ഷ്മണും​ ചേർന്ന് രാവണൻ കോട്ടകെട്ടിയാണ് തടുത്തത്.ടെസ്റ്റിൽ തുടങ്ങിയ ആ പോര് ഐസിസി ടൂർണമെന്റുകളിലേക്കും പടർന്നു. റിക്കി പോണ്ടിങ്ങിന്റെ ആ ഗ്യാങ്സ്റ്റർ സംഘം 2003 ലോകകപ്പിൽ തേരോട്ടം തുടർന്നപ്പോൾ അതിൽ ചവിട്ടിയരഞ്ഞ് പോയത് ഇന്ത്യയുടെ മോഹങ്ങളായിരുന്നു. 1983ന് ശേഷമൊരു കിരീടം മോഹിച്ചിറങ്ങിയ ഗാംഗുലിയുടെ സംഘത്തെ വാൻഡറേഴ്സ് മൈതാനത്ത് ഓസീസ് ഒന്നുമല്ലാതെയാക്കി. റിക്കിപോണ്ടിങ്ങിലൂടെ ഓസീസ് വീണ്ടും ലോകകിരീടമുയർത്തുമ്പോൾ ടിവിക്ക് മുന്നിലിരുന്ന ഇന്ത്യൻ കുട്ടികൾ കണ്ണീർ വാർത്തു.

2006 ചാമ്പ്യൻസ്ട്രോഫിയിലും 2007 കരീബിയൻ ലോകകപ്പിലും ഇന്ത്യ നാണം കെട്ട് മടങ്ങുമ്പോൾ അവിടെയെല്ലാം റിക്കിയുടെ ആ സംഘം തേരോട്ടം തുടർന്നു. വിജയങ്ങളിൽ നിന്നും വിജയങ്ങളിലേക്കുള്ള യാത്ര. ഇതുപോലൊരു നിമിഷം ഇന്ത്യക്ക് എന്ന് വരുമെന്ന നിർവൃതിയിൽ ആരാധകർ കാത്തിരുന്നു.

ഒടുവിൽ ആ മുഹൂർത്തം വന്നെത്തി. 2007 ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനൽ ആ സ്വപ്നം സാക്ഷാത്കരിച്ചു. ഡർബനിലെ കിങ്സ് മീഡ് സ്റ്റേഡിയത്തിൽ അന്നാദ്യമായി ആസ്ട്രേലിയക്കാരൻ ഇന്ത്യക്കാരന്റെ പ്രൊഫഷണൽ മികവിന് മുന്നിൽ മുട്ടുകുത്തി. ബാറ്റ് കൊണ്ട് യുവരാജ് സിങ്ങും പന്തുകൊണ്ട് ശ്രീശാന്തും ഓസീസിന്റെ കിരീടം ഊരിയെടുത്തു. അന്ന് കിങ്സ് മീഡ് സ്റ്റേഡിയത്തിൽ അവസാനിച്ചത് ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതാപകാലം കൂടിയായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യയിൽ വന്ന് ഓസീസ് ഏകദിന പരമ്പരയുയർത്തിയപ്പോൾ സിബി സിരീസ് നേടി ധോണി അതിന് മറുപടി നൽകി.

2011 ഏകദിന ലോകകപ്പിലായിരുന്നു അടുത്ത അധ്യായം. ആസ്ട്രേലിയ ഉയർത്തിയ 260 റൺസ് അഞ്ചുവിക്കറ്റ് ശേഷിക്കേ ഇന്ത്യമറികടന്നു. ബ്രറ്റ് ലീയെ അതിർത്തികടത്തി യുവരാജ് വിജയം ആഘോഷിക്കുമ്പോൾ കണ്ണുനിറഞ്ഞ റിക്കി പോണ്ടിങ്ങിനെ കണ്ട് ഇന്ത്യയിലെ കുട്ടികൾ തുള്ളിച്ചാടി. ആസ്ട്രേലിയ​യെ തോൽപ്പിച്ച ഈ രണ്ട് ടൂർണമെന്റിലും കിരീടവും ഇന്ത്യക്ക് തന്നെയായിരുന്നു.


൨൦൧൫ ലോകകപ്പ് സെമിയിൽ ഓസീസ് വീണ്ടും കണക്കുവിട്ടി. തുടർകിരീടമൊക്കെ അതിമോഹ​മാണെന്ന് ഇന്ത്യയെ ഓസീസ് അറിയിച്ചു. 95 റൺസിന്റെ കനത്ത പരാജയമാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. 2016 ട്വന്റി 20 ലോകകപ്പിൽ മൊഹാലിയിൽ വിരാട് കോഹ്‍ലിയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയതിന് മറുപടി നൽകി.

വർഷം മുന്നോട്ട് പോയി. കാലാന്തരത്തിൽ ആസ്ട്രേലിയക്ക് പോയകാലത്തെ വീര്യമില്ലാതെയായി. പുതിയ താരങ്ങളുടെ വരവോടെ ഇന്ത്യ കൂടുതൽ ശക്തരായി. രണ്ട് തവണ ആസ്ട്രേലിയയിൽ പോയി ഇന്ത്യൻ സംഘം ബോർഡർ ഗവാസ്കർ പരമ്പര നേടി. ഇന്ത്യയിൽ വെ​ച്ചൊരു പരമ്പര ജയിക്കുക എന്നത് ഓസീസിന് സ്വപ്നമായിമാറി.

അതിനിടയിലാണ് പുതി​​യൊരാൾ അവിടെ പിറക്കുന്നത്. പാറ്റ് കമ്മിൻസ്.

ലണ്ടനിലെ ഓവലിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023 ഏകദിന ലോകകപ്പിൽ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സാക്ഷിയാക്കി ഹൈദരാബാദിലും കമ്മിൻസ് ഇന്ത്യയെ കരയിച്ചു. ഇന്ത്യക്ക് വീണ്ടും 2003 ലോകകപ്പ് നഷ്ടത്തിനെ അതേ വേദന. പക്ഷേ 2024 ട്വന്റി 20 ലോകകപ്പിൽ ഓസീസിനെ സെമിപോലും കാണിക്കാതെ നാട്ടിലേക്കയച്ച് ഇന്ത്യ ആശ്വാസം കൊണ്ടു. പക്ഷേ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഒാസീസ് ഗംഭീരമായി തിരിച്ചുവന്നു. പക്ഷേ മറുപടിക്ക് ഇന്ത്യക്ക് അധികകാലമൊന്നും വേണ്ടിവന്നില്ല. ഇതാ ദുബൈയിൽ ഓസീസിനെതിരെ സെമിഫൈനലിൽ ഇന്ത്യ ആധികാരികമായി വിജയിച്ചിരിക്കുന്നു. 14 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഓസീസിനെ ഒരു നോക്കൗട്ട് മത്സരത്തിൽ തോൽപ്പിക്കുന്നത്.

ഇന്ത്യയിൽ വീണ്ടും​ ക്രിക്കറ്റ് ദൈവവും രാജാവുമെല്ലാം പിറവിയെടുക്കും. അതി​നെ നേരിടാൻ പ്രൊഷഷണൽ പാഠങ്ങളുമായി ആസ്ട്രേലിയൻ മണ്ണിലും കുട്ടികൾ ജനിക്കും. അങ്ങനെ കൊണ്ടും കൊടുത്തും ഈ പോര് തുടരുകതന്നെ ചെയ്യും. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - സഫ്‌വാന്‍ റാഷിദ്

Writer

Similar News