വനിത ലോകകപ്പ് : പ്രോട്ടീസിനെതിരെ ഇന്ത്യക്ക് തോൽവി
വിശാഖപട്ടണം : വനിത ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോൽവി നേരിട്ട് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 251 റൺസ് വിജയലക്ഷ്യം പ്രോട്ടീസ് 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി സ്നേഹ് റാണ, ക്രാന്തി ഗൗഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രോട്ടെസ് നിരയിൽ അർധ സെഞ്ച്വറി നേടിയ നഡീൻ ഡി ക്ലെർക്ക്, ലോറ വോൾഡ്‌വാർട്ട് എന്നിവരാണ് ഇന്ത്യക്ക് വിജയം നിശേദിച്ചത്.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിച്ച ഘോഷിന്റെ അർധ സെഞ്ച്വറി കരുത്തിൽ 251 റൺസ് എന്ന ടോട്ടലിൽ എത്തി. 153 റൺസിന് 7 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ റിച്ച ഘോഷ് - സ്നേഹ് റാണ കൂട്ടുകെട്ടാണ് മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. 77 പന്തുകൾ നേരിട്ട റിച്ച 11 ഫോറും 4 സിക്സുമടക്കം 94 റൺസാണ് അടിച്ചെടുത്തത്. 24 പന്തിൽ 6 ബൗണ്ടറിയടക്കം 33 റൺസാണ് സ്നേഹ് റാണയുടെ സമ്പാദ്യം. ഓപ്പണർമാരായ പ്രതീക റാവലും സ്‌മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരക്ക് അത് തുടരാനായില്ല. സൗത്ത് ആഫ്രിക്കക്കായി ടൈറോൺ മൂന്ന് വിക്കറ്റും മരിസാൻ കാപ്, നോൻകുലുലേക്കോ മ്ലാബ, നഡീൻ ഡി ക്ലെർക്ക് എന്നിവർ രണ്ട് വിക്കറ്റും നേടി.
മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ഇന്ത്യ മൂന്നും സൗത്ത് ആഫ്രിക്ക നാലും സ്‌ഥാനത്താണ്. ഒക്ടോബർ 12 ന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.