സ്വപ്നം പോലെ തുടക്കം; ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം. ലീഡ്സിലെ ഹെഡിങ്‍ലി മൈതാനത്ത് ആദ്യം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്നിന് 359 എന്ന നിലയിലാണ് ഇന്ത്യ. 127 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും 65 റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനിയച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്ത്യ ആദ്യമേ തെളിയിച്ചു. ആദ്യ വിക്കറ്റിൽ യശസ്വി ജയ്സ്വാൾ-കെഎൽ രാഹുൽ സഖ്യം കൂട്ടിച്ചേർത്തത് 91 റൺസ്. കെഎൽ രാഹുലും (41), അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സായ് സുദർശനും (0) അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ആശങ്ക ഉയർത്തിയെങ്കിലും ജയ്സ്വാളിനൊപ്പം ഗിൽ കൂടി ചേർന്നതോടെ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തി.
ടീം സ്കോർ 221ൽ നിൽക്കേ സ്റ്റോക്സിന്റെ പന്തിൽ ബൗൾഡായി ജയ്സ്വാൾ (101) മടങ്ങി. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഗില്ലിനൊപ്പം ഒത്തുചേർന്നതോടെ ഇന്ത്യൻ സ്കോർ കുതിച്ചുകയറി. ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഗിൽ തനിക്ക് നേരെയുള്ള ആശങ്കകൾക്കെല്ലാം മറുപടി പറഞ്ഞു. ഈർപ്പമില്ലാത്ത പിച്ചിൽ ബൗളർമാർക്ക് കാര്യമായ ഒരു ആനുകൂല്യവും ലഭിച്ചില്ല. ആദ്യ ഇന്നിങ്സിൽ പരമാവധി ലീഡുയർത്തി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിയക്കാനാകും ഇന്ത്യൻ പ്ലാൻ.