റാഞ്ചി ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്; ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി അശ്വിനും കുൽദീപും

മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 307 റൺസിൽ അവസാനിച്ചിരുന്നു.

Update: 2024-02-25 12:00 GMT
Editor : Sharafudheen TK | By : Web Desk
Advertising

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയ പ്രതീക്ഷ. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ വിക്കറ്റ് നഷ്ടമായകാതെ 40 റൺസ് എന്ന നിലയിലാണ്. 24 റൺസുമായി രോഹിത് ശർമ്മയും 16 റൺസുമായി യശസ്വി ജയ്‌സ്വാളുമാണ് ക്രീസിൽ. രണ്ട് ദിനം ബാക്കിനിൽക്കെ മത്സരവും പരമ്പരയും സ്വന്തമാക്കാൻ ഇന്ത്യക്ക് ഇനി വേണ്ടത് 152 റൺസ്. നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 145റൺസിൽ അവസാനിച്ചിരുന്നു. ആർ അശ്വിൻ അഞ്ചുവിക്കറ്റും കുൽദീപ് യാദവ് നാല് വിക്കറ്റുമായി കറക്കി വീഴ്ത്തി.

മൂന്നാംദിനം  ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 307 റൺസിൽ അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറേൽ 90 റൺസുമായി ടോപ് സ്‌കോററായി. ഒൻപതാം വിക്കറ്റിൽ കുൽദീപ്-ധ്രുവ് ജുറേൽ കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.28 റൺസെടുത്ത കുൽദീപിനെ ജെയിംസ് ആൻഡേഴ്‌സൻ ബൗൾഡാക്കി.

46 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ആർ അശ്വിനും കുൽദീപ് യാദവും സന്ദർശകരെ ഒന്നൊന്നായി കൂടാരം കയറ്റി. 60 റൺസെടുത്ത ഓപ്പണർ സാക് ക്രൗലിയാണ് ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ജോ റൂട്ടിനെ പതിനൊന്ന് റൺസിൽ നിൽക്കെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർച്ചയായി രണ്ടാം ഇന്നിങ്‌സിലും ഒലി പോപ്പ് പൂജ്യത്തിന് മടങ്ങി. ബെൻ ഡക്കറ്റ്(15), ജോണി ബെയ്‌സ്‌റ്റോ(30), ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്(4),ഫോക്‌സ്(17) എന്നിവരും പുറത്തായതോടെ അവസാന സെഷനിൽ ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ട്‌കൊട്ടാരം പോലെ തകർന്നു. അശ്വിനേയും ജഡേജയേയും കുൽദീപിനേയും മാറിമാറി പരീക്ഷിച്ചാണ് രോഹിത് ശർമ്മ സന്ദർശകരെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. രണ്ടാം ഇന്നിങ്‌സിൽ പേസർ മുഹമ്മദ് സിറാജ് മൂന്ന് ഓവർ മാത്രമാണ് എറിഞ്ഞത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News