നിലയുറപ്പിച്ച് ഗില്ലും രാഹുലും; മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു
ക്രിസ് വോക്‌സ് എറിഞ്ഞ ആദ്യ ഓവറിൽ ജയ്‌സ്വാളിനേയും സായ് സുദർശനേയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. നാലാംദിനം കളി അവസാനിക്കുമ്പോൾ 174-2 എന്ന നിലയിലാണ് സന്ദർശകർ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാൻ ഇന്ത്യക്ക് ഇനിയും 137 റൺസ് കൂടി വേണം. അർധ സെഞ്ച്വറിയുമായി കെഎൽ രാഹുലും(210 പന്തിൽ 87) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ്(167 പന്തിൽ 78) ക്രീസിൽ. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 669ൽ അവസാനിച്ചിരുന്നു. ജോ റൂട്ടിന് പിന്നാലെ(150) ബെൻ സ്റ്റോക്‌സും(141) ആതിഥേയർക്കായി സെഞ്ച്വറി നേടി.
ഇംഗ്ലണ്ടിനെതിരെ 311 റൺസ് ലീഡ് വഴങ്ങി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. ക്രിസ് വോക്‌സ് എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് വിക്കറ്റാണ് നഷ്ടമായത്. ഓപ്പണർ യശസ്വി ജയ്‌സ്വാളും ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോറർ സായ് സുദർശനും പൂജ്യത്തിന് മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഗിൽ-രാഹുൽ സഖ്യം ഇന്ത്യയുടെ രക്ഷക്കെത്തി.
നാലാം ദിനം ഏഴിന് 544 എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 125 റൺസ് കൂടിയാണ് സ്‌കോർ ബോർഡിൽ കൂട്ടിചേർത്തത്. ലിയാം ഡോസണിന്റെ (26) വിക്കറ്റാണ് ശനിയാഴ്ച ആദ്യം നഷ്ടമായത്. എന്നാൽ ബ്രൈഡൺ കാർസെയ്ക്കൊപ്പം (47) ചേർന്ന് സ്റ്റോക്സ് ഇംഗ്ലണ്ടിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 358ൽ അവസാനിച്ചിരുന്നു.