ധരംശാലയിൽ ഇന്ന് ഉഗ്രൻ പോര്; ഇന്ത്യയെ നേരിടുന്നത് ന്യൂസിലാൻഡ്‌

അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം.

Update: 2023-10-22 01:34 GMT
Editor : rishad | By : Web Desk

ധർമശാല: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. അപരാജിത കുതിപ്പുമായാണ് ടീമുകൾ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് ധരംശാലയിലാണ് മത്സരം. 

ടൂർണമെന്റിൽ ഇതുവരെ പരാജയപ്പെടാത്ത ടീമുകൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പ്. ഇരു ടീമുകളും നാല് മത്സരങ്ങളിലും എതിരാളികൾക്ക് മേൽ സർവാധിപത്യം പുലർത്തിയാണ് വിജയങ്ങൾ സ്വന്തമാക്കിയത്.

ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് കൂട്ടർക്കും ആശങ്കകളില്ല. രോഹിതും കോലിയുമെല്ലാം ടൂർണമെന്റിൽ ഇതുവരെ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രാഹുലും ശ്രേയസും ഉൾപ്പെട്ട മധ്യനിരയും ടീമിന് കൂടുതൽ കരുത്ത് പകരുന്നു. ബുംറ,സിറാജ്, ഉൾപ്പെട്ട പേസ് നിരയും ജഡേജ, കുൽദീപ് സ്പിൻ സഖ്യവും തകർപ്പൻ ഫോമിലാണ് എന്നുള്ളത് ടീമിന് കൂടുതൽ ആത്മവിശ്വാസം പകരുന്നുണ്ട്.

Advertising
Advertising

ഡെവൻ കോൺവേ, ടോം ലാതം തുടങ്ങിയവരിലാണ് ന്യൂസിലാൻഡിന്റെ ബാറ്റിങ് പ്രതീക്ഷകൾ. പല വമ്പൻ താരങ്ങളും പരാജയപ്പെട്ട ഇന്ത്യൻ പിച്ചിൽ തകർപ്പൻ പ്രകടനമാണ് ഇവർ പുറത്തെടുക്കുന്നത്. ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി, മിച്ചൽ സാന്റ്നർ എന്നിവരടങ്ങിയ ബൗളിങ് നിരയും ഇന്ത്യയെ വിറപ്പിക്കാൻ കെൽപ്പുള്ളവരാണ്.

പരിക്ക് പറ്റിയ ഇന്ത്യൻ ഉപനായകൻ ഹാർദിക് പാണ്ഡ്യയും  കിവീസ് നായകൻ കെയിൻ വില്യംസണും ഇന്ന് കളിക്കാനിറങ്ങാത്തതാണ് ഇരു ടീമുകൾക്കും ചെറിയ തോതിൽ തിരിച്ചടിയാകുന്നത്. ഇന്ത്യൻ മണ്ണിലാണ് ലോകകപ്പ് നടക്കുന്നതെങ്കിലും 2003-ലെ ലോകകപ്പിലെ വിജയത്തിന് ശേഷം കിവീസിനെ ഇതുവരെ ഐ.സി.സി ടൂർണമെന്റിൽ കീഴടക്കാൻ പറ്റിയിട്ടില്ലെന്നത് ഇന്ത്യയെ വേട്ടയാടുന്നുണ്ട്.

കഴിഞ്ഞ തവണ ഇന്ത്യയെ സെമിയിൽ പരാജയപ്പെടുത്തിയത് ന്യൂസിലാൻഡായിരുന്നു. 2019 സെമിയിലെ കിവീസിനോടേറ്റ പരാജയം ഇന്ത്യൻ ആരാധകർ ഇനിയും മറന്നിട്ടില്ല. ഏകദിന ലോകകപ്പിൽ ഒൻപത് തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ വിജയം ന്യൂസിലന്‍ഡിനായിരുന്നു. മൂന്ന് തവണ ഇന്ത്യ വിജയിച്ചപ്പോൾ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. 2019ൽ ഉൾപ്പെടെ ഇന്ത്യയെ പലകുറി ഐ.സി.സി ടൂർണമെന്റുകളിൽ വീഴ്ത്തിയ ന്യൂസിലന്റിനെ ഇന്ന് ഇന്ത്യ മറികടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News