അർധ സെഞ്ച്വറിയുമായി കോഹ്‌ലിയും ഗില്ലും; വഡോദര ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം

ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്

Update: 2026-01-11 17:07 GMT
Editor : Sharafudheen TK | By : Sports Desk

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. കിവീസ് വിജയലക്ഷ്യമായ 301 റൺസ് ഒരു ഓവർ ബാക്കിനിൽക്കെയാണ് മറികടന്നത്. വിരാട് കോഹ്‌ലിയുടേയും (93), ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റേയും (56) അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യയുടെ വിജയം.  ശ്രേയസ് അയ്യർ (49), കെ.എൽ രാഹുൽ (29 നോട്ടൗട്ട്), ഹർഷിത് റാണ (29), രോഹിത് ശർമ (26) എന്നിവരും മികച്ച പ്രകടനം നടത്തി. ന്യൂസിലൻഡ്  വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഗിൽ-രോഹിത് ഓപ്പണിങ് സഖ്യം 39 റൺസ് കൂട്ടിചേർത്തു.

Advertising
Advertising

26 റൺസെടുത്ത രോഹിത് ശർമയെ പുറത്താക്കി കെയിൽ ജാമിസൻ സന്ദർശകർക്ക് ബ്രേക്ക്ത്രൂ നൽകി. എന്നാൽ വൺഡൗണായി എത്തിയ വിരാട് കോഹ്‌ലി പോയ ദക്ഷിണാഫ്രിക്കൻ സീരിസിൽ അവസാനിപ്പിച്ചിടത്തുനിന്ന്  തുടർന്നതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറകുമുളച്ചു.  ഗിൽ-കോഹ്‌ലി സഖ്യം ഇന്ത്യൻ ഇന്നിങ്‌സ് 100 കടത്തി. സ്‌കോർ 157ൽ നിൽക്കെ സ്പിന്നർ ആദിത്യ അശോകിന്റെ ഓവറിൽ ഗ്ലെൻ ഫിലിപ്പ്‌സിന് ക്യാച്ച് നൽകി ഗിൽ(56) മടങ്ങി. എന്നാൽ നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് കോഹ്‌ലി സ്കോറിങ്  ഉയർത്തി. മാസങ്ങൾക്ക് ശേഷം ദേശീയ ടീമിലേക്കുള്ള വരവിൽ ശ്രേയസും മികച്ച പ്രകടനം നടത്തി.

സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ വിരാട് പുറത്തായി. ജാമിസന്റെ പന്തിൽ മിച്ചൽ ബ്രേസ് വെല്ലിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. 91 പന്തിൽ എട്ട് ഫോറും ഒരു സിക്‌സറുമടക്കമാണ് 93 റൺസെടുത്തത്. അർധസെഞ്ച്വറിക്ക് ഒരു റൺ അകലെ ശ്രേയസ് അയ്യർ വീണെങ്കിലും ഹർഷിത് റാണയും കെഎൽ രാഹുലും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഹർഷിത് റാണ 23 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം 29 റൺസ് അടിച്ചെടുത്തു. ഒടുവിൽ സിക്‌സർ പറത്തി കെഎൽ രാഹുൽ ഇന്ത്യൻ വിജയം ആധികാരികമാക്കി. ന്യൂസിലൻഡിനായി കെയ്ൽ ജാമിസൻ നാല് വിക്കറ്റ് നേടി.

നേരത്തെ ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസ് പടുത്തുയർത്തിയത്. അർധ സെഞ്ച്വറി നേടിയ (71 പന്തിൽ 84 ) ഡാരൽ മിച്ചലാണ് ടോപ് സ്‌കോറർ. ഓപ്പണർമാരായ ഹാരി നോക്കോൾസും(62), ഡെവോൻ കോൺവെയും(56) മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി മുഹമ്മദ് സിറാജും, ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News