പൊരുതി വീണ് ഒമാൻ; മൂന്നാംജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ ഫോറിൽ
ഒമാൻ നിരയിൽ 43 കാരൻ ആമിർ കലിം അർധസെഞ്ച്വറിയുമായി അവസാനംവരെയും പൊരുതി
അബുദാബി: ഏഷ്യാകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നിൽ മൂന്നും ജയിച്ച് ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സൂപ്പർ ഫോറിൽ. അബുദാബി ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തിൽ ഒമാനെതിരായ അവസാന മത്സരത്തിൽ 21 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഒമാന്റെ പോരാട്ടം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167ൽ അവസാനിച്ചു. 46 പന്തിൽ 64 റൺസ് നേടിയ വെറ്ററൻ ഓപ്പണർ ആമിർ കലീമാണ് ഒമാൻ നിരയിലെ ടോപ് സ്‌കോറർ. ഹമദ് മിർസയും(33 പന്തിൽ 51) മികച്ച പ്രകടനം നടത്തി. വിനായക് ശുക്ലയെ പുറത്താക്കി ഇന്ത്യക്കായി 100 ടി20 വിക്കറ്റ് നേടുന്ന ആദ്യതാരമായി അർഷ്ദീപ് സിങ് മാറി.
നേരത്തെ, ടോസ് നേടിയ ബാറ്റിങിനിറങ്ങിയ ഇന്ത്യ സഞ്ജു സാംസണിന്റെ (45 പന്തിൽ 56) അർധ സെഞ്ച്വറി മികവിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. അഭിഷേക് ശർമ (15 പന്തിൽ 38), തിലക് വർമ (18 പന്തിൽ 29), അക്‌സർ പട്ടേൽ( 13 പന്തിൽ 26) എന്നിവരും മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ഒമാന് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ജതിന്ദർ സിങ്(33 പന്തിൽ 32) ആമിർ കലീം സഖ്യം 56 റൺസ് കൂട്ടിചേർത്തു. ജതിന്ദറെ പുറത്താക്കി കുൽദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തുടർന്ന് മിർസ - കലീം സഖ്യം 93 റൺസ് കൂട്ടിചേർത്തതോടെ ഒമാന് വിജയപ്രതീക്ഷ കൈവന്നു. എന്നാൽ കലീമിനെ പുറത്താക്കി ഹർഷിദ് റാണ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 46 പന്തുകൾ നേരിട്ട കലീം രണ്ട് സിക്‌സറും ഏഴ് ഫോറും സഹിതമാണ് ഫിഫ്റ്റി കുറിച്ചത്. 19-ാം ഓവറിൽ ഹർദികിന്റെ ഓവറിൽ മിർസയും മടങ്ങിയതോടെ ഒമാൻ പ്രതീക്ഷകൾ അവസാനിച്ചു. പിന്നീട് വിനായക് ശുക്ലയും (1) പുറത്തായി. സിക്രിയ ഇസ്ലാം (0), ജിതേൻ രാമാനന്ദി (5 പന്തിൽ 12) പുറത്താവാതെ നിന്നു.
ഒമാനെതിരെ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. രണ്ടാം ഓവറിൽ തന്നെ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഷാ ഫൈസലിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ടൂർണമെന്റിൽ ആദ്യമായി ബാറ്റിങ് അവസരം ലഭിച്ച സഞ്ജു മൂന്നാമനായി ക്രീസിലെത്തി. മധ്യഓവറുകളിൽ വിക്കറ്റുകൾ വീഴുമ്പോഴും ഒരു ഭാഗത്ത് നിലയുറപ്പിച്ച മലയാളി താരം ഇന്ത്യൻ ഇന്നിങ്സിന് അടിത്തറപാകി. 42 പന്തിൽ മൂന്ന് ഫോറും സിക്സറും സഹിതമാണ് ഫിഫ്റ്റി സ്വന്തമാക്കിയത്. ഷാ ഫൈസൽ എറിഞ്ഞ 18ാം ഓവറിൽ ആര്യൻ ബിഷ്തിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. കരിയറിലെ മൂന്നാം ടി20 അർധ സെഞ്ച്വറിയാണിത്.