മാരകഫോമിൽ എൻഗിഡി:സൂര്യകുമാർ യാദവ് പൊരുതി നേടിയ റണ്‍സുമായി ഇന്ത്യ

20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 133 റൺസ് നേടിയത്. 68 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

Update: 2022-10-30 12:44 GMT
Editor : rishad | By : Web Desk

പെർത്ത്: കൂടെയുള്ളവരെല്ലാം കൂടാരം കയറിയിട്ടും സൂര്യകുമാർ ഒറ്റക്ക് പൊരുതി നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേടിയത് 133 റൺസ്. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 133 റൺസ് നേടിയത്. 68 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

എൻഗിഡിയുടെ പന്തുകൾക്ക് അലക്ഷ്യമായി ബാറ്റ് വെച്ചപ്പോൾ ഇന്ത്യ പെർത്തിൽ തകരുകയായിരുന്നു. 23 റൺസ് വരെ ഓപ്പണിങ് സഖ്യം സ്‌കോർബോർഡ് കൊണ്ടുപോയെങ്കിലും ആദ്യ പ്രഹരം എൻഗിഡി കൊടുത്തത് ഇന്ത്യൻ നായകന്. റിട്ടേൺ ക്യാച്ചിൽ 15 റൺസെടുത്ത രോഹിത് പുറത്ത്. ഫോം വീണ്ടെടുക്കാൻ പ്രയാസപ്പെടുന്ന ലോകേഷ് രാഹുലായിരുന്നു അടുത്ത ഇര.

Advertising
Advertising

9 റൺസെടുത്ത രാഹുൽ മാർക്രത്തിന് ക്യാച്ച് നൽകി. മിന്നും ഫോമിലുള്ള കോഹ്‌ലിയെ കൂടി മടക്കിയതോടെ ഇന്ത്യ 41ന് മൂന്ന് എന്ന നിലയിലെത്തി. അവസരം ലഭിച്ച ദീപക് ഹൂഡയും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും കൂടി മടങ്ങിയതോടെ 49ന് അഞ്ച് എന്ന നിലയിൽ തകർന്നു. ഇതിൽ ഹൂഡയുടെ വിക്കറ്റ് നോർത്‌ജെക്കായിരുന്നു.

അതേസമയം ഒരറ്റത്ത് സൂര്യകുമാർ യാദവ് റൺസ് കണ്ടെത്തുന്നുണ്ടായിരുന്നു. തന്റെ ഫേവറിറ്റ് ഏരിയയിലൂടെയും അല്ലാതെയും സൂര്യ ബൗണ്ടറികളും സിക്‌സറുകളും പായിപ്പിച്ചു. ആദ്യ ഘട്ടത്തിൽ വിക്കറ്റ് ലഭിച്ചതിന്റെ ആഘോഷം സൂര്യകുമാർ പതുക്കെ തല്ലിക്കെടുത്തുന്നുണ്ടായിരുന്നു. എന്നാൽ പിന്തുണ കൊടുക്കാൻ മറ്റു ബാറ്റർമാർ ആരും ഇല്ലാതെ പോയി.

അതോടെ റൺറേറ്റ് താഴ്ന്നു. 18ാം ഓവറിലെ അഞ്ചാം പന്തിലാണ് സൂര്യകുമാർ വീണത്. 68 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 40 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വെയിൻ പാർണർക്കായിരുന്നു സൂര്യയുടെ വിക്കറ്റ്. വാലറ്റത്ത് നിന്നും കാര്യമായ സംഭാവനകൾ ഇല്ലാതായതോടെ ഇന്ത്യയുടെ സ്‌കോർ 133ലൊതുങ്ങി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി നാല് വിക്കറ്റ് വീഴ്ത്തി. വെയ്ൻ പാർണൽ മൂന്നു വിക്കറ്റ് നേടി പിന്തുണ കൊടുത്തു. നാല് ഓവറിൽ 29 റൺസ് വിട്ടുകൊടുത്തായിരുന്നു എൻഗിഡിയുടെ വേട്ട.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News