ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ: തകർപ്പൻ ജയം, പരമ്പര

ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.1ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു

Update: 2022-10-11 13:05 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.1ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. നേരത്തെ ടി20 പരമ്പരയും ഇന്ത്യയ്ക്കായിരുന്നു. സ്പിന്നർമാരാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടിയത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കേമൻ.

ഇന്ത്യക്കായി ശുഭ്മാൻ ഗിൽ (49) ശ്രേയസ് അയ്യർ(28) എന്നിവർ തിളങ്ങി. ശിഖർ ധവാൻ എട്ട് റൺസെടുത്ത് റൺഔട്ടായി. ഇഷൻ കിഷൻ 10 റൺസ് നേടി. അർധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വെച്ച് ഗില്ലിനെ എൻഗിഡി വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. മറുപടി ബാറ്റിങിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യയെ വെല്ലുവിളിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തി എന്നത് മാത്രമായി അവർക്ക് ആശ്വസിക്കാം. സഞ്ജു സാംസൺ രണ്ട് റൺസ് നേടി പുറത്താകാതെ നിന്നു.

കുൽദീപ് യാദവിന്റെ പന്തുകൾക്ക് ഉത്തരമില്ലാതെ പോയപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 27.1 ഓവറിലാണ് അവസാനിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപാണ് കേമൻ. വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പിന്തുണകൊടുത്തു.

ടോസ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. നായകൻ ശിഖർ ധവാന്റെ തീരുമാനം ശരിയാണെന്ന് രണ്ടാം ഓവറിൽ തന്നെ തെളിഞ്ഞു. 6 റൺസെടുത്ത ഡികോക്ക് ആവേശ് ഖാന്റെ കൈകളിൽ അവസാനിച്ചു. വാഷിങ്ടൺ സുന്ദറിനായിരുന്നു വിക്കറ്റ്. പിന്നീട് ഒരിക്കൽപോലും ദക്ഷിണാഫ്രിക്കയ്ക്ക് കരകയറാനായില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമേൽപ്പിച്ചുകൊണ്ടിരുന്നു.

ഒടുവിൽ വിക്കറ്റുകളെല്ലാം ഇന്ത്യ പിഴുതെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക നേടിയത് 99 റൺസ്. സ്‌കോർബോർഡ് മൂന്നക്കത്തിലേക്ക് എത്തിക്കാൻ പോലും ഇന്ത്യൻ സ്പിന്നർമാർ അനുവദിച്ചില്ല. 34 റൺസെടുത്ത ഹെൻ റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോർ. എട്ട് പേർക്ക് രണ്ടക്കം പോലും കാണാനായില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News