ജയ്‌സ്വാളും ഗെയിക്‌വാദും ടീമിൽ, പന്തിന് ഇടമില്ല; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്
ടെംബ ബാവുമക്ക് വിശ്രമം അനുവദിച്ചതിനാൽ എയ്ഡൻ മാർക്രത്തിന് കീഴിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. തുടർച്ചയായി 19ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ശുഭ്മാൻ ഗില്ലിന് പകരം യശസ്വി ജയസ്വാൾ ഓപ്പണിങ് റോളിലെത്തും. ശ്രേയസ് അയ്യരുടെ അഭാവത്തിൽ റിതുരാജ് ഗെയിക്‌വാദ് മധ്യനിരയിൽ ഇറങ്ങും. മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. കുൽദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായെത്തിയപ്പോൾ രവീന്ദ്ര ജഡേജവും വാഷിങ്ടൺ സുന്ദറും ഓൾറൗണ്ടറായി ടീമിലെത്തി. അർഷ്ദീപ് സിങും പ്രസിദ്ധ് കൃഷ്ണയും ഹർഷിത് റാണയുമായണ് പേസ് ബോളർമാർ. ഗില്ലിന്റെ അഭാവത്തിൽ കെഎൽ രാഹുലിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ടെംബ ബാവുമക്ക് വിശ്രമം നൽകിയതോടെ എയ്ഡൻ മാർക്രത്തിന് കീഴിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. റിയാൻ റിക്കൽട്ടനും ക്വിന്റൺ ഡി കോക്കും ഓപ്പണിങ് റോളിലെത്തും. നന്ദ്രെ ബർഗർ, ബാർത്ത്മാൻ, പ്രെണലാൻ സുബ്രയാൻ എന്നിവർ പേസ് ബോളിങ് നയിക്കും. ലുങ്കി എൻകിഡി, കേശവ് മഹാരാജ് എന്നീ പ്രധാന താരങ്ങൾ പ്രോട്ടീസ് ടീമിൽ ഇടംപിടിച്ചില്ല.