ഷഫാലിക്കും ദീപ്തി ശർമക്കും ഫിഫ്റ്റി; വനിതാ ലോകകപ്പ് ഫൈനലിൽ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യ
ജെമിമ റോഡ്രിഗസ് 24 റൺസെടുത്ത് പുറത്തായി
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 299 റൺസ് വിജയലക്ഷ്യം. ഷഫാലി വർമയുടേയും ദീപ്തി ശർമയുടേയും അർധസെഞ്ച്വറി കരുത്തിലാണ് ആതിഥേയർ മികച്ച സ്‌കോർ പടുത്തുയർത്തിയത്. സ്‌കോർ: 50 ഓവറിൽ ഏഴിന് 298.
നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് സ്മൃതി മന്ദാനയും ഷഫാലി വർമയും ചേർന്ന് ഓപ്പണിങിൽ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് സ്‌കോർ 100 കടത്തി. 45 റൺസെടുത്ത് സ്മൃതി മന്ദാന മടങ്ങി. ഓസീസിനെതിരായ സെമിയിലെ ഹീറോ ജെമിമ റോഡ്രിഗസും(24), ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും(20) വേഗത്തിൽ മടങ്ങിയെങ്കിലും ഷഫാലി അർധ സെഞ്ച്വറിയുമായി സ്‌കോർ ഉയർത്തി. അവസാന ഓവറുകളിൽ ദീപ്തി ശർമ (58 പന്തിൽ 58) പ്രകടനം പുറത്തെടുത്തതോടെ സ്‌കോർ മുന്നൂറിനടുത്തെത്തിക്കാൻ ആതിഥേയർക്കായി. 78 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 87 റൺസെടുത്താണ് ഷഫാലി പ്ലെയിങ് ഇലവനിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയത്.
ദക്ഷിണാഫ്രിക്കക്കായി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, മഴയെ തുടർന്ന് ഒരുമണിക്കൂറിലേറെ വൈകിയാണ് മത്സരം തുടങ്ങിയത്. സെമി ഫൈനൽ കളിച്ച ടീമിൽ നിന്ന് ഇരു ടീമുകളും ഒരു മാറ്റവും വരുത്തിയിട്ടില്ല.