സൂര്യയുടെ വെടിക്കെട്ട്; സിംബാബ്‌വെക്കെതിരെ 187 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ
നെതർലാൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു
മെൽബൺ: സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിൽ സിംബാബ്‌വെക്കെതിരെ മികച്ച സ്‌കോർ പടുത്തുയർത്തി ഇന്ത്യ. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് ടീം ഇന്ത്യ നേടിയത്. സൂര്യയുടെയും (25 പന്തിൽ 61) ഓപണർ കെഎൽ രാഹുലിന്റെയും (35 പന്തിൽ 51) ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് കരുത്തായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ബൗളർമാർ മികച്ച തുടക്കമാണ് സിംബാബ്‌വെക്ക് നൽകിയത്. ആദ്യ ഓവറിൽ ഇന്ത്യക്ക് റണ്ണൊന്നുമെടുക്കാനാകില്ല. 13 പന്തിൽ 15 റൺസെടത്തു നിൽക്കവെ നായകൻ രോഹിത് ശർമ്മയും പുറത്തായത്. വൺ ഡൗണായെത്തിയ കോലി സൂക്ഷ്മതയോടെ കളിച്ചെങ്കിലും 26 റൺസ് എടുത്തു നിൽക്കവെ വീണു. അർധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ രാഹുലും പുറത്തായി. ഈ ലോകകപ്പിൽ കിട്ടിയ ആദ്യത്തെ അവസരം മുതലാക്കാൻ റിഷഭ് പന്തിനായില്ല. മൂന്നു പന്തിൽ അഞ്ചു റൺസാണ് വിക്കറ്റ് കീപ്പർ നേടിയത്. പിന്നീടെത്തിയ സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് നിറഞ്ഞാടുകയായിരുന്നു. നാലു സിക്‌സറുകളുടെയും ആറു ഫോറുകളുടെയും അകമ്പടിയോടെയാണ് സൂര്യയുടെ ഇന്നിങ്‌സ്.
ഞായറാഴ്ച രാവിലെ നടന്ന മത്സരത്തിൽ നെതർലാൻഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിലെ തോൽപ്പിച്ച് പാകിസ്താനും സെമിയിലെത്തി. സിംബാബ്‌വേക്കെതിരെ ജയിച്ചാൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. അങ്ങനെയെങ്കിൽ സെമിയിൽ ഇംഗ്ലണ്ടിനെയാകും ഇന്ത്യക്ക് നേരിടാനുണ്ടാകുക. തോറ്റാൽ ഗ്രൂപ്പിലെ ഒന്നിലെ ജേതാക്കളായ ന്യൂസിലാൻഡാകും എതിരാളി.