'ഒരേ സമയം രണ്ട് ടീമുകളുമായി ഇന്ത്യ'; സഞ്ജു ടീമിലെത്തിയേക്കും

മുൻപ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ട്വന്റി20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു

Update: 2022-06-06 14:00 GMT
Editor : Dibin Gopan | By : Web Desk

ഡൽഹി: വ്യത്യസ്ത ഫോർമാറ്റുകളിൽ രണ്ടു ടീമുകളുമായി ഒരേ സമയം രണ്ടു പരമ്പരകൾക്കായി തയാറെടുത്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കളിക്കാൻ ഇന്ത്യൻ ടീം ഈ മാസം അവിടേക്കു പോകുന്നുണ്ട്. കഴിഞ്ഞ തവണത്തെ പര്യടനത്തിനിടെ കോവിഡ് വ്യാപനം മൂലം മാറ്റിവച്ച ടെസ്റ്റിനായാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്കു പോകുന്നത്. ഈ പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ മുൻപേ പ്രഖ്യാപിച്ചതാണ്.

ഇതേ സമയത്താണ് ഇന്ത്യ അയർലൻഡിനെതിരെ ട്വന്റി20 പരമ്പര കളിക്കാനൊരുങ്ങുന്നത്. ജൂൺ 26, 28 തീയതികളാണ് ഇന്ത്യഅയർലൻഡ് ട്വന്റി20 മത്സരങ്ങൾ നടക്കുന്നത്. അയർലൻഡിലെ ഡബ്ലിനിൽ ട്വന്റി20 പരമ്പര നടക്കുമ്പോൾത്തന്നെ ലെസ്റ്ററിൽ ലെസ്റ്റർഷയറിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് ടീം ചതുർദിന പരിശീലന മത്സരം കളിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേസമയം രണ്ടു ടീമുകളെ അണിനിരത്താൻ സാഹചര്യമൊരുങ്ങുന്നത്.

Advertising
Advertising

ഇതിനു ശേഷം ഒരാഴ്ച പിന്നിടുമ്പോൾ ഇന്ത്യയുടെ രണ്ടു ടീമുകൾ ഒരിക്കൽക്കൂടി ഒരേ സമയം കളത്തിലിറങ്ങേണ്ടിവരും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ജൂലൈ ഒന്നു മുതൽ അഞ്ച് വരെ ബിർമിങ്ങാമിലാണ് നടക്കുക. ഈ സമയം ഡെർബിഷയറിനെതിരെ ഇന്ത്യയുടെ ട്വന്റി20 ടീം പരിശീലന മത്സരം കളിക്കും. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിലെ കളി പൂർത്തിയായ ശേഷമാകും ഇന്ത്യൻ ട്വന്റി20 ടീം പരിശീലന മത്സരം കളിക്കുക. പിന്നീട് ജൂലൈ മൂന്നിന് ഇന്ത്യയുടെ ട്വന്റി20 ടീം നോർത്താംപ്ടൻഷയറിനെതിരെയും പരിശീലന മത്സരം കളിക്കുന്നുണ്ട്.

അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ ടെസ്റ്റ് താരങ്ങൾക്ക് അയർലൻഡിനെതിരായ ട്വന്റി20 പരമ്പര നഷ്ടമാകുമെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവർക്കു കളിക്കാനാകും. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ടെസ്റ്റ് ടീം ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോൾ, അയർലൻഡിനെതിരെ ട്വന്റി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ട്വന്റി20 ടീമിന്റെ ചുമതല ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണിനായിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

മുൻപ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ട്വന്റി20 ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഒരിക്കൽക്കൂടി ഒരേ സമയം രണ്ടു ടീമുകളെ അണിനിരത്താൻ ഇന്ത്യ തയാറെടുക്കുന്നത്. ഇതോടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ അവസരം നിഷേധിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്കു തിരിച്ചെത്താനും വഴിയൊരുങ്ങും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News