വനിതാ ഏകദിന ലോകകപ്പ്; കിവീസിന്റെ ചിറകരിഞ്ഞ് ഇന്ത്യ സെമിയിൽ

മഴ കാരണം 44 ഓവറിൽ 325 റൺസായി പുനക്രമീകരിച്ച വിജയലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലൻഡ് പോരാട്ടം 271ൽ അവസാനിച്ചു

Update: 2025-10-23 18:42 GMT
Editor : Sharafudheen TK | By : Sports Desk

പുണെ: വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 53 റൺസ് ജയം. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് പടുത്തുയർത്തിയത്. ന്യൂസിലൻഡിന്റെ മറുപടി ബാറ്റിങിനിടെ വീണ്ടും മഴയെത്തിയതോടെ കളി വീണ്ടും വെട്ടിചുരുക്കി. 44 ഓവറിൽ 325 റൺസായാണ് പുനർനിർണയിച്ചത്. എന്നാൽ ഈ വിജയലക്ഷ്യം  തേടിയിറങ്ങിയ കിവീസിന്റെ പോരാട്ടം 271/8 എന്ന നിലയിൽ അവസാനിച്ചു. ജയത്തോടെ ഇന്ത്യ നാലാം സ്ഥാനക്കാരായി വനിതാ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു.

Advertising
Advertising

 ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ പ്രതിക റാവൽ (122), സ്മൃതി മന്ദാന (109) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ആതിഥേയർ കൂറ്റൻ വിജയലക്ഷ്യം സ്വന്തമാക്കിയത്. ഓപ്പണിങിൽ ഇരുവരും ചേർന്ന് 32 ഓവറിൽ 212 റൺസ് കൂട്ടിചേർത്തു. ജമീമ റോഡ്രിഗസ് (55 പന്തിൽ 76) റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (10), റിച്ച ഘോഷ്(4) എന്നിവരാണ് മറ്റു സ്‌കോറർമാർ. 95 പന്തുകൾ നേരിട്ട സ്മൃതി മന്ദാന നാല് സിക്‌സും 10 ഫോറും സഹിതമാണ് ശതകം കുറിച്ചത്. തന്റെ 14-ാം സെഞ്ച്വറിയാണ് മന്ദാന പൂർത്തിയാക്കിയത്. സെഞ്ച്വറിയോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ശതകം നേടുന്ന വനിതാ താരങ്ങളിൽ ഒരാളാവാൻ മന്ദാനയ്ക്ക് സാധിച്ചു. 

ഇന്ത്യയുടെ റൺമല തേടിയറങ്ങിയ കിവികൾക്ക് ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉണർത്താനായില്ല. 59 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ സന്ദർശകർക്ക് വേണ്ടി ബ്രൂക്ക് ഹാലിഡേയും (81) വിക്കറ്റ് കീപ്പർ ഇസബെല്ല ഗേസും (65 നോട്ടൗട്ട്) അർധ സെഞ്ചുറിയുമായി  പൊരുതിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യക്കായി രേണുക സിങ്ങും ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News