ലോകകപ്പ് ജേതാക്കളായ വനിതാ ടീമിന് ലഭിക്കുക കോടികൾ; ബിസിസിഐ, ഐസിസി സമ്മാനത്തുക ഇങ്ങനെ
ഐസിസി നൽകുന്ന പ്രൈസ്മണിയേക്കാൾ ഉയർന്ന തുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
നവി മുംബൈ: ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയസമ്മാനങ്ങൾ. ഐസിസിയുടെ പ്രൈസ്മണിക്ക് പുറമെ ബിസിസിഐയും ഹർമൻ പ്രീത് കൗറിനും സംഘത്തിനും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 47 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ഫൈനൽ വിജയത്തിന് പിന്നാലെ 39.78 കോടി രൂപയാണ് ഐസിസിയിൽ നിന്ന് ഇന്ത്യൻ ടീമിന് ലഭിക്കുക. സെമിയിലേയും ഗ്രൂപ്പ് ഘട്ടത്തിലേയും പ്രൈസ് മണി കൂടി ചേർത്താൽ അത് 42 കോടിയുടെ അടുത്തെത്തും. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കക്ക് 19.88 കോടി രൂപയും സെമിയിൽ തോറ്റ ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. ഐസിസി നൽകുന്നതിനേക്കാൾ വലിയ സമ്മാനതുകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 51 കോടിയാണ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഇത് വീതിച്ചു നൽകും.
കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നൽകിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. നവി മുംബൈ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി.