'ക്രിക്കറ്റ് എല്ലാവരുടേയും കളി'; ഹർമൻപ്രീതിന്റെ പോസ്റ്റ് ചിലർക്കുള്ള മറുപടിയെന്ന് സോഷ്യൽ മീഡിയ
കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചക്ക് വഴിയൊരുക്കിയത്
നവി മുംബൈ: ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ പ്രഥമ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ചർച്ചയായി മുൻ ബിസിസിഐ-ഐസിസി അധ്യക്ഷൻ എൻ ശ്രീനിവാസന്റെ പ്രതികരണം. തന്റെ കൈവശമാണ് ഇതിന്റെ നിയന്ത്രണമെങ്കിൽ വനിതാ ക്രിക്കറ്റ് നടത്താൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം മുൻപൊരിക്കൽ പ്രതികരിച്ചത്. ഇന്ത്യൻ വനിതാ ടീമിന്റെ മുൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് അദ്ദേഹത്തെ കാണാൻ പോയപ്പോൾ നേരിട്ട അനുഭവം പങ്കുവെച്ചത്.വനിതാ ക്രിക്കറ്റിനോട് അദ്ദേഹത്തിന് വെറുപ്പായിരുന്നെന്നും ഡയാന പറഞ്ഞു.
കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത്കൗർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് പഴയകാര്യങ്ങൾ ഇപ്പോൾ വീണ്ടും ഓർമിപ്പിച്ചത്. ക്രിക്കറ്റ് മാന്യൻമാരുടെ മാത്രം കളിയല്ലെന്നും, എല്ലാവരുടെയും കളിയാണെന്നുമാണ് ഹർമൻ പറയാതെ പറഞ്ഞത്. ലോകകപ്പ് കിരീടവുമായി ഉറങ്ങുന്ന ചിത്രം പങ്കുവെച്ച ഇന്ത്യൻ വനിതാ ടീം ക്യാപറ്റന്റെ ടീഷർട്ടിലാണ് ക്രിക്കറ്റ് എല്ലാവരുടേതുമാണെന്ന് രേഖപ്പെടുത്തിയത്.
ക്രിക്കറ്റ് എന്നത് മാന്യൻമാരുടെ കളിയാണ് എന്നതിലെ മാന്യൻമാർ എന്നത് വെട്ടി,എല്ലാവരുടെയും കളിയാണ് എന്നാണ് പ്രിന്റ് ചെയ്തത്. ക്രിക്കറ്റിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് ഹർമന്റെ ചിത്രമെന്നാണ് ആരാധകരുടെ പക്ഷം. ശ്രീനിവാസന്റെ പ്രതികരണവും ആരാധകർ ഇതിനോട് കൂട്ടിവായിക്കുന്നു. 2014വരെ ഇന്ത്യൻ ക്രിക്കറ്റ് തലപ്പത്തുണ്ടായിരുന്ന അദ്ദേഹം ഐപിഎൽ വാതുവെപ്പ് വിവാദത്തെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്.