മയങ്ക് അഗര്‍വാളിന് ഫ്‌ളയിങ് കിസ് നല്‍കി രോഹിത് ശര്‍മ്മ; നാണത്തോടെ മുഖം തിരിച്ച് താരം- വീഡിയോ

കൊല്‍ക്കത്ത യുവപേസറുടെ പെരുമാറ്റത്തിന് ഐപിഎല്‍ അച്ചടക്ക സമിതി പിഴ ശിക്ഷ ചുമത്തിയിരുന്നു.

Update: 2024-03-27 11:50 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-സണ്‍റൈസേഴ്‌സ് മത്സരത്തിലെ ഹര്‍ഷിത് റാണയുടെ ഫ്‌ളയിങ് കിസ് പുനരാവിഷ്‌കരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഹൈദരാബാദിലെ പരിശീലനത്തിനിടെയാണ് മയങ്ക് അഗര്‍വാളിന് ഫ്‌ളയിങ് കിസ് നല്‍കി മുംബൈ താരം തമാശ പങ്കിട്ടത്. തൊട്ടടുത്തുനിന്ന ഹൈദരാബാദ് താരം നാണത്തോടെ മുഖം തിരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി.

നേരത്തെ കൊല്‍ക്കത്ത യുവപേസറുടെ പെരുമാറ്റത്തിന് ഐപിഎല്‍ അച്ചടക്കസമിതി പിഴശിക്ഷ ചുമത്തിയിരുന്നു. ഹൈദരാബാദിന്റെ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയശേഷം ഫ്‌ളയിംഗ് കിസ് നല്‍കി യാത്രതയപ്പ് നല്‍കിയതിനാണ് ഹര്‍ഷിത് റാണക്ക് മാച്ച് റഫറി മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തിയത്. ഹര്‍ഷിത് റാണ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 കുറ്റം ചെയ്തതായി മാച്ച് റഫറി കണ്ടെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ താരത്തിന്റെ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ് മത്സരം കൊല്‍ക്കത്തക്ക് അനുകൂലമാക്കിയത് ഹര്‍ഷിതായിരുന്നു. നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ താരം നിര്‍ണായക മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

ഇന്ന് രാത്രി 7.30നാണ് മുംബൈ-ഹൈദരാബാദ് മത്സരം. ആദ്യ മത്സരത്തില്‍ മുംബൈ ഗുജറാത്ത് ടൈറ്റന്‍സിനോടും ഹൈദരാബാദ് കൊല്‍ക്കത്തയോടും തോല്‍വി വഴങ്ങിയിരുന്നു. മുംബൈ നിരയില്‍ മാറ്റങ്ങളുണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇന്നത്തെ മത്സരം താരത്തിനും പ്രധാനമാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News