അഞ്ചു താരങ്ങളെ ഒഴിവാക്കാൻ ചെന്നൈ, മാറ്റത്തിന് ആർസിബി; ഐപിഎൽ മിനി ലേലത്തിന് മുൻപ് പുറത്താകുന്ന താരങ്ങൾ?
കഴിഞ്ഞ സീസണിൽ കളിക്കാതിരുന്ന ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ വരാനിരിക്കുന്ന മിനിലേലത്തിലെ ശ്രദ്ധേയ സാന്നിധ്യമാകും
രാജസ്ഥാൻ റോയൽസിനൊപ്പമുള്ള യാത്രയ്ക്ക് സഞ്ജു സാംസൺ ഫുൾസ്റ്റോപ്പിടുമോ... ചെന്നൈ സൂപ്പർ കിങ്സ് അടിമുടി മാറുമോ. മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നിന്ന് സർപ്രൈസ് നീക്കമുണ്ടാകുമോ... ആർസിബിയുടെ ഫ്യൂച്ചർ പ്ലാനിൽ ആരൊക്കെ. ഐപിഎൽ മിനിലേലം ഡിസംബറിൽ നടക്കാനിരിക്കെ അണിയറിൽ കൂടുമാറ്റ നീക്കങ്ങൾക്ക് ഇതിനോടകം ചൂടുപിടിച്ചു. അടുത്തമാസം പകുതിയോടെ ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണമെന്നതിനാൽ പലവിധത്തിലുള്ള സ്ട്രാറ്റർജിയാണ് ഫ്രാഞ്ചൈസികൾ തേടുന്നത്. പുതിയ സീസൺ ലക്ഷ്യമിട്ട് ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങൾ ആരെല്ലാം. പരിശോധിക്കാം.
ഐപിഎൽ പതിനെട്ടാം പതിപ്പിൽ ഏറ്റവും കൂടുതൽ പരിക്കേറ്റ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. 14 മാച്ചിൽ നാല് ജയം മാത്രം സ്വന്തമാക്കിയ സിഎസ്‌കെ ഫിനിഷ് ചെയ്തത് ഏറ്റവും അവസാനത്തിൽ. തുടക്കത്തിൽ ഋതുരാജ് ഗെയിക്വാദാണ് ക്യാപ്റ്റൻ ക്യാപ്പ് അണിഞ്ഞതെങ്കിൽ പിന്നീട് സാക്ഷാൽ എംഎസ് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തിട്ടും രക്ഷയുണ്ടായില്ല. പ്രതീക്ഷയോടെയെത്തിച്ച ടോപ് ഓർഡർ പ്ലെയേഴ്സിന്റെ മോശം ഫോമാണ് മുൻ ചാമ്പ്യൻമാർക്ക് തിരിച്ചടിയായത്. ഇതോടെ മിനിലേലത്തിന് മുൻപായി ചില കടുത്ത തീരുമാനങ്ങളിലേക്ക് ടീം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സാം കറൺ, ഡെവോൺ കോൺവെ, ദീപക് ഹൂഡെ, വിജയ് ശങ്കർ, രാഹുൽ ത്രിപാഠി. എന്നിവരാണ് സിഎസ്‌കെയുടെ റിലീസ് പട്ടികയിൽ പറഞ്ഞുകേൾക്കുന്ന പ്രധാന പേരുകൾ. ഇതിന് പുറമെ ആർ അശ്വിൻ ഐപിഎല്ലിൽ നിന്ന് നേരത്തെ വിരമിച്ചതിനാൽ സൂപ്പർ കിങ്സ് പെഴ്സിൽ അധികമായി 9.75 കോടി കൂടി ആഡ് ചെയ്യപ്പെടും. 44കാരൻ എംഎസ് ധോണി ഇത്തവണയും ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പോയ സീസണിൽ അവസാന ലാപ്പിൽ ഒപ്പമെത്തിച്ച് ടീമിന്റെ ലൈഫ് ലൈനായ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രേവിസ്, ആയുഷ് മാത്രെ, ഉർവിൽ പട്ടേൽ എന്നിവർ മുൻചാമ്പ്യൻമാരുടെ സുപ്രധാന താരങ്ങളായി അടുത്ത പതിപ്പിലുണ്ടാകുമെന്ന കാര്യം തീർച്ചയാണ്. ഐപിഎല്ലിന് ശേഷം ടി20 ദേശീയ ടീമിലും ബ്രേവിസ് മിന്നും ഫോമിലാണ്. ട്രെഡിങ് വിൻഡോയിലൂടെ സഞ്ജു സാംസണെ ഒപ്പമെത്തിക്കാനുള്ള ശ്രമങ്ങൾ ടീം തുടരാനുള്ള സാധ്യതയും കൂടുതലാണ്. ഒരു ഐപിഎൽ സീസൺ അവസാനിപ്പിച്ച് ഒരാഴ്ചക്കകം ഓപ്പണാകുന്ന ട്രേഡ് വിൻഡോ അടുത്ത ഐപിഎൽ ഓക്ഷന് ഏഴ് ദിവസം മുൻപ് വരെയാണ് നിലനിൽക്കുക. അതായത് സഞ്ജുവിനെ എത്തിക്കാൻ സിഎസ്‌കെയ്ക്ക് ഇനിയും സമയമുണ്ടെന്നർത്ഥം. മിനിലേലത്തിന് മുൻപായി പ്രധാന താരങ്ങളെ റിലീസ് ചെയ്യുന്നതിലൂടെ സിഎസ്‌കെ പെഴ്സിൽ കൂടുതൽ തുകയെത്തുമെന്നതും ട്രേഡ് സാധ്യത വർധിപ്പിക്കുന്നു.
ചെന്നൈക്കൊപ്പം പോയ സീസണിൽ അടിതെറ്റിയ മറ്റൊരു ടീമാണ് രാജസ്ഥാൻ റോയൽസ്. അടിമുടി പാളിയ രാജസാൻ 14 മാച്ചിൽ നാല് ജയവുമായി സീസൺ അവസാനിപ്പിച്ചത് ഒൻപതാമതായി. ക്യാപ്റ്റൻ സഞ്ജു സാംസൺ ക്യാപ്റ്റൻസി റോളിൽ തുടരുമോയെന്നതാണ് ആർആറിൽ നിന്നുള്ള ഏറ്റവും പ്രധാന വാർത്ത. മാസങ്ങളായി തുടർന്നുവരുന്ന ഈ അഭ്യൂഹങ്ങൾക്ക് വരുംദിവസങ്ങളിൽ വ്യക്തത വരും. ട്രേഡിൽ സഞ്ജു കളംമാറിയാൽ റയാൻ പരാഗിനാകും ക്യാപ്റ്റൻസിയിൽ കൂടുതൽ സാധ്യത. പോയ പതിപ്പിൽ നിരാശപ്പെടുത്തിയ ഷിമ്രാൺ ഹെറ്റ്മെയറിനെ ടീം റിലീസ് ചെയ്യുമെന്ന തരത്തിലും വാർത്തയുണ്ട്. പോയ സീസണിൽ 14 മാച്ചിൽ ഒരു അർധ സെഞ്ച്വറി സഹിതം 239 റൺസാണ് വിൻഡീസ് താരത്തിന്റെ സമ്പാദ്യം. 11 കോടി ചെലവിട്ടാണ് മെഗാലേലത്തിൽ ആർആർ താരത്തെ ഒപ്പമെത്തിച്ചത്. ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ശുഭം ദുബെ എന്നിവരും ടീമിന്റെ റിലീസ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്
എന്നാൽ രാഹുൽ ദ്രാവിഡിന് പകരം കുമാർ സങ്കക്കാര പരിശീലക സ്ഥാനത്തേക്കെ എത്തുന്നതോടെ ടീമിന്റെ റിലീസ് ലിസ്റ്റിൽ മാറ്റങ്ങൾക്ക് ഇടയാക്കിയേക്കും. വിൽ ജാക്സിനെ മാറ്റുമെന്ന സൂചനയാണ് മുംബൈ ക്യാമ്പിൽ നിന്ന് ഉയർന്നുകേൾക്കുന്ന പ്രധാന വാർത്ത. പോയ സീസണിൽ ഇന്റർനാഷണൽ ഡ്യൂട്ടിക്കായി താരം മടങ്ങിയതോടെ പ്ലേഓഫിൽ ജോണി ബെയിസ്റ്റോയെയാണ് മുൻ ചാമ്പ്യൻമാർ ടീമിലെത്തിച്ചത്. രണ്ട് മത്സരത്തിൽ മാത്രം കളത്തിലിറങ്ങിയ ബെയിസ്റ്റോ തകർപ്പൻ എൻട്രിയും നടത്തി.. പ്ലേഓഫിൽ ഇറങ്ങി ഇംപാക്ടുണ്ടാക്കിയ താരത്തെ ടീം അടുത്ത സീസണിൽ നിലനിർത്തിയേക്കും. 2025 സീസണിൽ 13 മാച്ചിൽ നിന്നായി 233 റൺസാണ് ജാക്സിന് നേടാനായത്. ഒരു അർധ സെഞ്ച്വറിമാത്രം. അതേസമയം ബോളിങിൽ ആറു വിക്കറ്റുമായി ഭേദപ്പെട്ട പ്രകടനമാണ് ജാക്സ് പുറത്തെടുത്തത്. പോയ സീസണിൽ മുംബൈ ഇന്ത്യൻസ് വലിയ പ്രതീക്ഷയോടെയെത്തിച്ച ബിബിസി സഖ്യം ഈ സീസണിൽ വേർപിരിയുമെന്ന തരത്തിലും റൂമറുകളുണ്ട്. ദീപക് ചഹാറിനെ മുംബൈ റിലീസ് ചെയ്യാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.14 മാച്ചിൽ 11 വിക്കറ്റാണ് ചഹാറിന് 2025ൽ നേടാനായത്. തുടരെ പരിക്കിന്റെ പിടിയിലാകുന്നതും ഡെത്ത് ഓവറുകളിൽ റൺസ് റൺസ് വഴങ്ങുന്നതുമെല്ലാം താരത്തിന് തിരിച്ചടിയാകും. റീസ് ടോഫ്ലി, കരൺ ശർമ, മുജീബ് റഹ്‌മാൻ എന്നിവരും മുംബൈയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഐപിഎൽ കിരീടം നിലനിർത്തുക ലക്ഷ്യമിട്ട് ഒരുങ്ങുന്ന ആർസിബി മിനി ലേലത്തിൽ കാര്യമായ മാറ്റങ്ങൾക്ക് നിൽക്കില്ല. എന്നാൽ സൂപ്പർ താരം വിരാട് കോഹ്ലിയെ ചുറ്റപ്പറ്റിയുള്ള റൂമറുകളാണ് ഇപ്പോൾ ബെംഗളൂരുവിൽ നിന്ന് ഉയർന്നു കേൾക്കുന്ന പ്രധാന വാർത്ത. ഫ്രാഞ്ചൈസിക്കൊപ്പമുള്ള വാണിജ്യ കരാർ കോഹ്ലി പുതുക്കാതെ വന്നതോടെ താരം ടീം വിടുമെന്നന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ വാണിജ്യ കരാറിന് ഫ്രാഞ്ചൈസിയുമായുള്ള പ്രധാന കരാറുമായി ബന്ധമില്ലെന്ന വാദമാണ് മറുഭാഗം ഉയർത്തുന്നത്. അടുത്ത സീസണിന് മുൻപായി ആർസിബിയുടെ ഉടമസ്ഥതയിൽ മാറ്റമുണ്ടായേക്കാമെന്നും അതുകൊണ്ടാണ് കോഹ്ലി വാണിജ്യ കരാറിന് കൈകൊടുക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്. പരസ്യങ്ങൾ, ഫോട്ടോ ഷൂട്ടുകൾ, സ്വകാര്യ പരിപാടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വാണിജ്യകരാർ അഥവാ ഇമേജ് റൈറ്റ്‌സ്. എന്നാൽ പ്രതിഫലം, ബോണസ് ഉൾകൊള്ളുന്നതാണ് ടീമിനൊപ്പമുള്ള പ്രധാന കരാർ.റിലീസ് ലിസ്റ്റിൽ ആർസിബി നിരയിൽ പ്രചരിക്കുന്ന പ്രധാന പേരുകളിലൊന്ന് ലിയാം ലിവിങ്സ്റ്റണിന്റേതാണ്. 2025 പതിപ്പിൽ 10 മാച്ചിൽ ഒരു അർധ സെഞ്ച്വറിയടക്കം 112 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. മയങ്ക് അഗർവാൾ, നുവാൻ തുഷാര എന്നിവരും പട്ടികയിലുണ്ട്.
കൊൽക്കത്ത നിരയിൽ ക്വിന്റൺ ഡികോക്ക്, വെങ്കടേഷ് അയ്യർ, മൊയീൻ അലി, ആൻഡ്രിച് നോർകെ, സ്പെൻസർ ജോൺസൻ എന്നിവരാണ് റിലീസ് പട്ടികയിലെ പ്രധാന പേരുകൾ. അജിൻക്യ രഹാനെക്ക് പകരം പുതിയ ക്യാപ്റ്റനെ കൊണ്ടുവരാനും കെകെആറിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബ് നിരയിൽ ഗ്ലെൻ മാക്സ് വെൽ, ലോക്കി ഫെർഗൂസൻ, എൽഎസ്ജിയിൽ ഡേവിഡ് മില്ലർ, ആകാഷ്ദീപ്, ഷർദുൽ താക്കൂർ...ഡൽഹിയിൽ ഡുപ്ലെസിസും ഫ്രേസർ മഗ്ഗർക്കും നടരാജനും..ഗുജറാത്ത് നിരയില്ർ ഇശാന്ത് ശർമയും ക്വയെറ്റ്സയും... വലിയൊരു റിലീസ് പട്ടികയാണ് മിനിലേലത്തിന് മുൻപായി ഒരുങ്ങുന്നത്. ഈ ലേലത്തിൽ ഏറ്റവും ഹോട്ട് ചോയ്‌സാകുമെന്ന് എല്ലാവരും പ്രവചിക്കുന്നത് കാമറൂൺ ഗ്രീനിനെയാണ്. പന്തെറിയാനും വെടിക്കെട്ട് നടത്താനും ശേഷിയുള്ള കാമറൂൺ ഗ്രീൻ പരിക്കിന് ശേഷം മടങ്ങിവരുന്നത് ഐപിഎൽ ലേലടേബിളുകൾ ആഘോഷമാക്കും എന്നാണ് പ്രവചനങ്ങൾ.