അവസാന ഓവറിൽ പൊരുതി വീണ് പഞ്ചാബ്; ഹൈദരാബാദിന് രണ്ട് റൺസ് ജയം

ഗുജറാത്തിനെതിരെ ഉജ്ജ്വല പ്രകടനം നടത്തിയ ശശാങ്ക് ഹൈദരാബാദിനെതിരെയും ഇതാവർത്തിച്ചു. 25 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു.

Update: 2024-04-09 18:24 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുല്ലൻപൂർ: അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് രണ്ട് റൺസ് ജയം. സൺറൈസേഴ്‌സ് വിജയ ലക്ഷ്യമായ 183 റൺസിലേക്ക് ബാറ്റ് വീശിയ പഞ്ചാബ്  സ്വന്തം തട്ടകത്തിൽ അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയത്. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറിൽ ആതിഥേയർക്ക്  ജയത്തിന് വേണ്ടിയിരുന്നത് 29 റൺസായിരുന്നു. ആദ്യ പന്ത് സിക്‌സർ പറത്തി തുടങ്ങിയ ഫിനിഷർ അശുതോഷ് പ്രതീക്ഷ നൽകി. അടുത്ത രണ്ട് പന്തുകളും വൈഡായി. രണ്ടാം പന്തിൽ വീണ്ടും സിക്‌സർ പറത്തി വിജയത്തിലേക്ക് ഒരുപടികൂടി അടുത്തു. അടുത്ത രണ്ടുപന്തും മികച്ച സ്ലോബോൾ എറിഞ്ഞ് ഉനദ്ഘട്ട് ഹൈദരാബിദിന് പ്രതീക്ഷനൽകി. രണ്ട് റൺസാണ് രണ്ട് പന്തിലും നേടിയത്. ഇതോടെ ലക്ഷ്യം രണ്ട് പന്തിൽ പത്ത് റൺസായി. എന്നാൽ അഞ്ചാം പന്ത് ഗ്യാലറിയിലെത്തിക്കാനായില്ല. ഇതോടെ ഒരുപന്തിൽ ഒൻപത് റണ്ണായിമാറി. ഹൈദരാബാദിന് മൂന്ന് ജയം ഉറപ്പായി. അവസാന പന്ത് ശശാങ്ക് സിങ് സിക്‌സർ പറത്തിയതോടെ സന്ദർശകർക്ക് രണ്ട് റൺസ് ജയം.

പവർപ്ലെയിൽ റണ്ണൊഴുക്ക് കുറഞ്ഞതാണ് പഞ്ചാബ് തോൽവിക്ക് കാരണമായത്. രണ്ടാം ഓവറിൽ തന്നെ പഞ്ചാബിന് ഓപ്പണർ ജോണി ബെയര്‍‌സ്റ്റോയുടെ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കും മുമ്പെ ബെയര്‍‌സ്റ്റോയെ കമിൻസ് ബൗൾഡാക്കി. പിന്നാലെ പ്രഭ്‌സിമ്രാൻ സിംഗിനെയും(4), ക്യാപ്റ്റൻ ശിഖർ ധവാനെയും(14) മടക്കി ഭുവനേശ്വർ കുമാർ ഇരട്ടപ്രഹരമേൽപ്പിച്ചതോടെ ആദ്യ ആറോവറിൽ റൺറേറ്റ് കുത്തനെ വീണു. സാം കറനും(29) സിക്കന്ദർ റാസയും(28) മികച്ചരീതിയിൽ ബാറ്റ് വീശിയെങ്കിലും കൃത്യമായ ഇടവേളകൡ വിക്കറ്റ് നേടി ഹൈദരാബാദ് കളിയിലേക്ക് തിരിച്ചുവന്നു. ബിഗ് ഹിറ്റർ ജിതേഷ് ശർമ്മയും(19) മടങ്ങി. തുടർന്ന് ഒത്തുചേർന്ന അശുതോഷ് ശർമ്മ-ശശാങ്ക് സിങ് കൂട്ടുകെട്ട് മത്സരം ആവേശത്തിലാക്കി. അവസാന നാലോവറിൽ 66 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഗുജറാത്തിനെതിരെ ഉജ്ജ്വല പ്രകടനം നടത്തിയ ശശാങ്ക് ഹൈദരാബാദിനെതിരെയും ഇതാവർത്തിച്ചു. 25 പന്തിൽ 46 റൺസുമായി താരം പുറത്താകാതെ നിന്നു. അവസാന ഓവറിൽ ആഞ്ഞടിച്ച അശുതോഷ് 15 പന്തിൽ 33 റൺസ് നേടി. ഹൈദരാബാദിനായി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. യുവതാരം നിതീഷ് കുമാർ റെഡിയുടെ (37 പന്തിൽ 64) റൺസുമായി ടോപ് സ്‌കോററായി. പഞ്ചാബിനായി അർഷ്ദീപ് സിങ് നാലു വിക്കറ്റുമായി മികച്ചുനിന്നു.  ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം പവർപ്ലെയിൽ തകർത്തടിച്ച ഹൈദരാബാദിന് പഞ്ചാബ് തട്ടകത്തിൽ തിരിച്ചടിനേരിട്ടു. മൂന്ന് വിക്കറ്റാണ് ആദ്യ ആറോവറിൽ നഷ്ടമായത്. ആസ്‌ത്രേലിയൻ താരം ട്രാവിസ് ഹെഡ്(15 പന്തിൽ 21), ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം(0) താരങ്ങളെ പെട്ടെന്ന് മടക്കി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് ഓറഞ്ച് ആർമിക്ക് പ്രഹരമേൽപ്പിച്ചു. മികച്ച തുടക്കവുമായി മുന്നേറിയ അഭിഷേക് ശർമ്മയെ(11 പന്തിൽ 16) സാംകറണും പുറത്താക്കിയതോടെ റണ്ണൊഴുക്ക് കുറഞ്ഞു. തുടർന്ന് ക്രീസിലെത്തിയ ആന്ധ്രപ്രദേശിലെ ആഭ്യന്തരക്രിക്കറ്റ് പരിചയമുള്ള നിതീഷ് കുമാർ റെഡ്ഡി സമ്മർദ്ദമേതുമില്ലാതെ ബാറ്റുവീശി. ഇതോടെ സ്‌കോറിംഗ് വേഗമുയർന്നു. മറുവശത്ത് ഇംപാക്ട് പ്ലെയറായെത്തിയ രാഹുൽ ത്രിപാടി(11) വീണ്ടും പരാജയമായി. തൊട്ടുപിന്നാലെ സൂപ്പർ താരം ഹെന്റിക് ക്ലാസനും (9) ഔട്ടായതോടെ സന്ദർശകർ തിരിച്ചടിനേരിട്ടു. എന്നാൽ പിന്നീട് ക്രീസിലെത്തിയ അബ്ദുൽ സമദ് (12 പന്തിൽ 25) നിതീഷിനൊപ്പം അടിച്ച് തകർത്തതോടെ സ്‌കോർ 100 കടന്നു. അവസാന ഓവറിൽ ഷഹബാസ് അഹമ്മദ് (ഏഴ് പന്തിൽ 14) ആഞ്ഞടിച്ചതോടെ ഭേദപ്പെട്ട സ്‌കോറിലേക്കെത്താനായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News