ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് 135 റണ്‍സ് വിജയലക്ഷ്യം

28 റണ്‍സെടുത്ത അബ്ദുല്‍ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍

Update: 2021-09-22 16:15 GMT
Editor : Dibin Gopan | By : Web Desk
Advertising

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 135 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഹൈദരാബാദിന്റെ ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ ആധിപത്യം ഡല്‍ഹി ബൗളര്‍മാര്‍ക്കായിരുന്നു. ആദ്യ ഓവറില്‍ ഡേവിഡ് വാര്‍ണറെ പൂജ്യനാക്കി മടക്കി അയച്ച നോര്‍ജെയാണ് ഡല്‍ഹിയുടെ ആധിപത്യത്തിന് തുടക്കം കുറിച്ചത്. പിന്നീടെത്തിയ ഹൈദരാബാദിന്റെ ഒരു ബാറ്റ്‌സ്മാനും ഡല്‍ഹി ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ സാധിച്ചില്ല.

28 റണ്‍സെടുത്ത അബ്ദുല്‍ സമദാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി റബാദ മൂന്ന് വിക്കറ്റും നോര്‍ജെയും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകളും നേടി.

ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ ശ്രേയസ് അയ്യര്‍ പരിക്കുമാറി തിരിച്ചെത്തി. കോവിഡ് ഭീഷണിയിലാണ് മത്സരം നടക്കുക. മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് ബൗളര്‍ ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചിരിരുന്നു. വിജയ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ആറ് ടീമംഗങ്ങള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്.

നിലവില്‍ പോയന്റ് പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഫോമും ആവേശ് ഖാന്റെ മികച്ച ബൗളിങ്ങും ശ്രേയസ്സ് അയ്യരുടെ തിരിച്ചുവരവുമെല്ലാം ഡല്‍ഹിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയന്റുകളാണ് ടീമിനുള്ളത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സ് ഇല്ലാതെയാണ് ഡല്‍ഹി കളിക്കുക. വോക്‌സിന് പകരം ഓസീസ് പേസ് ബൗളര്‍ ബെന്‍ ഡ്വാര്‍ഷ്യസിനെ ഡല്‍ഹി തട്ടകത്തിലെത്തിച്ചു. മറുവശത്ത് സണ്‍റൈസേഴ്‌സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് വില്യംസണും സംഘവും ഇതുവരെ നേടിയിരിക്കുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും ടീം വിജയിക്കണം.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News