പഞ്ചാബിന്റെ നെഞ്ച് തകർത്ത നാല് ഓവറുകൾ; ആർസിബിയുടെ ഭാഗ്യതാരമായി ക്രുണാൽ

രണ്ട് ഐപിഎൽ ഫൈനലുകളിൽ പ്ലെയർ ഓഫ്ദിമാച്ചാകുന്ന ആദ്യ താരമെന്ന നേട്ടവും ക്രുണാൽ സ്വന്തമാക്കി

Update: 2025-06-04 15:59 GMT
Editor : Sharafudheen TK | By : Sports Desk

 പവർപ്ലേ തീരുമ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ കുറിച്ചത് 52 റൺസ്. പ്രഭ്‌സിമ്രാൻ സിങും ജോഷ് ഇംഗ്‌ലിസും ക്രീസിലുണ്ട്. ശ്രേയസും ശശാങ്കും സ്റ്റോയ്‌നിസും അടക്കമുള്ള വൻ താരനിര വരാനിരിക്കുന്നു. വിക്കറ്റുകൾ കയ്യിലിരിക്കേ അഹമ്മദാബാദിലെ പിച്ചിൽ 190 എന്നത് ഈസിയായി കൈയ്യടക്കാവുന്ന ഒരു ലക്ഷ്യമാണ്. കോഹ്‌ലിയുടെ മുഖത്ത് ആശങ്കയുടെ കാർമേഘങ്ങൾ പാറിനടന്നു. ആർസിബി കുപ്പായമിട്ട് ഗ്യാലറിയിലെത്തിയ പതിനായിരങ്ങളും ടിവിക്ക് മുന്നിൽ ആരാധകരും ഒരു ഗെയിം ചേഞ്ചിങ് സ്‌പെല്ലിനായി കാത്തിരിക്കുകയായിരുന്നു.

ക്യാപ്റ്റൻ രജത് പാട്ടീദാറുടെ വിളികേട്ട് ഒരാൾ ബൗളിങ് എൻഡിലെത്തി. തലയിൽ ചുവന്ന റിബ്ബണും കനലെരിയുന്ന കണ്ണുകളുമായി ഒരാൾ. ക്രുണാൾ ഹിമാൻഷു പാണ്ഡ്യ. പഞ്ചാബിന് മുൻതൂക്കമുണ്ടെന്ന് കമന്ററി ബോക്‌സടക്കം പറയുന്ന ഒരു മത്സരത്തിൽ അയാൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പന്ത് എറിയാനൊരുങ്ങി. പല തരം വേരിയഷനുകളുള്ള ആ ഓവറിൽ പിറന്നത് മൂന്ന് റൺസ് മാത്രം. തൊട്ടുപിന്നാലെ എറിഞ്ഞ സുയാൻഷിനെ പക്ഷേ പഞ്ചാബ് ടാർഗറ്റ് ചെയ്തു. ആ ഓവറിൽ 15 റൺസ് അടിച്ചുകയറ്റി പഞ്ചാബ് വീണ്ടും ട്രാക്കിലേക്ക് കയറി. ലക്ഷക്കണക്കിന് ആർസിബി ആരാധകരുടെ പ്രാർത്ഥനയുമായി ക്രുണാൾ വീണ്ടും പന്തെടുത്തു. ആദ്യ രണ്ട് പന്തുകളിൽ പിറന്നത് രണ്ട് സിംഗിൾ മാത്രം. ക്രീസിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന പ്രഭ്സിമ്രാനു നേരെ ക്രുണാൾ 80 കിലോമീറ്റർ മാത്രം വേഗതയുള്ള ഒരു പന്തെറിഞ്ഞു. അതിൽ പ്രഭ്‌സിമ്രാൻ വീണു.

Advertising
Advertising

അത് പഞ്ചാബ് ക്യാമ്പിനുള്ള ഒരു മെസ്സേജ് കൂടിയായിരുന്നു. ഈ മത്സരത്തിൽ ഉടനീളം ആർസിബിക്കെതിരെ അവർ പയറ്റിയത് സ്‌ളോ ബൗൺസറുകളായിരുന്നു. ആസ്‌ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ പലകുറി വിജയം കണ്ടിട്ടുള്ള തന്ത്രമായിരുന്നു അവർ ആർസിബിക്കെതിരെ പയറ്റിയത്. കോച്ച് റിക്കി പോണ്ടിങ്ങും അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിനും ഫാസ്റ്റ് ബൗളിങ് കോച്ച് ജെയിംസ് ഹോപ്‌സും അടക്കമുള്ള ഓസീസ് തലച്ചോറിൽ ഉദിച്ച ബുദ്ധി. അവരത് കൃത്യമായി എക്‌സിക്യൂട്ട് ചെയ്തു. സാക്ഷാൽ വിരാട് കോഹ്‌ലി പോലും അതിൽ പതറിപ്പോയി. പക്ഷേ സ്പീഡ് വേരിയേഷൻ കൊണ്ട് പഞ്ചാബ് ബൗളർമാരെക്കാളും കളിക്കാനറിയുന്ന ഒരാൾ ഇപ്പുറത്തുമുണ്ടായിരുന്നു. അതാണ് ക്രുണാൾ. നിന്ന നിൽപ്പിൽ 100ന് മുകളിലും 80ലും എനിയാൻ കപ്പാസിറ്റിയുള്ള ബുദ്ധിമാനായ ക്രിക്കറ്റർ. ഈ സീസണിൽ ബൗൺസർ വരെ എറിഞ്ഞ് എതിരാളികളെ അയാൾ ഞെട്ടിച്ചിട്ടുണ്ട്. അങ്ങനെ ആ ഓവറിൽ പിറന്നത് വെറും നാല് റൺസ്. ആർസിബി ഡ്രൈവിങ് സീറ്റിലേക്ക് കയറിത്തുടങ്ങി.

തൊട്ടടുത്ത ഓവറിൽ ശ്രേയസിനെ മടക്കി റൊമാരിയോ ഷെഫേർഡ് ആർസിബി ക്യാമ്പിലേക്ക് ഒരു പൂത്തിരി കൂടി കത്തിച്ചിട്ടു. കളി കൈയ്യിലേക്ക് വരുന്നതറിഞ്ഞ പാട്ടീദാർ വീണ്ടും ക്രുണാളിനെ വിളിച്ചു. ആ ഓവറിലെ ആദ്യ പന്തിൽ സിക്‌സറുമായി ജോഷ് ഇങ്‌ലിസ് ക്രുണാളിന് മറുപടി പറഞ്ഞു. പക്ഷേ ക്രുണാൾ പതറിയില്ല. ശേഷിക്കുന്ന അഞ്ചുപന്തിൽ നിന്നും കൺസീഡ് ചെയ്തത് ഒരൊറ്റ റൺസ് മാത്രം. വീണ്ടും റൊമാരിയോ ഷപ്പേർഡ് പന്തെറിഞ്ഞു. ജോഷ് ഇംഗ്ലിഷെന്ന ആസ്‌ട്രേലിയക്കാരൻ കളം പിടിച്ചുവരികയാണ്. ഈ മത്സരവും 18 വർഷത്തെ കാത്തിരിപ്പും അവസാനിപ്പിക്കാൻ ഇംഗ്ലിഷിന്റെ വിക്കറ്റ് കൂടി വേണമെന്ന് ആർസിബി ക്യാമ്പിനറിയാം. ഓൾറെഡി മൂന്ന് ഓവർ എറിഞ്ഞ ക്രുണാളിനെ അയാളുടെ നാലാം ഓവറും എറിയാനായി വിളിച്ചു.

ഈ ഓവറിൽ ക്രുണാളിനെ അടിച്ചാൽ കളിതിരിയുമെന്ന് മനസ്സിലാക്കിയ ഇങ്ക്‌ലിസ് ആദ്യ പന്തിനെ ലോങ് ഓണിലേക്ക് പറത്തി. പക്ഷേ അത് ലിയാം ലിവിങ്സ്റ്റണിന്റെ കൈകളിൽ അവസാനിച്ചു. ബൗണ്ടറി റോപ്പിനോട് ചാരി ലിവിങ്സ്റ്റൺ പിടിച്ചെടുത്തത് മത്സരം കൂടിയാണെന്നാണ് കമന്ററ ബോക്‌സിൽ നിന്നും ആ സമയം ഉയർന്നുകേട്ടത്. ഒരു യുദ്ധം ജയിച്ചവന്റെ ഭാവത്തിൽ ക്രുണാൾ കൈകളുയർത്തി. ആ ഓവറിൽ പിറന്നത് വെറും മൂന്ന് റൺസ് മാത്രം. ക്രുണാളിന്റെ നാലോവറിൽ പിറന്നത് വെറും 17 റൺസ്. കൂടെ രണ്ട് നിർണായകവിക്കറ്റുകളും. ഒരൊറ്റ സ്‌പെല്ലിൽ കളിതന്നെ അങ്ങ് ഈ അഹമ്മദാബാദുകാരൻ മാറ്റി. കൂടെ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും. 2017ൽ മുംബൈക്കായി ഫൈനലിലും പ്ലെയർ ഓഫ് ദി മാച്ചും നേടിയിരുന്നു. രണ്ട് ഫൈനലുകളിൽ കളിയിലെ താരമാകുന്ന ആദ്യത്തെയാൾ കൂടിയായി ഈ ഓൾറൗണ്ടർ.

മെഗാലേലത്തിൽ ഞങ്ങളുടെ ഏറ്റവും മികച്ച സൈനിങുകളിൽ ഒന്നായി സീനിയർ പാണ്ഡ്യയെ നേരത്തേ ആർസിബി കോച്ച് ആൻഡി ഫ്ളവർ വിശേഷിപ്പിച്ചിരുന്നു. പോയ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിൽ ഇംപാക്ടുണ്ടാക്കാതിരുന്ന താരത്തെ 5.75 കോടിക്കാണ് ബെംഗളൂരു ഒപ്പംകൂട്ടിയത്. ലേലത്തിൽ ആർസിബിയുടെ പാളിയ സ്ട്രാറ്റർജിയാണെന്നുള്ള വിമർശനവും തൊട്ടുപിന്നാലെയുയർന്നു. എന്നാൽ എല്ലാത്തിനുമുള്ള മറുപടിയായിരുന്നു ഇതുവരെ അയാളുടെ പ്രകടനം. പവർപ്ലെയിലും മധ്യഓവറിലും വേണ്ടിവന്നാൽ ഡെത്ത് ഓവറിലും ക്യാപ്റ്റൻ രജത് പടിദാറിന്റെ വിശ്വസ്തനായി. അപ്രതീക്ഷിത ബൗൺസറുകളും വൈഡ് യോർക്കറുകളുമായി എതിരാളികളെ ഭയപ്പെടുത്തി. പലപ്പോഴും മധ്യഓവറുകളിൽ ആർസിബി ബൗളിങിനെ ബാലൻസ് ചെയ്ത് നിർത്തുന്ന റോളാണ് അയാൾ നിർവഹിച്ചത്. നിർണായക സമയങ്ങളിൽ ബാറ്റ് കൊണ്ടും രക്ഷകനായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News