ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് ഇഷാനെ ക്ഷണിച്ചു; നിരസിച്ചുവെന്ന് റിപ്പോർട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് കിഷാൻ ടീം വിടുന്നത്.

Update: 2024-03-02 12:32 GMT
Editor : rishad | By : Web Desk

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ഇഷാന്‍ കിഷന് അവസരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ താരം നിഷേധിച്ചിരുന്നതായും റിപ്പോര്‍ട്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ ഇഷാനെ ബി.സി.സി.ഐ. അധികൃതര്‍ ബന്ധപ്പെട്ടപ്പോഴാണാത്രെ നിരസിച്ചത്. ഇ.എസ്.പി.എന്‍. ക്രിക്ക്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് കിഷാൻ ടീം വിടുന്നത്. ടീമിനൊപ്പം നിരന്തരം സഞ്ചരിക്കുന്നതിനാൽ മാനസികമായി തളർന്നിരിക്കുകയാണെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇടവേള ആവശ്യമാണെന്നുമാണ് കിഷാൻ കാരണമായി പറഞ്ഞിരുന്നത്. കുട്ടിയല്ലെ എന്ന് കരുതി മാനേജ്‌മെന്റ് ആവശ്യം അംഗീകരിക്കുകയും ചെയ്തു. എന്നാൽ കിഷൻ ചെയ്തതോ ദുബൈയിൽ പോയി ആടിപ്പാടി.

Advertising
Advertising

ബി.സി.സി.ഐ അപ്പോഴെ ഒന്നു ഓങ്ങിവെച്ചതായിരുന്നു. എന്നാൽ ആഭ്യന്തര മത്സരങ്ങൾ കളിച്ചുവരട്ടെ പ്രശ്‌നങ്ങൾ പരിഹരിച്ചേക്കാം എന്ന് കരുതി. പരിശീലകൻ രാഹുൽ ദ്രാവിഡ് ഉൾപ്പെടെ ഇക്കാര്യം നിരന്തരം പറഞ്ഞെങ്കിലും, കിഷൻ കേട്ടഭാവം നടിച്ചില്ല. കിഷന്റെ വരവിനായി ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ കാത്തിരുന്നുവെങ്കിലും വെറുതെയായി.

അതിനിടെ മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യക്കൊപ്പം ഐപിഎൽ പരിശീലനത്തിൽ ഏർപ്പെടുന്നതിന്റെ ചിത്രവും പുറത്തുവന്നു. ഇതേടെയാണ് ബി.സി.സി.ഐക്ക് കാര്യം ഒന്നുകൂടി വ്യക്തമായത്. കിഷൻ, ആഭ്യന്തര മത്സരങ്ങൾക്ക് അല്ല ഐ.പി.എല്ലിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന്. ഇതോടെയാണ് ഇനി കോണ്‍ട്രാക്റ്റ് ലിസ്റ്റില്‍ വേണ്ടെന്ന് ബി.സി.സി.ഐയും തീരുമാനിച്ചത്.

അതേസമയം കോൺട്രാക്റ്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെങ്കിലും കിഷന്റെ മുന്നിൽ വാതിൽ അടഞ്ഞിട്ടില്ല. ആഭ്യന്തര മത്സരങ്ങളിലേക്ക് മടങ്ങിവന്ന് മികവ് തെളിയിക്കണം. ഐ.പി.എല്ലാണ് ഇനി മുന്നിലുള്ളത്. ശേഷം ടി20 ലോകകപ്പും. ഐപിഎല്ലിലെ പ്രകടനത്തിന്റെ പേരില്‍ താരത്തെ ടി20 ടീമിലേക്ക് പരിഗണിക്കുമോ എന്നും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നു. 

Summary-Ishan Kishan refused BCCI's offer at redemption: Report

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News