'വൺമാൻ ആർമി'; ഇംഗ്ലണ്ടിനെ കൈപിടിച്ചുയർത്തി ബട്‌ലർ, സെഞ്ച്വറി

നായകൻ ഒയിൻ മോർഗനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി

Update: 2021-11-01 16:14 GMT
Editor : dibin | By : Web Desk
Advertising

ലങ്കയെ അടിച്ചൊതുക്കാൻ ഇംഗ്ലണ്ടിന് അധികമാരും വേണ്ടി വന്നില്ല, വൺ ആന്റ് ഓൺലി ബട്‌ലർ. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് 164 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മോശമായെങ്കിലും തകർത്തടിച്ച ജോസ് ബട്ലറാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്സിന് നെടുംതൂണായത്. നായകൻ ഒയിൻ മോർഗനും മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

ഒരു ഘട്ടത്തിൽ 35 റൺസിന് മൂന്ന് എന്ന സ്‌കോറിൽ നിന്ന ഇംഗ്ലണ്ടിനെ ബട്ലർ രക്ഷിക്കുകയായിരുന്നു.ഇംഗ്ലണ്ടിനുവേണ്ടി ജേസൺ റോയിയും ജോസ് ബട്ലറുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിൽ തന്നെ 12 റൺസടിച്ച് ഇരുവരും നന്നായി തുടങ്ങിയെങ്കിലും രണ്ടാം ഓവറിൽ ജേസൺ റോയിയെ ക്ലീൻ ബൗൾഡാക്കി വാനിൻഡു ഹസരംഗ ഇംഗ്ലണ്ടിന് തിരിച്ചടി നൽകി.

റോയ്ക്ക് പകരം ഡേവിഡ് മലാനാണ് ക്രീസിലെത്തിയത്. വിക്കറ്റ് വീണതോടെ ഇംഗ്ലണ്ട് അതീവ ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. എന്നാൽ മലാനെ ക്ലീൻ ബൗൾഡാക്കി ശ്രീലങ്കൻ നായകൻ ദുഷ്മന്ത ചമീര ഇംഗ്ലണ്ടിനെ വിറപ്പിച്ചു.

പിന്നാലെ വന്ന ജോണി ബെയർസ്റ്റോ നേരിട്ട ആദ്യ പന്തിൽ തന്നെ ഹസരംഗയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കയറിയടിക്കാൻ ശ്രമിച്ച ബെയർസ്റ്റോയെ ഹസരംഗ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ ഇംഗ്ലണ്ട് 35 ന് മൂന്ന് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ബെയർസ്റ്റോയ്ക്ക് പകരം നായകൻ ഒയിൻ മോർഗൻ ക്രീസിലെത്തി.

റൺസ് കണ്ടെത്താൻ മോർഗനും ബട്ലറും കഷ്ടപ്പെട്ടതോടെ ആദ്യ പത്തോവറിൽ ഇംഗ്ലണ്ടിന് വെറും 47 റൺസ് മാത്രമാണ് നേടാനായത്. സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞതോടെ ബട്ലർ ആക്രമിച്ച് കളിക്കാൻ ആരംഭിച്ചു. മോർഗനും പതിയേ ആക്രമിക്കാൻ തുടങ്ങിയതോടെ മത്സരത്തിലേക്ക് ഇംഗ്ലണ്ട് തിരിച്ചെത്തി. 15 ഓവറിൽ ടീം സ്‌കോർ 100 കടന്നു.

ടീം സ്‌കോർ 100 കടന്ന ശേഷം ബട്ലർ അപകടകാരിയായി മാറി. തുടർച്ചയായി സിക്സും ഫോറും പായിച്ച് ബട്ലർ അപകടം വിതച്ചു.19-ാം ഓവറിൽ കൂറ്റനടിയ്ക്ക് ശ്രമിച്ച മോർഗനെ ഹസരംഗ ക്ലീൻ ബൗൾഡാക്കി. 36 പന്തുകളിൽ നിന്ന് ഒരു ബൗണ്ടറിയുടെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 40 റൺസെടുത്ത ശേഷമാണ് മോർഗൻ ക്രീസ് വിട്ടത്.

20-ാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറി നേടിക്കൊണ്ട് ബട്ലർ ടീം സ്‌കോർ 150 കടത്തി. ഓവറിലെ അവസാന പന്തിൽ സിക്സ് നേടിക്കൊണ്ട് ബട്ലർ സെഞ്ച്വറി നേടി. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്. ശ്രീലങ്കയ്ക്ക് വേണ്ടി വാനിൻഡു ഹസരംഗ നാലോവറിൽ വെറും 21 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റെടുത്തു. ചമീര ഒരു വിക്കറ്റ് സ്വന്തമാക്കി

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News