മോൺസ്റ്റർ ബട്‍ലർ... അവൻ വന്നത്‌ ഒറ്റക്കായിരുന്നു

Update: 2024-04-17 15:09 GMT
Editor : safvan rashid | By : Sports Desk
Advertising

നേരിട്ട ആദ്യപന്തിൽ തന്നെ ഷി​ംറോൺ ഹെറ്റ്മയർ പുറത്താകുമ്പോൾ 12.2 ഓവർ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. മുൻനിരക്കാരായ ആറുവിക്കറ്റുകളും നഷ്ടപ്പെട്ടിരിക്കുന്നു. വിജയിക്കാനായി രാജസ്ഥാന് ബാക്കിയുള്ള 46 പന്തുകളിൽ അടി​ച്ചെടുക്കേണ്ടത് 103 റൺസാണ്. ഇത്രയും വലിയ ഒരു ടാർഗറ്റ് നാളിന്നേവരെ ഐ.പി.എല്ലിൽ ഒരു ടീമും അടിച്ചെടുത്തിട്ടില്ല. നൈറ്റ് റൈഡേഴ്സ് റൈറ്റ് ഓൺ ടോപ്പ് നൗ - കമന്റററി ബോക്സിൽ നിന്നും സഞ്ജയ് മഞ്ജരേക്കറുടെ ശബ്ദമുയർന്നു. രാജസ്ഥാൻ ഡ്രസിങ് റൂമിൽ കംപ്ലീറ്റ് സൈലൻസായിരുന്നു അപ്പോൾ. ക്രീസിൽ ബട്‍ലറുണ്ട്. പക്ഷേ 34 പന്തിൽ 42 റൺസുമായി താളം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ബട്‍ലർ. അതുവരെയുള്ള ആ ബാറ്റിന്റെ ​േഫ്ലാ കണ്ടസ്ഥിതിക്ക് അയാളിൽ വിശ്വാസമർപ്പിക്കാനും വയ്യ.

ക്രീസിൽ എന്തുചെയ്യണമെന്നറിയാത്ത വിഷയസന്ധിയിലായിരുന്നു അന്നേരം ബട്‍ലർ. ആക്രമിച്ചു കളിക്കാതെ രക്ഷയില്ല, പക്ഷേ കളയാൻ കൈയ്യിൽ വിക്കറ്റുകളുമില്ല. പൊരുതി നോക്കുക തന്നെ ശരണം. ബട്ട്‍ലർ ഗ്ലൗസൊന്ന് മുറുക്കി. ക്രീസിലൊന്ന് മുട്ടി. മത്സരത്തിൽ ഇതുുവരെ ഉജ്ജ്വലമായി പന്തെറിഞ്ഞ വരുൺ ചക്രവർത്തിയാണ് മുന്നിലുള്ളത്. പക്ഷേ സൂക്ഷിച്ച് കളിക്കാനുള്ള സമയമല്ലിത്. ക്രീസിൽ നിന്നും മുന്നോട്ട് കയറി ആഞ്ഞടിച്ചു. ബാറ്റിൽ എഡ്ജായി തട്ടി ഒരു ബൗണ്ടറി വീണുകിട്ടി. എഡ്ജായ പന്ത് ബൗണ്ടറിയിലേക്ക് പോയ നിരാശയായിരുന്നു ചക്രവർത്തിക്ക്. അടുത്ത പന്തെറിയാനായി വന്ന ചക്രവർത്തിക്ക് തന്റെ ക്ലാസ് എന്താണെന്ന് ബട്‍ലർ കാണിച്ചുകൊടുത്തു. ക്രീസിൽ നിന്നനിൽപ്പിൽ തിരിഞ്ഞൊരു ഉഗ്രൻ ബൗണ്ടറി. പന്ത് ബൗണ്ടറി ലൈനിൽ ചുംബിച്ചതിന് പിന്നാലെ ഹാഫ് സെ​ഞ്ച്വറിയും പിറന്നു. ജോസഫ് ചാൾസ് ബട്‍ലറിതാ ഫുൾ ​​േഫ്ലായിലേക്ക് കടന്നിരിക്കുന്നു. രാജസ്ഥാൻ ക്യാമ്പിൽ നേർത്ത പ്രതീക്ഷകളുയർന്നുതുടങ്ങി.

പിന്നീടങ്ങോട്ട് ഒരു മേളമായിരുന്നു. കൂട്ടാളിയായെത്തിയ റോവ്മാൻ പവലുംകൂടി ആഞ്ഞടിച്ചതോടെ ഈഡൻ ഗാർഡന് തീപിടിച്ചു തുടങ്ങി. കൊൽക്കത്തക്ക് അപായമണി അടിച്ചുതുടങ്ങിയ നേരം. എന്നാൽ പെട്ടെന്നുതീർന്ന ഇടിവെട്ടുപോലൊരു ഇന്നിങ്സുമായി പവൽ കൂടി മടങ്ങിയതോ​ടെ കൊൽക്കത്തക്ക് വീണ്ടും പ്രതീക്ഷകളുദിച്ചു. കാരണം ഇനി ക്രീസിൽ വരാനുള്ളത് ബൗളർമാരാണ്. അവരെയും കൂട്ടി ബട്ട്​ലൊരാൾ ഒറ്റക്ക് എന്തുചെയ്യാനാണ്. വിജയത്തിലെത്താൻ ഇനിയും ഒരുപാട് റൺസ് വേണം.

പക്ഷേ അസാധ്യമായത് ഒന്നുമില്ലെന്ന് ബട്‍ലർ തെളിയിച്ചു. പടയും പടനായകനും ഒരാൾ തന്നെയായ ഒറ്റക്കൊരു യുദ്ധം. മുന്നിൽ പിച്ച് ചെയ്യുന്ന ഓരോ പന്തിന്റെയും ഗതി നോക്കി വേലിക്കപ്പുറത്തേക്ക് പറത്തിവിട്ടു. പതിനെട്ടും പത്തൊമ്പതും ഓവറുകൾ എറിയാനെത്തിയ സ്റ്റാർക്കിന്റെയും റാണയുടെയും ഓവറുകളിൽ കണക്കിന് കൊടുത്ത് മത്സരം തങ്ങൾക്കനുകൂലമാക്കിയെടുത്തു. അവസാന ഓവറിൽ ചടങ്ങുകൾ തീർക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പന്ത് നിൽക്കേ സിംഗിളിലൂടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺചേസ് ​നേടിയെടുക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത നിരാശരായിലായിരുന്നു കൊൽക്കത്ത ആരാധകർ. ‘ബട്‍ലർ ഡിഡ് ഇറ്റ്’ എന്ന് ഗാലറിയിലെ സ്ക്രീനിൽ തെളിഞ്ഞു. സഹതാരങ്ങളെല്ലാം ചേർന്ന് ബട്‍ലറെ പൊതിഞ്ഞുപിടിച്ചു. എതിർടീം ഉടമയായ ഷാരൂഖ് ഖാൻ ഈഗോയില്ലാതെ എണീറ്റ് നിന്ന് കൈയ്യടിച്ചു.

സീസണിലെ രണ്ടാം സെ​​ഞ്ച്വറിയോ​ടെ ഐ.പി.എല്ലിൽ ഏറ്റവുമധികം സെഞ്ച്വറികൾ​ പേരിലുള്ള രണ്ടാമത്തെയാളെന്ന റെക്കോർഡും ബട്‍ലറുടെ പേരിലായി. ഏഴാം സെഞ്ച്വറിയോടെ ആറെണ്ണമുള്ള ക്രിസ്ഗെയിലിന്റെ റെക്കോർഡാണ് മറികടന്നത്. മുന്നിലുള്ളത് എട്ടെണ്ണം സ്വന്തമായുള്ള വിരാട് കോഹ്‍ലി മാത്രം. മത്സര ശേഷം ബട്‍ലർ പ്രതികരിച്ചത് ഇങ്ങനെ.ഐ.പി.എല്ലിൽ തന്റെ ഏറ്റവും മികച്ച ഇന്നിങ്സാണിത്. കോഹ്‍ലിയും ധോണിയും എല്ലാം ചെയ്യുന്നപോലെ പ്രതീക്ഷകൾ നഷ്ടപ്പെടുത്താതെ മത്സരത്തിന്റെ അവസാനം വരെ ക്രീസിൽ തുടരുകയെന്ന കാര്യമാണ് ഞാനും ചെയ്തത്. ഫൈറ്റ് ചെയ്യാതെ ​വിക്കറ്റ് വലിച്ചെറിഞ്ഞ് പോകരുത്. കളി മാറുന്നത് വരെ ക്ഷമയോടെ കാത്തിരിക്കൂവെന്ന കോച്ച് കുമാർ സങ്കക്കാരയുടെ പാഠമാണ് ഇതിനെ സഹായിച്ചത്.

ചിലതെല്ലാം അങ്ങനെയാണ്. ചിലർക്ക് മാത്രമേ സാധിക്കൂ.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News