കാര്യവട്ടം ഏകദിനം: വിനോദ നികുതി കുത്തനെ കൂട്ടിയതില്‍ വിശദീകരണവുമായി കെ.സി.എ

തമിഴ്നാട്ടിൽ കേരളത്തേക്കാൾ നികുതി കൂടുതലാണെന്ന് കെ.സി.എ സെക്രട്ടറി വിനോദ് കുമാര്‍

Update: 2023-01-08 09:38 GMT
Editor : ijas | By : Web Desk
Advertising

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ വിനോദ നികുതി കുത്തനെ കൂട്ടിയതിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍. വിനോദനികുതിയിൽ സർക്കാർ ഇളവ് നൽകാത്തതിനാലാണ് ടിക്കറ്റ് നിരക്ക് കൂടിയതെന്ന് കെ.സി.എ അറിയിച്ചു. ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇവിടെ ഈടാക്കുന്നതെന്നും തമിഴ്നാട്ടിൽ കേരളത്തേക്കാൾ നികുതി കൂടുതലാണെന്നും കെ.സി.എ സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു. കോർപ്പറേഷൻ ഏറ്റവും കുറഞ്ഞ നികുതിയാണ് ചുമത്തിയിരിക്കുന്നതെന്നും ഗുവാഹത്തിയിൽ 6,000 രൂപ വരെ ടിക്കറ്റ് നിരക്കുണ്ടെന്നും വിനോദ് കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

Full View

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ 5% ആയിരുന്ന വിനോദ നികുതി 12 ശതമാനമായാണ് വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ അധികം നല്‍കേണ്ടി വരും. 18% ജി.എസ്.ടിക്ക് പുറമേയാണിത്. ഇതുകൂടി ഉള്‍പ്പെടുമ്പോള്‍ ആകെ നികുതി 30% ആയി ഉയരും. അതിനിടെ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി.ആർ അനിൽ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള സ്ഥിരം വേദിയാക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ ശ്രമമാരംഭിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ടീമുകള്‍ 14ന് പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News