കൂച്ച് ബെഹാർ ട്രോഫി; ഝാർഖണ്ഡിനെതിരെ കേരളത്തിന് ആറ് റൺസ് തോൽവി
ആദ്യ ഇന്നിങ്സിൽ 127 റൺസിന്റെ ലീഡു നേടിയ ശേഷമാണ് കേരളം തോൽവി വഴങ്ങിയത്
ഹസാരിബാഗ്: കൂച്ച് ബെഹാർ ട്രോഫിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഝാർഖണ്ഡിനോട് തോൽവി വഴങ്ങി കേരളം. ആറ് റൺസിനായിരുന്നു പരാജയപ്പെട്ടത്. 187 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 180 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 127 റൺസിന്റെ ലീഡുമായി മുൻതൂക്കം നേടിയ ശേഷമാണ് കേരളം തോൽവി വഴങ്ങിയത്.
ഒരു വിക്കറ്റിന് 11 റൺസെന്ന നിലയിലായിരുന്നു കേരളം അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. എന്നാൽ 25 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. ജോബിൻ ജോബി 19ഉം ദേവഗിരി 10ഉം തോമസ് മാത്യു അഞ്ചും റൺസെടുത്ത് പുറത്തായി. അമയ് മനോജും ഹൃഷികേശും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 34 റൺസ് പിറന്നു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. അമയ് മനോജ് 17ഉം ഹൃഷികേശ് 23ഉം മൊഹമ്മദ് ഇനാൻ പൂജ്യത്തിനും പുറത്തായി.
സഹോദരങ്ങൾ കൂടിയായ ക്യാപ്റ്റൻ മാനവ് കൃഷ്ണയും മാധവ് കൃഷ്ണയും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 19 റൺസെടുത്ത മാധവ് കൂടി പുറത്താകുമ്പോൾ എട്ട് വിക്കറ്റിന് 112 റൺസെന്ന നിലയിലായിരുന്നു കേരളം. ഒരറ്റത്ത് നിലയുറപ്പിച്ച ക്യാപ്റ്റൻ മാനവ് കൃഷ്ണയും കെ വി അഭിനവും ചേർന്ന 67 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തെ വിജയത്തിന് തൊട്ടരികിൽ വരെയെത്തിച്ചത്. എന്നാൽ തന്റെ അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി അൻമോൽ രാജ് ഝാർഖണ്ഡിന് വിജയമൊരുക്കി. മാനവ് കൃഷ്ണ 71 റൺസ് നേടിയപ്പോൾ അഭിനവ് 50 പന്തുകളിൽ നിന്ന് 11 റൺസ് നേടി. ഝാർഖണ്ഡിന് വേണ്ടി ഇഷാൻ ഓം അഞ്ചും അൻമോൽ രാജും ദീപാൻശു റാവത്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.