ജയിച്ച് തുടങ്ങി ഇന്ത്യ; സൂര്യകുമാർ കളിയിലെ താരം, യുഎസ്എക്കെതിരെ ഇന്ത്യക്ക് 29 റൺസ് ജയം
മുംബൈ : ആദ്യ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യക്ക് 29 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത യുഎസ്എക്ക് 132 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ക്ലച്ച് ബാറ്റിങ് പെർഫോമൻസാണ് ജയം സമ്മാനിച്ചത്. മടങ്ങിവരവിൽ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി പേസർ മുഹമ്മദ് സിറാജ്. അർശ്ദീപ് സിങ്ങും അക്‌സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ച നേരിട്ടു. ആറ് ഓവറിനുള്ളിൽ 46 റൺസ് കൂട്ടിച്ചേർക്കവേ നാല് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ഓവറിൽ അലി ഖാന്റെ പന്തിൽ അഭിഷേക് ശർമയും (0). ആറാം ഓവറിൽ ഇഷാൻ കിഷൻ (20), തിലക് വർമ്മ (25), ശിവം ദുബെ (0) എന്നിവരാണ് പുറത്തായത്. വാൻ ഷാൽവിക്കിന്റെ ഒരു ഓവറിലാണ് മൂന്ന് വിക്കറ്റുകൾ വീണത്. ക്യാപ്റ്റൻ സൂര്യകുമാർ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 12 ഓവറിൽ മിലിന്ദിന്റെ കയ്യിലെത്തിച്ച് മൊഹ്‌സിൻ റിങ്കു സിങ്ങിനെയും തൊട്ടടുത്ത ഓവറിൽ ഹർമീത്, ഹർദിക് പാണ്ട്യയേയും പുറത്താക്കിയതോടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലായി ഇന്ത്യ. തുടർന്ന് അക്‌സർ പട്ടേലുമൊത്ത് ബാറ്റ് ചെയ്ത സൂര്യകുമാർ 16 ഓവറിൽ ഇന്ത്യൻ സ്കോർ 100 റൺസ് കടത്തി. പിന്നാലെ അക്‌സർ പട്ടേലിനെ നഷ്ടമായെങ്കിലും 18 ഓവറിൽ ബൗണ്ടറി കടത്തി തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എ ടീമിന് തുടക്കത്തിലേ മുഹമ്മദ് സിറാജിന്റെയും അർശ്ദീപ് സിങ്ങിന്റെയും പ്രഹരമാണേറ്റത്. 13 റൺസ് കൂട്ടിച്ചേർക്കവേ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ആൻഡ്രീസ് ഗൗസിനെയും, മുക്കമല്ലയെയും സിറാജ് പുറത്താക്കിയപ്പോൾ ക്യാപ്റ്റൻ മോണാങ്ക പട്ടേലിനെ അർശ്ദീപുമാണ് പുറത്താക്കിയത്. പുറകെ വന്ന മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂർത്തിയും ചേർന്ന് 58 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും കാര്യമുണ്ടായില്ല. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് യുഎസ്എ സ്കോർ ചെയ്‍തത്.
ഫെബ്രുവരി 12 വ്യാഴാഴ്ച രാത്രി 7 മണിക്ക് നമീബിയക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.