വാങ്കഡെയിൽ റസൽ വെടിക്കെട്ട്; കൊൽക്കത്തയ്ക്ക് മിന്നും ജയം

എട്ട് സിക്‌സറും രണ്ട് ബൗണ്ടറികളും അടങ്ങിയതായിരുന്നു റസലിന്റെ ഇന്നിങ്‌സ്.

Update: 2022-04-01 17:12 GMT
Editor : Nidhin | By : Web Desk
Advertising

മുംബൈ: പഞ്ചാബ് കിങ്‌സ് ഉയർത്തിയ 138 എന്ന വിജയലക്ഷ്യം മറിക്കടക്കാൻ റസൽ എന്ന മനുഷ്യൻ ധാരാളമായിരുന്നു കൊൽക്കത്തയ്ക്ക്. റസലിന്റെ വെടിക്കെട്ടിന്റെ ചൂട് ഒന്നൂടി കണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയം. 15.2 ഓവറിൽ അവർ വിജയലക്ഷ്യം മറികടന്നു.

ഓപ്പണിങ് ഇറങ്ങിയ രഹാനെയും (12) വെങ്കിടേഷ് അയ്യറും (3) പവർ പ്ലേ പൂർത്തിയാകും മുമ്പ് തിരികെ മടങ്ങിയെങ്കിലും പിന്നാലെയത്തിയ നായകൻ ശ്രേയസ് അയ്യർ അഞ്ച് ബൗണ്ടറികളോടെ കളം നിറഞ്ഞതോടൈ കൊൽക്കത്തയുടെ സ്‌കോർ ബോർഡിന്റ വേഗം കൂടി. പക്ഷേ സ്‌കോർ 51 ൽ നിൽക്കവേ 26 റൺസോടെ ശ്രേയസും രണ്ടു പന്തുകൾക്കപ്പുറം നിതീഷ് റാണയും വീണതോടെ കൊൽക്കത്ത പതറി. പക്ഷേ പിന്നീട് വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ആന്ദ്ര റസൽ എന്ന കരീബിയൻ കരുത്തിന്റെ വെടിക്കെട്ടിനായിരുന്നു. സാം ബില്ലിങ്‌സിനെ ഒരു വശത്ത് നിർത്തി റസൽ പഞ്ചാബ് ബോളർമാരെ കണക്കിന് ശിക്ഷിച്ചു. ഒടുവിൽ മിന്നൽ അർധ സെഞ്ച്വറിയുമായി റസൽ കളം വിടുമ്പോൾ കൊൽക്കത്തയുടെ വിജയ പതാക പഞ്ചാബിന് മുകളിൽ പറന്നിരുന്നു. 31 പന്തിൽ 70 റൺസായിരുന്നു റസൽ നേടിയത്. എട്ട് സിക്‌സറും 2 ബൗണ്ടറികളും അടങ്ങിയതായിരുന്നു റസലിന്റെ ഇന്നിങ്‌സ്.

സാം ബില്ലിങ്‌സ് 23 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി രാഹുൽ ചഹർ രണ്ടു വിക്കറ്റും കഗിസോ റബാദ, ഒടേൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും നേടി.

നേരത്തെ ഉമേഷ് യാദവിന്റെ ആഞ്ഞടിയിലാണ് പഞ്ചാബ് കപ്പൽ തകർന്നടിഞ്ഞത്. അവസാന ഓവറുകളിൽ കഗിസോ റബാദ തിരിച്ചടിച്ചതോടെയാണ് പഞ്ചാബിന് പൊരുതാവുന്ന സ്‌കോർ ലഭിച്ചത് . ഉമേഷ് യാദവ് നാല് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവർ പൂർത്തിയാക്കും മുമ്പ് തന്നെ നായകൻ മായങ്ക് അഗർവാളിന്റെ (1) വിക്കറ്റ് നഷ്ടമായി. പിന്നാലെയെത്തിയ ഭാനുക രജപക്ഷയുടെ മിന്നൽ ഇന്നിങ്‌സാണ് തുടക്കത്തിലെ വിക്കറ്റ് വീഴ്ചയുടെ കേട് തീർത്തത്. മൂന്നാം ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറുമാണ് രജപക്ഷ അടിച്ചെടുത്തത്. ആ ഓവറിൽ തന്നെ രജപക്ഷ മടങ്ങിയെങ്കിലും കേവലം ഒമ്പത് ബോളിൽ രജപക്ഷ നേടിയ 31 റൺസ് പവർപ്ലേയിൽ പഞ്ചാബ് ഇന്നിങ്‌സിന് അനുഗ്രഹമായി. പിടിച്ചുനിൽക്കാൻ ശ്രമിച്ച ശിഖർ ധവാന് കാര്യമായി ഒന്നും ചെയ്യാനായില്ല 15 പന്തിൽ 16 റൺസുമായി സൗത്തിക്ക് വിക്കറ്റ് നൽകി ധവാൻ മടങ്ങി. ധവാൻ വീണതിന് പിന്നാലെ പ്രതിരോധത്തിലായ പഞ്ചാബിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നീട് കൃത്യമായ ഇടവേളകളിൽ ലിയാം ലിവിങ് സ്റ്റോണും (19) രാജ് ബാവയും (11) മടങ്ങിയതോടെ പത്തോവർ പൂർത്തിയാകും മുമ്പ് പഞ്ചാബിന്റെ അഞ്ച് ബാറ്റ്‌സ്മാൻമാർ കൂടാരം കയറി.

ആഞ്ഞടിക്കുമെന്ന്് പ്രതീക്ഷിച്ച ഷാരൂഖ് ഖാൻ റൺസൊന്നും നേടാതെ മടങ്ങി. പിന്നാലെ 18 പന്തിൽ 14 റൺസുമായി ഹർപ്രീത് ബ്രാറും മടങ്ങി. രാഹുൽ ചഹറിനും സ്‌കോർ ബോർഡ് തുറക്കാനായില്ല. അവസാന ഓവറുകളിൽ റബാദയുടെ കൂറ്റനടികളാണ് പഞ്ചാബിന് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്.

25 റൺസുമായി റബാദ മടങ്ങിയതോടെ തൊട്ടടുത്ത പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച് അർഷദീപ് പുറത്തായതോടെ പഞ്ചാബിന്റെ ഇന്നിങ്‌സ് 137 ൽ അവസാനിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News