രാഹുല്‍ പുറത്തേക്കോ? മറുപടിയുമായി കോച്ച്

മൂന്ന് മത്സരങ്ങളിൽ നിന്ന് 22 റൺസാണ് ടി20 ലോകകപ്പില്‍ കെ.എല്‍ രാഹുലിന്‍റെ ആകെ സമ്പാദ്യം

Update: 2022-11-01 13:34 GMT
Advertising

ടി20 ലോകകപ്പിൽ മോശം ഫോം തുടരുകയാണ് ഇന്ത്യയുടെ ഓപ്പണർമാർ. ക്യാപ്റ്റൻ രോഹിത് ശർമയുടേയും കെ.എൽരാഹുലിന്‍റേയും ഫോമില്ലായ്മ ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. നെതർലന്‍റിനെതിരെ അർധ സെഞ്ച്വറി നേടാനായെങ്കിലും പാകിസ്താനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ക്യാപ്റ്റൻ രോഹിത് ശർമ അമ്പേ പരാജയമായിരുന്നു.  കെ.എൽ രാഹുലിനാവട്ടെ ദുർബലരായ നെതർലന്‍റിനെതിരെയും ഫോം കണ്ടെത്താനായില്ല.

മൂന്ന് മത്സരങ്ങളിൽ നിന്ന് 22 റൺസാണ് താരത്തിന്‍റെ ആകെ സമ്പാദ്യം. രാഹുലിനെതിരെ വലിയ വിമർശനങ്ങളാണ് ആരാധകർ ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിൽ രാഹുലിനെ കോച്ച് പുറത്തിരിത്തുമെന്ന രീതിയില്‍ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായെത്തിയിരിക്കുകയാണിപ്പോള്‍ ഇന്ത്യൻ പരിശീലകന്‍ രാഹുൽ ദ്രാവിഡ്.  രാഹുല്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള കളിക്കാരനാണ് എന്നും അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്നും ദ്രാവിഡ് പറഞ്ഞു. 

''രാഹുൽ മികച്ച കളിക്കാരനാണ്. നല്ല ട്രാക്ക് റെക്കോർഡ് ഉണ്ട് അവന്. ഈ സാഹചര്യങ്ങൾ എല്ലാ ബാറ്റർമാരും നേരിടുന്നതാണ്. ടോപ്പ് ഓർഡർ ബാറ്റർമാർക്ക് ഇത് അത്ര എളുപ്പമുള്ള സംഗതിയല്ല. ഈ ടൂർണമെന്‍റ് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പരിശീന മത്സരങ്ങളിൽ പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്ക് പോലുള്ള ബോളർമാർക്കെതിരെ മികച്ച രീതിയിലാണ് അവൻ ബാറ്റ് വീശിയത്. അവൻ ഉറപ്പായും തിരിച്ചെത്തുമെന്നാണ് എന്‍റെ വിശ്വാസം''- ദ്രാവിഡ് പറഞ്ഞു. തനിക്കും രോഹിത്തിനും ആരാണ് ഓപ്പണ്‍ ചെയ്യണമെന്നതില്‍ ഒരു സംശയവുമില്ലെന്നും കളിയില്‍ രാഹുല്‍ എത്രമാത്രം സ്വാധീനം ചെലുത്തും എന്നത് തനിക്കറിയാമെന്നും കോച്ച് വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നാളെ അഡ്‍ലൈഡില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമാണ് ഇരു ടീമുകളുടേയും സമ്പാദ്യം. ഇരു ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News