അപൂർവരോഗവുമായി കുട്ടി ക്രിക്കറ്റ് താരം; 31 ലക്ഷം നൽകി കെ.എൽ രാഹുൽ

കുട്ടിക്ക് അടിയന്തിരമായി ചെയ്യേണ്ട ബോൺമാരോ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപയായിരുന്നു ചെലവ്

Update: 2022-02-23 07:16 GMT
Advertising

അപൂർവരോഗം ബാധിച്ച 11 വയസ്സുകാരനായ കുട്ടിക്രിക്കറ്റ് താരത്തിന് ചികിത്സാ സഹായവുമായി ഇന്ത്യൻക്രിക്കറ്റ് താരം കെ.എൽ രാഹുൽ. മുംബൈ സ്വദേശിയായ വരദ് നലവാദെയുടെ ശസ്ത്രക്രിയക്ക് 31 ലക്ഷം രൂപയാണ് രാഹുൽ സഹായധനമായി നൽകിയത്. കുട്ടിക്ക് അടിയന്തിരമായി ചെയ്യേണ്ട ബോൺമാരോ ശസ്ത്രക്രിയക്ക് 35 ലക്ഷം രൂപയായിരുന്നു ചെലവ്. അതിൽ 31 ലക്ഷം രൂപയും നൽകാൻ രാഹുൽ തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവവരോഗം ബാധിച്ച് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഞ്ചാം ക്ലാസുകാരനായ വരദ്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞതിനെത്തുടർന്ന് വരദിന്റെ പ്രതിരോധ ശേഷിയും കുറഞ്ഞു വരികയായിരുന്നു. ഇതോടെ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.

എന്നാൽ സാമ്പത്തികമായി വളരേയേറെ പിന്നാക്കം നിൽക്കുന്ന വരദിന്റെ കുടുംബത്തിന് ശസ്ത്രക്രിയക്ക് ആവശ്യമായ ഭീമമായ തുക വഹിക്കാൻ കഴിയില്ലായിരുന്നു. ഇതോടെ കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ ചികിത്സാ സഹായത്തിനായി രക്ഷിതാക്കൾ അക്കൗണ്ട് രൂപീകരിച്ചു. സോഷ്യൽ മീഡിയയിലൂടെ കുട്ടിയുടെ അപൂർവ രോഗത്തെക്കുറിച്ച വിവരം അറിഞ്ഞപ്പോഴാണ് കെ.എൽ രാഹുൽ സഹായ ഹസ്തവുമായി എത്തിയത്.

ചികിത്സതക്കാവശ്യമായ തുകയുടെ വലിയൊരു ശതമാനം ലഭിച്ചതോടെ വരദ് ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയക്ക് ശേഷം വരദ് സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു. വരദ് സുഖം പ്രാപിച്ചു വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും വേഗം തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും കെ.എൽ രാഹുൽ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News