17 കോടിക്ക് ലക്‌നൗവിൽ; ഐ.പി.എല്‍ പ്രതിഫലത്തിൽ രാഹുല്‍ ഇനി കോഹ്‍ലിക്കൊപ്പം ഒന്നാമൻ

രാഹുലിന് പുറമെ ആസ്‌ട്രേലിയൻ ഓൾറൗണ്ടറായ മാർക്കസ് സ്‌റ്റോയ്‌നിസിനെയും ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയിയേയും ലകനൗ ടീമിലെത്തിച്ചു

Update: 2022-01-22 15:42 GMT

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരമെന്ന റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്കോപ്പം കെ.എൽ രാഹുൽ പങ്കുവക്കും. ഐ.പി.എൽ 15ാം സീസണിലെ പുതിയ ടീമായ ലക്‌നൗവാണ് കെ.എൽ രാഹുലിനെ 17 കോടി രൂപക്ക് സ്വന്തമാക്കിയത്. 2018 ൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് കോഹ്‍ലിയെ ടീമിൽ നിലനിർത്തിയത് 17 കോടിക്കാണ്. ഇതായിരുന്നു ഇതുവരെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലത്തുക. ഇനി കോഹ്‍ലിക്കൊപ്പം കെ.എൽ രാഹുലും ഈ റെക്കോർഡ് പങ്കുവക്കും. 2013 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ തന്‍റെ ഐ.പി.എൽ കരിയറാരംഭിച്ച രാഹുൽ സൺറൈസേഴ്‌സ് ഹൈദരാബാദിനും പഞ്ചാബ് കിങ്സിനും വേണ്ടി പാഡു കെട്ടിയിട്ടുണ്ട്.

Advertising
Advertising

കെ.എൽ രാഹുലിന് പുറമെ ആസ്‌ട്രേലിയൻ ഓൾറൗണ്ടറായ മാർക്കസ് സ്‌റ്റോയ്‌നിസിനെയും ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയിയേയും ലക്‌നൗ  ടീമിലെത്തിച്ചു. സ്‌റ്റോയ്‌നിസിന് 9.2 കോടി രൂപയും ബിഷ്‌ണോയ്ക്ക് 4 കോടി രൂപയുമാണ് പ്രതിഫലത്തുക. മൂന്നു താരങ്ങളെ വൻതുകക്ക് സ്വന്തമാക്കിയതോടെ അടുത്ത മാസം നടക്കുന്ന താരലേലത്തിൽ ചെലവഴിക്കാൻ 58 കോടി രൂപയാണ് ലക്‌നൗവിന്റെ  കയ്യിൽ ഇനി ബാക്കിയുള്ളത്. കെ.എൽ രാഹുലാണ് ലക്‌നൗ ടീമിന്റെ ക്യാപ്‌റ്റന്‍.

ഐ.പി.എല്ലിലെ മറ്റൊരു പുതിയ ടീമായ അഹ്‌മദാബാദ് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയേയും അഫ്ഗാൻ ലെഗ്‌സ്പിന്നർ റാഷിദ് ഖാനെയും ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗില്ലിനേയും ടീമിലെത്തിച്ചു. 15 കോടി വീതമാണ് ഹർദിക് പാണ്ഡ്യക്കും റാഷിദ് ഖാനും ടീം പ്രതിഫലത്തുകയായി നൽകുക. ശുഭ്മാൻ ഗില്ലിന് 8 കോടിയാണ് പ്രതിഫലത്തുക. താരലേലത്തിൽ ചെലവഴിക്കാൻ 52കോടി രൂപയാണ് അഹ്‍മദാബാദിന്റെ കയ്യിൽ ഇനി ബാക്കിയുള്ളത്. ഹർദിക് പാണ്ഡ്യയാണ് അഹ്‍മദാബാദ് ക്യാപ്റ്റൻ. കഴിഞ്ഞ ഒക്ടോബറിലാണ് ഐ.പി.എല്ലിലെ പുതിയ ടീമുകളെ പ്രഖ്യാപിച്ചത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News