പഹൽഗാം ഭീകരാക്രമണം: ഇരകളുടെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെ എന്ന് കോഹ്‍ലി, ​തീവ്രവാദികൾക്ക് ഒരു ദയയുമില്ലാത്ത ശിക്ഷ നൽകണമെന്ന് സിറാജ്

Update: 2025-04-23 13:01 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി:​ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി വിരാട് കോഹ്‍ലി പ്രതികരിച്ചപ്പോൾ തീവ്രവാദികളെ ഒരു ദയയുമില്ലാതെ ശിക്ഷിക്കണമെന്ന് മുഹമ്മദ് സിറാജ് പ്രതികരിച്ചു.

‘‘ഹൽഗാമിൽ നിഷ്കളങ്കരായ മനുഷ്യർക്ക് മേലുണ്ടായ ആക്രമണത്തിൽ അതിയായ ദുഖം രേഖപ്പെടുത്തുന്നു. ഇരകളായ കുടുംബത്തിന് അനുശോചനങ്ങൾ നേരുന്നു. ഈ ക്രൂരകൃത്യത്തിന് ഇരയായവരുടെ കുടുംബത്തിന് കരുത്ത് ലഭിക്കട്ടെയെന്നും സമാധാനം ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു’’ -വിരാട് കോഹ്‍ലി പ്രതികരിച്ചു.

Advertising
Advertising

‘‘ഈ അസഹനീയമായ വേദനയിൽ നിന്നും അതിജീവിക്കാൻ കുടുംബങ്ങൾക്ക് കരുത്തുണ്ടാകട്ടെ. ഈ വേദനക്ക് ഞങ്ങളെല്ലാം ക്ഷമചോദിക്കുന്നു. ഈ ​ഭ്രാന്ത് അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ തീവ്രവാദികളെയും കണ്ടെത്തുകയും ഒരു ദയയുമില്ലാത്ത വിധം ശിക്ഷിക്കുകയും വേണം’’ -സിറാജ് ട്വീറ്റ് ചെയ്തു.

‘‘ഇരയാക്കപ്പെട്ട കുടുംബങ്ങൾ സങ്കൽപ്പിക്കാനാകാത്ത വേദനയിലൂടെയാണ് കടന്നുപോകുന്നത്.ഈ ഇരുണ്ട സമയത്ത് ഇന്ത്യയും ലോകവും അവരോടൊപ്പം നിലയുറപ്പിക്കുന്നു. ജീവൻ നഷ്ടമായതിൽ വേദനിക്കുന്നതോടൊപ്പം നീതിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു’’ -സചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്- മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു. മരിച്ചവരോട് ആദര സൂചകമായി താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാകും കളത്തിലിറങ്ങുക. മാച്ച് ഒഫീഷ്യൽസും ആംബാൻഡ് അണിയും.

കളിക്ക് ശേഷമുള്ള വെടിക്കെട്ടോ മത്സരത്തിനിടയിലുള്ള ചീയർ ലീഡർമാരുടെ പ്രകടനങ്ങളോ ഉണ്ടാകില്ല. മത്സരം തുടങ്ങും മുമ്പ് ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കും. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. എട്ട് കളികളിൽ എട്ട് പോയന്റുള്ള മുംബൈ ഇന്ത്യൻസ് പോയന്റ് പട്ടികയിൽ ആറാമതാണ്. ഏഴ് കളികളിൽ നാലു പോയന്റ് മാത്രമുള്ള ഹൈദരാബാദ് ഒൻപതാമതും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News