ഇനി ഒന്നാമൻ; മുഹമ്മദ് സിറാജ് ഏകദിന ബോളിങ് റാങ്കിലെ രാജാവ്

ഒമ്പതാം റാങ്കിൽ നിന്നുമാണ് ഒന്നിലേക്കുള്ള ഈ ഹൈദരാബാദുകാരന്റെ കുതിപ്പ്.

Update: 2023-09-20 11:47 GMT

ഏകദിന ബോളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ മിന്നുംതാരം മുഹമ്മദ് സിറാജ് ഒന്നാമത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ പ്രകടനമാണ് സിറാജിന്റെ നേട്ടത്തിന് തുണയായത്. ഒമ്പതാം റാങ്കിൽ നിന്നുമാണ് ഒന്നിലേക്കുള്ള ഈ ഹൈദരാബാദുകാരന്റെ കുതിപ്പ്. 694 പോയിന്റോടെയാണ് സിറാജ് ബോളിങ് റാങ്കിലെ രാജാവായത്.

ഫൈനലിൽ ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ ഏഷ്യാ കപ്പില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വെറും 50 റണ്‍സിന് ചുരുട്ടിക്കെട്ടാൻ ഇന്ത്യക്കായി. മറുപടി ബാറ്റിങ്ങിൽ കേവലം 6.1 ഓവറിൽ രോഹിതും സംഘവും ലക്ഷ്യം കാണുകയും ചെയ്തിരുന്നു. സിറാജ് എറിഞ്ഞ നാലാം ഓവറാണ് ഇന്ത്യക്ക് ഏറെ നിര്‍ണായകമായത്.

Advertising
Advertising

ആ ഓവറില്‍ നാല് ശ്രീലങ്കന്‍ ബാറ്റര്‍മാരാണ് കൂടാരം കയറിയത്. നാലാം ഓവറിലെ ആദ്യ പന്തിൽ നിസംഗയെ ജഡേജയുടെ കൈയിലെത്തിച്ചാണ് സിറാജ് ലങ്കാദഹനത്തിന് തുടക്കമിട്ടത്. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ അസലങ്കയെ ഇഷാൻ കിഷന്റെ കൈയിലെത്തിച്ചു. അഞ്ചാം പന്തിൽ ബൗണ്ടറി പായിച്ച ദനഞ്ജയയെ ആറാം പന്തിൽ രാഹുലിന്റെ കൈയിലെത്തിച്ച് സിറാജ് ലങ്കയുടെ അടിവേരിളക്കി.

പിന്നീട് ആറാം ഓവർ എറിയാനെത്തിയ സിറാജ് നാലാം പന്തിൽ ദസൂൻ ശനകയുടെ കുറ്റി തെറിപ്പിച്ച് മൂന്നോവറിൽ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച കുശാല്‍ മെന്‍ഡിസിന്‍റെ മിഡില്‍ സ്റ്റമ്പ് 11ാം ഓവറില്‍ സിറാജ് തെറിപ്പിച്ചു. പിന്നീടൊക്കെ ചടങ്ങുകള്‍ മാത്രമായിരുന്നു. ഒടുവിൽ, വെറും 50 റൺസിൽ ശ്രീലങ്കയുടെ എല്ലാവരും കൂടാരം കയറുകയായിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന ജയമടക്കം ഒരുപിടി റെക്കോര്‍ഡുകളാണ് ഏഷ്യാ കപ്പ് കലാശപ്പോരില്‍ പിറവിയെടുത്തത്. 263 പന്ത് ബാക്കി നിൽക്കേയാണ് ഇന്ത്യ ജയം കുറിച്ചത്. 2001ൽ 231 പന്ത് ബാക്കി നിൽക്കേ കെനിയക്കെതിരെ നേടിയ വിജയത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ഒപ്പം ഇന്ത്യയുടെ വിജയശില്‍പ്പിയായ സിറാജും ചരിത്രപുസ്തകത്തില്‍ തന്‍റെ പേരെഴുതിച്ചേര്‍ക്കുകയായിരുന്നു. ഒരോവറില്‍ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബോളറായി ഈ 29കാരൻ മാറി. ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണിത്. അവിടം കൊണ്ടും തീർന്നില്ല. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സിറാജ് മത്സരശേഷം തനിക്ക് ലഭിച്ച സമ്മാനത്തുക പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ക്ക് സമ്മാനിച്ച് ആരാധക മനസും കീഴടക്കി.

മാന്‍ ഓഫ് ദ മാച്ച് മാച്ച് പുരസ്കാരമായി തനിക്ക് ലഭിച്ച 5000 ഡോളറാണ് (16 ലക്ഷത്തോളം ശ്രീലങ്കൻ രൂപ) സിറാജ് ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചത്. ഗ്രൗണ്ട് സ്റ്റാഫുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്‍റ് വിജയകരമായി നടക്കില്ലായിരുന്നു എന്നും ഈ തുക അവര്‍ക്കുള്ളതാണെന്നും സിറാജ് സമ്മാനദാനച്ചടങ്ങിനിടെ പറഞ്ഞിരുന്നു. ഫൈനലിൽ തീപ്പൊരി പ്രകടനം കാഴ്ചവച്ച സിറാജിനെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News