'പിതാവ് ഓട്ടോ ഡ്രൈവറാണ്; അതെനിക്ക് അപമാനമല്ല, കരുത്താണ്'- ട്രോളുകൾക്ക് മറുപടിയുമായി സിറാജ്
ഇൻസ്റ്റഗ്രാമിൽ കുടുംബചിത്രം പങ്കുവെച്ചാണ് താരം ട്രോളുകൾക്ക് മറുപടി നൽകിയത്.
ഹൈദരാബാദ്: അന്തരിച്ച പിതാവിന്റെ ജോലി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചവർക്ക് ചുട്ടമറുപടി നൽകി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഓട്ടോ ഡ്രൈവറായിരുന്നു പിതാവിന്റെ ജോലി തനിക്ക് അപമാനമല്ലെന്നും തന്റെ ശക്തിയാണ് അതെന്നും കുടുംബ ഫോട്ടോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ സിറാജ് കുറിച്ചു. കളിക്കളത്തിൽ മോശം പ്രകടനം നടത്തിയാൽ പിതാവിനെപ്പോലെ ഓട്ടോ ഓടിക്കാൻ പോകൂ.. എന്നാണ് തനിക്ക് നേരെ പരിഹാസമായി വരുന്നതെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പങ്കുവെച്ചു. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
'ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു ഓട്ടോഡ്രൈവറുടെ മകൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കും എന്ന് ആരെങ്കിലും കരുതിയിരുന്നോ? കുട്ടികൾ ഓരോരുത്തരും എന്റെ അടുത്ത് വന്ന് ഇന്ത്യക്ക് വേണ്ടി ഒരു ദിവസം കളിക്കും എന്ന് ആവേശത്തോടെ പറയുമ്പോൾ ഞാൻ അഭിമാനത്തോടെ ചിരിക്കും. എന്നാൽ ഞാൻ വന്ന പശ്ചാത്തലം ചൂണ്ടി എന്നെ അധിക്ഷേപിക്കുന്നവരുമുണ്ട്. പ്രകടനം മോശമായാൽ ചിലർ പറയുക പോയി നിന്റെ പിതാവിനെ പോലെ പോലെ ഓട്ടോ ഓടിക്കാൻ പോകൂ എന്നാണ്-സിറാജ് പറഞ്ഞു.
'പിതാവിന്റെ ജോലി എനിക്കൊരു അപമാനമല്ല, മറിച്ച് എന്റെ കരുത്താണത്. കഠിനാദ്ധ്വാനത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തലഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ പറഞ്ഞത് പിതാവാണ്. എല്ലാ ദിവസവും പരിശീലനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ വിശപ്പിന്റെ വില എന്താണെന്ന് ഞാൻ ശരിക്കും അറിഞ്ഞിരുന്നു. ഓരോ തവണയും ആളുകൾ എന്നെ അവഗണിക്കുമ്പോഴും ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു. വർഷങ്ങൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ഞാനിപ്പോൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാൽ എന്റെ യാത്രയെ ഒരു സ്റ്റീരിയോടൈപ്പാക്കി മാറ്റാൻ ഓൺലൈനിൽ കുറച്ചുവാക്കുകൾ മതി'-സിറാജ് കൂട്ടിചേർത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഇടംപിടിച്ച സിറാജ് പരിശീലനത്തിലാണിപ്പോൾ.