പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്ന് പാകിസ്താൻ ; പിന്നാലെ യുഎഇക്കെതിരെ കളത്തിലിറങ്ങി
ദുബൈ : ഏഷ്യ കപ്പിലെ ഇന്ത്യ - പാക് മത്സര വിവാദത്തിന് പിന്നാലെ മാച്ച് അമ്പയർ ആൻഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞെന്ന് പാകിസ്താൻ. യുഎഇക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ നിന്നും പാകിസ്താൻ പിന്മാറുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ മാപ്പപേക്ഷ. ഇതോടെ 7:30 ന് നടക്കേണ്ടിയിരുന്ന പാക് - യുഎഇ മത്സരം ഒമ്പത് മണിയോടെ ആരംഭിച്ചു.
സെപ്റ്റംബർ 14 ന് നടന്ന ഇന്ത്യ - പാക് മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ പാക് കളിക്കാരുമായി കൈകൊടുക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മത്സരത്തിന് പിന്നാലെ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റ് ഐസിസി ചട്ടലംഘനം നടത്തിയെന്ന് ആരോപണവുമായി പാക് ക്രിക്കറ്റ് ബോർഡ് നേരത്തെ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തെ തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് പിൻവലിച്ചില്ലെങ്കിൽ ടൂർണമെന്റ് ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു പാക് ബോർഡിന്റെ വാദം.