മാസായി മാർക്കണ്ടെ; ഒറ്റയാനായി ധവാൻ; ഹൈദരാബാദിന് വിജയലക്ഷ്യം 144 റൺസ്

ക്യാപ്റ്റൻ ശിഖർ ധവാന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് പഞ്ചാബ് ഇത്രയെങ്കിലും സ്‌കോർ നേടിയത്. 66 പന്തിൽ 99 പുറത്താവാതെ 99 റൺസെടുത്താണ് നായകൻ ടീമിനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

Update: 2023-04-09 16:35 GMT
Advertising

ഹൈദരാബാദ്: സ്വന്തം നാട്ടിൽ പഞ്ചാബിനെ എറിഞ്ഞൊതുക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. മാസ് ബൗളിങ്ങുമായി മായങ്ക് മാർക്കണ്ടെ നിറഞ്ഞാടിയപ്പോൾ പഞ്ചാബ് നിരയിൽ കണ്ടത് വിക്കറ്റ് മഴ. തുടക്കം തന്നെ പിഴച്ച് കളി തുടങ്ങിയ പഞ്ചാബ് ഹൈദരാബാദിന് മുന്നിൽ വച്ചിരിക്കുന്ന വിജയ ലക്ഷ്യം കേവലം 144 റൺസ്. ക്യാപ്റ്റൻ ശിഖർ ധവാന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് പഞ്ചാബ് ഇത്രയെങ്കിലും സ്‌കോർ നേടിയത്.

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 66 പന്തിൽ പുറത്താവാതെ 99 റൺസെടുത്താണ് നായകൻ ടീമിനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്. 15 പന്തിൽ 22 റൺസെടുത്ത സാം കരൻ മാത്രമാണ് ധവാനെ കൂടാതെ ടീമിൽ രണ്ടക്കം തികച്ച താരം. കഴിഞ്ഞ കളിയിൽ തിളങ്ങിയ ഓപണറായ പ്രഭ്‌സിമ്രൻ സിങ്ങിനെ ആദ്യ ഓവറിലെ ഒന്നാം പന്തിൽ തന്നെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി ഭുവനേശ്വർ കുമാർ പഞ്ചാബ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് സഹ ഓപണറായ ക്യാപ്റ്റൻ ശിഖർ ധവാൻ സ്‌കോർ ബോർഡ് പതുക്കെ മുന്നോട്ടു നീക്കിയെങ്കിലും മൂന്നാമനായെത്തിയ മാറ്റ് ഷോർട്ടിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ടീം സ്‌കോർ പത്തിൽ നിൽക്കെ രണ്ടാം ഓവറെറിഞ്ഞ മാർകോ ജാൻസെന്റെ രണ്ടാം ബോളിൽ എൽ.ഡി.ഡബ്ല്യു. മൂന്ന് പന്തിൽ ഒരു റൺ മാത്രം സംഭാവന നൽകി ഷോർട്ട് പുറത്തേക്ക്.

തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജിതേഷ് ശർമ ഒൻപത് പന്ത് നേരിട്ടെങ്കിലും കേവലം നാല് റണ്ണെടുത്ത് കൂടാരം കയറി (22/3). ജാൻസന്റെ തന്നെ പന്തിൽ ഭുവനേശ്വർ കുമാർ പിടിച്ചാണ് താരം പുറത്തായത്. അഞ്ചാമനായെത്തിയ സാം കരൻ ഒരു സിക്‌സും മൂന്ന് ഫോറും പായിച്ച് 15 പന്തിൽ 22 റണ്ണെടുത്ത് നിൽക്കെ മായങ്ക് മാർക്കണ്ടെ വിക്കറ്റ് കൊയ്ത്ത് തുടങ്ങി. മാർക്കണ്ടെയുടെ പന്തിൽ ഭുവനേശ്വർ കുമാർ പിടിച്ച് പുറത്താവുമ്പോൾ 15 പന്തിൽ 25 ആയിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്- (63/4). പിന്നാലെ മരത്തിൽ നിന്ന് ഇല പൊഴിയും പോലെ വിക്കറ്റുകൾ വീഴുന്നതാണ് കണ്ടത്. അപ്പോഴൊക്കെ ഇപ്പുറത്ത് തളരാതെ ഒറ്റയ്ക്ക് തീപ്പൊരി ബാറ്റിങ് തുടരുകയായിരുന്നു ധവാൻ. ടീം സ്‌കോർ 69ൽ എത്തുമ്പോൾ ഇംപാക്ട് പ്ലയറായ സിക്കന്ദർ റാസ ഉമ്രാൻ മാലിക്കിന്റെ പന്തിൽ മയങ്ക് അഗർവാൾ പിടിച്ച് പുറത്ത്.

ആറ് ബോൾ നേരിട്ട റാസയുടെ സംഭാവന അഞ്ച് റൺസ് മാത്രം. 74ാം റൺസിൽ ഷാരൂഖ് ഖാനും (മൂന്ന് പന്തിൽ നാല്), 77ാം റൺസിൽ ഹർപ്രീത് ബ്രാറും (രണ്ട് ബോളിൽ ഒന്ന്), 78ാം റൺസിൽ രാഹുൽ ചഹാറും 88ാം റൺസിൽ നഥാൻ എല്ലിസും പുറത്തായി. പൂജ്യരായായിരുന്നു ചഹാറിന്റേയും എല്ലിസിന്റേയും മടക്കം. 100 റൺസിനുള്ളിൽ പഞ്ചാബ് കൂടാരം കയറുമെന്ന് തോന്നിച്ച നിമിഷം. എന്നാൽ നായകന്റെ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി സ്‌കോർ ബോർഡ് ഉയർത്തിക്കൊണ്ടിരുന്നു. സിക്‌സറുകളും ബൗണ്ടറികളും തുരുതുരാ ആ ബാറ്റിൽ നിന്നും പിറന്നു. 15.5 ഓവറിലാണ് ടീം സ്‌കോർ 100 ആയത്. തുടർന്ന് 4.1 ഓവറിൽ 43 റൺസ് കൂടി കൂട്ടിച്ചേർത്ത് ഒടുവിൽ നിശ്ചിത ഓവർ അവസാനിക്കുമ്പോൾ ടീം സ്‌കോർ 143/9.

നാല് വിക്കറ്റുകൾ വീഴ്ത്തിയ മാർക്കണ്ടെയും രണ്ട് വീതം താരങ്ങളെ പുറത്താക്കിയ ഉമ്രാൻ മാലിക്കും മാർക്കോ ജാൻസനുമാണ് പഞ്ചാബ് നിരയുടെ നട്ടെല്ലൊടിച്ചത്. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് വീഴ്ത്തി. മുൻ കളിയിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനെ അഞ്ച് റൺസിനു തകർത്താണ് ഇന്ന് പഞ്ചാബ് ഹൈദരാബാദിനെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ഐഡൻ മാർക്രമിന്റെ നായകത്വത്തിലുള്ള ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. കളിച്ച രണ്ട് കളിയിലും വിജയവുമായാണ് പഞ്ചാബ് സൺറൈസേഴ്‌സിനെതിരെ ഇറങ്ങിയത്. എന്നാൽ രണ്ട് കളിയും പരാജയപ്പെട്ട് നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് ആതിഥേയരുടെ സ്ഥാനം.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News