പരിക്ക് വകവെക്കാതെ മടങ്ങിയെത്തി ഋഷഭ് പന്ത്
ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ; മഴ മൂലം മത്സരം തടസപ്പെട്ടു
മാഞ്ചസ്റ്റർ : ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴ മൂലം തടസപ്പെട്ടു. 105 ഓവർ പിന്നിട്ടതിന് പിന്നാലെയാണ് മഴയെത്തിയത്. 39 റൺസുമായി ഋഷബ് പന്തും വാഷിങ്ങ്ടൺ സുന്ദറുമാണ് ക്രീസിൽ. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ജഡേജയെ നഷ്ട്ടപ്പെട്ടു. ഇരുപത് റൺസ് എടുത്ത താരത്തെ ആർച്ചർ ബ്രൂക്കിന്റെ കൈകളിലെത്തിച്ചു.
പിന്നാലെയെത്തിയ വാഷിങ്ങ്ടൺ സുന്ദറിനെ കൂട്ട് പിടിച്ച് ശർദുൽ താക്കൂർ ഇന്ത്യൻ സ്‌കോർ ബോർഡ് ചലിപ്പിച്ചു. 41 റൺസിൽ നിൽക്കെ ബെൻ സ്റ്റോക്ക്സിന്റെ പന്തിൽ മികച്ചൊരു ക്യാച്ചിലൂടെ ബെൻ ഡക്കറ്റ് പുറത്താക്കി. പിന്നാലെ സിറാജിനെയോ ബുംറയേയോ പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ കാണികളെ ഞെട്ടിച്ചുകൊണ്ട് ഋഷബ് പന്ത് മടങ്ങിയെത്തി. ക്രിസ് വോക്ക്സിന്റെ പന്തിൽ കാലിന് പരിക്കേറ്റ താരം കഴിഞ്ഞ ദിവസം റിട്ടയർഡ് ഹർട്ടായി പുറത്തുപോയിരുന്നു.
മഴയുടെ വരവോടെ അമ്പയർമാർ മത്സരം ലഞ്ചിന് പിരിഞ്ഞതായി പ്രഖ്യാപിച്ചു.