ദക്ഷിണാഫ്രിക്കയിൽ നിന്നൊരു നേട്ടം: എലൈറ്റ് പട്ടികയിലേക്ക് സഞ്ജു സാംസണും

ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ നിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം

Update: 2023-12-24 13:59 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: അവ​ഗണനയുടെ കയ്പേറിയ അനുഭവങ്ങളുടെ കഥയാണ് ഇന്ത്യൻ ടീമിലെ മലയാളി സൂപ്പർതാരം സഞ്ജു സാംസണ് പറയാനുള്ളത്. ലഭിക്കുന്ന ഓരോ അവസരങ്ങളിലും കിടിലൻ പ്രകടനത്തിലൂടെ താൻ‍ നേരിട്ട അവ​ഗണനയ്ക്ക് ബാറ്റുകൊണ്ട് മറുപടി നൽകാറുമുണ്ട് ഈ 29കാരൻ.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ മിന്നും പ്രകടനമായിരുന്നു അതിൽ ഒടുവിലത്തേത്. പാളിലെ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 108 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ സെ‍ഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡ് കരസ്ഥമാക്കിയ സഞ്ജു മറ്റൊരു നേട്ടത്തിലും മുത്തമിട്ടിരിക്കുകയാണ്.

ഇന്ത്യക്കായി അമ്പതോ(50) അതിന് മുകളിലോ ശരാശരിയിൽ 500 റൺ‍സ് തികയ്ക്കുന്ന ബാറ്റർമാരുടെ എലൈറ്റ് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് നമ്മുടെ മലയാളി താരം. കരിയറിലെ 16-ാം ഏകദിനത്തിൽ സെഞ്ച്വറി നേട്ടം കൈവരിച്ച സഞ്ജു ഈ ഫോർമാറ്റിൽ മുമ്പ് 50ന് മുകളിൽ ശരാശരിയിൽ 500 റൺസ് നേടിയ വിരാട് കോഹ്‌ലി, എം.എസ് ധോണി, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ എന്നീ സൂപ്പർ താരങ്ങളുടെ എലൈറ്റ് പട്ടികയിലാണ് ഇടം നേടിയത്.

2021ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസൺ 2 വർഷത്തിനും 4 മാസത്തിനും ശേഷമാണ് പുതിയ റെക്കോർഡോടെ ശതകം കുറിക്കുന്നത്. 16 ഏകദിന മത്സരങ്ങളിൽ നിന്ന് 56.66 എന്ന മികച്ച ശരാശരിയിൽ 510 റൺസാണ് താരത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ 3 മത്സരങ്ങൾ കളിച്ചതിൽ 2 ഇന്നിങ്‌സുകളിൽ നിന്ന് 60.00 ശരാശരിയിൽ 120 റൺസ് നേടിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ മത്സരത്തിൽ ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച സഞ്ജു സ്‌കോറും നേടി. ഏകദിന കരിയറിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്.

സെഞ്ച്വറി പ്രകടനത്തോടെ മറ്റൊരു നേട്ടത്തിലും സഞ്ജു മുത്തമിട്ടു. സച്ചിനും ​ഗാം​ഗുലിക്കും ശേഷം പാളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന പതക്കമാണ് സഞ്ജു നെഞ്ചിലണിഞ്ഞിരിക്കുന്നത്. 2001ലാണ് ഈ ഗ്രൗണ്ടിൽ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും ഏകദിനത്തിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയത്. 22 വർഷത്തിന് ശേഷമാണ് ഈ പട്ടികയിൽ സഞ്ജു സാംസൺ തന്റെ സാന്നിധ്യം എഴുതിച്ചേർത്തിരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News