2018ന് ശേഷം വീണ്ടും ഐപിഎൽ സെഞ്ച്വറി; ഗ്രൗണ്ടിൽ മതിമറന്നാഘോഷിച്ച് ഋഷഭ് പന്ത്- വീഡിയോ
ആർസിബിക്കെതിരെ 61 പന്തിൽ 118 റൺസുമായി പന്ത് പുറത്താകാതെ നിന്നു
ലഖ്‌നൗ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സീസണിലെ അവസാന മത്സരത്തിൽ സെഞ്ച്വറിയുമായി തകർത്താടി നായകൻ ഋഷഭ് പന്ത്. 61 പന്തിൽ 11 ഫോറും എട്ട് സിക്‌സറും സഹിതം 118 റൺസുമായി പന്ത് പുറത്താകാതെ നിന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. മിച്ചൽ മാർഷ് അർധ സെഞ്ച്വറി(67)യുമായി ഋഷഭിന് മികച്ച പിന്തുണ നൽകി 2018ൽ ഡൽഹി ക്യാപിറ്റൽസിൽ നിൽക്കെ കന്നി സെഞ്ച്വറി സ്വന്തമാക്കി, ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഋഷഭ് പന്ത് വീണ്ടും മൂന്നക്കം തൊട്ടത്.
സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഗ്രൗണ്ടിൽ മലക്കംമറിഞ്ഞാണ് പന്ത് ആഘോഷിച്ചത്. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതൽ ആക്രമിച്ച് കളിച്ച ലഖ്‌നൗ നായകൻ സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തിൽ തന്റെ ഫേവറേറ്റ് ഷോട്ടുകളെല്ലാം കളിച്ചു. 3ാം ഓവറിൽ മാത്യൂ ബ്രീറ്റ്‌സ്‌കെ(14) മടങ്ങിയതോടെ വൺഡൗണായാണ് പന്ത് ക്രീസിലെത്തിയത്. തുടർന്ന് മാർഷിനെ കാഴ്ചക്കാരനാക്കി ആർസിബി ബൗളർമാരെ കണക്കിന് പ്രഹരിച്ചു.
Rishabh Pant’s bat does the talking again!
— Root Jaiswal (@JaiswalRoot) May 27, 2025
He slams his second century in IPL.
Rishabh Pant, LSGvsRCB, Century,#Lucknow pic.twitter.com/GtHG42VCSU
ഓസീസ് താരവും ട്രാക്കിലായതോടെ സ്‌കോർ കുതിച്ചു. ഇരുവരും ചേർന്ന് 152 റൺസാണ് രണ്ടാംവിക്കറ്റിൽ കൂട്ടിചേർത്തത്. മോശം ഫോമിന്റെ പേരിൽ നിരന്തരം പഴികേട്ട പന്തിന് അവസാന മത്സരത്തിൽ സെഞ്ച്വറി നേടാനായത് ആശ്വാസമായി. പരിക്കിൽ നിന്ന് മോചിതനായെത്തിയ ശേഷം ടി20യിൽ പന്തിന്റെ മികച്ച പ്രകടനമായിത്. പവർപ്ലെ ഓവറുകളിൽ 55 റൺസ് നേടിയ എൽഎസ്ജി മധ്യ,ഡെത്ത് ഓവറുകളിൽ ആഞ്ഞടിച്ചതോടെയാണ് സ്‌കോർ 200 കടന്നത്.