വാഹനാപകടത്തില്‍ പരിക്കേറ്റ ഋഷഭ് പന്തിനെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനാക്കി

താരം ഡെറാഡൂൺ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

Update: 2022-12-31 12:34 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനാക്കി. താരം ഡെറാഡൂൺ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉണ്ടായ മുറിവുകളും പോറലുകളും പരിഹരിക്കാനാണ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്. 

അപകടത്തില്‍ താരത്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കുണ്ട്. 

താരത്തിന്റെ ലിഗമെന്റ് ഇൻജുറിയും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. അതേസമയം ആരോഗ്യ നിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെ‍ഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കി. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ ഡെറാഡൂണില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ നര്‍സനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.  

പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിനു ശേഷം കാർ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തിറങ്ങിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News