കിരീടം ഉയർത്തിക്കാട്ടി രോഹിത്, ആർപ്പുവിളിച്ച് ആരാധകർ; ടീം ഇന്ത്യക്ക് ഉജ്ജ്വല സ്വീകരണം

കിരീടം കൈയില്‍പിടിച്ചാണ് രോഹിത് ബസിലേക്ക് കയറിയത്. പിന്നാലെ ഓരോ താരങ്ങളായി പുറത്തെത്തി ബസിലേക്ക്

Update: 2024-07-04 02:14 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ടി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ഉജ്ജ്വല സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നിരവധി ആരാധകരാണ് ഡൽഹി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്.

എഐസി 24 ഡബ്യുസി (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ്കപ്പ്) എന്ന ചാർട്ടേട് വിമാനത്തിലാണ് ലോക ചാംപ്യൻമാർ എത്തിയത്. ഐടിസി മൗര്യ ഹോട്ടലിലേക്കാണ് ടീം പോയത്. ലോകകപ്പ് ആകൃതിയില്‍ പ്രത്യേക കേക്ക് അവിടെ സജ്ജീകരിച്ചിട്ടുണ്ട്. ടീമിന് കനത്ത സുരക്ഷയൊരുക്കാൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രണ്ട് ബസുകളിലായാണ് ടീം ഹോട്ടലിലേക്ക് പുറപ്പെട്ടത്. 

Advertising
Advertising

രാവിലെ 6.57 ഓടെയാണ് താരങ്ങൾ വിമാനത്താവളത്തിനു പുറത്തെത്തി ബസുകളിലേക്കു കയറിയത്. വിരാട് കോഹ്‌ലിയാണ്‌ ആദ്യം പുറത്തെത്തിയത്. ആരാധകർ ടീമിനായി അവേശത്തിൽ മുദ്രാവാക്യം വിളിച്ചു. കിരീടം കൈയില്‍പിടിച്ചാണ് രോഹിത് ബസിലേക്ക് കയറിയത്. പിന്നാലെ ഓരോ താരങ്ങളായി പുറത്തെത്തി ബസിലേക്ക് കയറി.  നിർണായക ക്യാച്ച് എടുത്ത സൂര്യകുമാർ യാദവ് പുറത്തെത്തിയപ്പോഴും വലിയ രീതിയിൽ കരഘോഷം ഉണ്ടായി. 

രാവിലെ ആറുമണിയോടെയാണ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആരാധകര്‍ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലെത്തി.

ബാര്‍ബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്കുപോകും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News