ആരാധകന്റെ മുഖത്തടിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ; വിവാദം

പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷമാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്.

Update: 2024-01-08 10:57 GMT
Editor : Sharafudheen TK | By : Web Desk
Advertising

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാക്കിബ് അൽ ഹസൻ ആരാധകനെ മർദ്ദിച്ചതായി പരാതി. ആൾകൂട്ടത്തിനിടയിൽ വെച്ചാണ് 36 കാരൻ മുഖത്തടിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ താരത്തെ പ്രകോപിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷമാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്.

പിടിച്ചുതള്ളിയതാണ് പ്രകോപനകാരണമെന്ന് കരുതുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെതിരെ വ്യാപക കമന്റുകളാണുയർന്നത്. നേരത്തെയും ക്രിക്കറ്റ് മൈതാനങ്ങളിൽ ഷാക്കിക് അൽ ഹസൻ അമ്പയർമാരോടടക്കം മോശമായി പ്രതികരിച്ചിരുന്നു. പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി തിരിച്ചു മടങ്ങുമ്പോഴാണ് സംഭവമെന്നാണ് റിപ്പോർട്ട്. കൈകൊണ്ട് മുഖത്തടിച്ച ശേഷം താരം അതിവേഗം മടങ്ങുന്നതായാണ് വീഡിയോയിലുള്ളത്.

അതേസമയം, ഇലക്ഷനിൽ താരം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഒരുലക്ഷത്തി അൻപതിനായിരം വോട്ടിന്റെ വൻ ഭൂരിപക്ഷം നേടിയെന്നാണ് വിവരം. ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച താരമായ ഷാക്കിബ് ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. 247 ഏകദിനങ്ങളിൽ നിന്നായി 7570 റൺസാണ് നേടിയത്. കഴിഞ്ഞ ഏകദിന ലോകകപ്പിലും മികച്ച പ്രകടനമാണ് നടത്തിയത്. 66 ടെസ്റ്റിൽ നിന്നായി 4454 റൺസും 117 ട്വന്റി 20യിൽ നിന്നായി 2382 റൺസും നേടിയിട്ടുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News